മെഡിക്കല്‍ വിദ്യാഭ്യാസ രംഗവും ചികിത്സാമേഖലയും കുത്തഴിയും
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭയിലും പാസായതോടെ മെഡിക്കല്‍ വിദ്യാഭ്യാസ-ആതുര ശുശ്രൂഷാരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് വരാനിരിക്കുന്നത്. ബില്ലില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ദേശീയതലത്തില്‍ ബുധനാഴ്ച 24 മണിക്കൂര്‍ പണിമുടക്ക് സമരം നടത്തുകയുണ്ടായി. ഒഴിവുദിനമായതിനാലും ശസ്ത്രക്രിയാ വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കാതിരുന്നതിനാലും സമരം കാര്യമായി ബാധിച്ചിരുന്നില്ല. ഇന്നലെ രാജ്ഭവന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ബില്‍ കത്തിച്ച് പ്രതിഷേധിക്കുകയുണ്ടായി. വിഷയത്തില്‍ ഇന്നലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്യവ്യാപകമായി പഠിപ്പ് മുടക്കി സമരവും ചെയ്തു. ഇതൊന്നും വകവയ്ക്കാതെയാണ് ഇന്നലെ ബി.ജെ.പി സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. ഇനി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് ചാര്‍ത്തുന്നതോടെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നിയമമായി വരും.
ലോക്‌സഭയില്‍ ബില്‍ പാസാക്കിയതിനെതിരേയായിരുന്നു വിദ്യാര്‍ഥികളും ഡോക്ടര്‍മാരും സമരംചെയ്തത്. എന്നാല്‍ ഇനിയത് നിയമമാകാന്‍ പോവുകയാണ്. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഇ സുഗതനും സെക്രട്ടറി ഡോ. സുല്‍ഫി നൂഹും നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ആരോഗ്യ മേഖലയാകെ സ്തംഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അനിശ്ചിതകാല സമരം ഐ.എം.എ ആരംഭിക്കുകയാണെങ്കില്‍ അത് ശസ്ത്രക്രിയാ വിഭാഗത്തെയും അത്യാഹിത വിഭാഗത്തെയും ബാധിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കുക എന്ന ആശയത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെയുണ്ടായിരുന്ന മെഡിക്കല്‍ കൗണ്‍സില്‍ അഴിമതിയാരോപണത്തെ തുടര്‍ന്ന് 2010ല്‍ പിരിച്ചുവിട്ടിരുന്നു. 2014ല്‍ അധികാരത്തില്‍വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ മാറ്റം വരുത്തുകയായിരുന്നു. ബില്ലിലെ ഇപ്പോഴത്തെ വ്യവസ്ഥകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെയും ആതുര ശുശ്രൂഷാരംഗത്തെയും സാരമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡോക്ടര്‍മാരില്‍ നിന്നുള്ള എതിര്‍പ്പിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷം മുന്‍പ് രൂപംകൊണ്ട ബില്‍ പാസാക്കാതെ വച്ചിരിക്കുകയായിരുന്നു. ദേശീയ മെഡിക്കല്‍ കമ്മിഷന്‍, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ മേഖലയിലെ അനഭിലഷണീയമായ പ്രവണതകളെ ഇല്ലാതാക്കാന്‍ കഴിയുംവിധമായിരുന്നു 2010ല്‍ ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ബില്ലിന് രൂപം നല്‍കിയിരുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്ക് കമ്മ്യൂണിറ്റി ആരോഗ്യ സേവകരെന്ന പേരില്‍ ഗ്രാമീണ മേഖലകളില്‍ രോഗികളെ ചികിത്സിക്കാമെന്നാണ് മോദിസര്‍ക്കാര്‍ ബില്ലില്‍ കൊണ്ടുവന്ന ഒരു ഭേദഗതി. ചികിത്സകര്‍ക്ക് പരിമിതമായ തോതില്‍ ലൈസന്‍സ് നല്‍കാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മറ്റൊന്ന്, അവസാന വര്‍ഷം എം.ബി.ബി.എസ് പാസാകുന്ന വിദ്യാര്‍ഥികള്‍ ചികിത്സിക്കാനോ, ബിരുദാനന്തര ബിരുദത്തിന് പഠിക്കാനോ തയാറെടുക്കും മുമ്പ് നെക്‌സ്റ്റ് (നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ്) പാസാകണമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വ്യാപകമായ പ്രതിഷേധത്തിന് കാരണമായത് ഈ രണ്ടുവ്യവസ്ഥകളാണ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും നഴ്‌സുമാര്‍ക്കും കമ്മ്യൂണിറ്റി ആരോഗ്യ സേവകരെന്ന പേരില്‍ ഗ്രാമങ്ങളില്‍ ചികിത്സിക്കാന്‍ അനുമതി കിട്ടുമ്പോള്‍ മുറിവൈദ്യന്‍മാര്‍ ചികിത്സകരാകുന്ന കാലമായിരിക്കും വരിക. ഇവര്‍ക്ക് ഗ്രാമങ്ങളില്‍ മാത്രമേ ചികിത്സിക്കാന്‍ അനുവാദം ഉണ്ടാവുകയുള്ളൂ.
മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചികിത്സക്കൊരുങ്ങുന്ന ഡോക്ടര്‍മാര്‍ ഗ്രാമങ്ങളില്‍ സേവനം അനുഷ്ഠിക്കാന്‍ വിമുഖരാകുന്നത് കൊണ്ടാണ് കമ്മ്യൂണിറ്റി ആരോഗ്യ സേവകര്‍ക്ക് ചികിത്സിക്കാനുള്ള ലൈസന്‍സ് നല്‍കുന്നതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം. ചെരുപ്പിനൊത്ത് പാദം മുറിക്കുന്ന പരിഷ്‌ക്കരണമായിപ്പോയി ഇത്. ഗ്രാമീണരായ ദരിദ്രര്‍ വൈദഗ്ധ്യമില്ലാത്തവരുടെ ചികിത്സക്ക് വിധേയമായി മരിച്ചോട്ടെ എന്നാണോ സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലകളില്‍ ചികിത്സിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടത്. ഓരോ മനുഷ്യന്റെയും ജീവന്‍ ഗ്രാമീണനെന്നോ നഗരവാസിയെന്നോ വ്യത്യാസമില്ലാതെ വിലപ്പെട്ടതാണ്. ചികിത്സയുടെ പേരില്‍ അത് ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല. മുറിവൈദ്യന്‍മാര്‍ ആധുനിക ചികിത്സാരംഗം കൈയാളാന്‍ തുടങ്ങിയാല്‍ കൂട്ടമരണങ്ങളായിരിക്കും ഗ്രാമങ്ങളില്‍ സംഭവിക്കുക.
ആതുര ശുശ്രൂഷാരംഗത്ത് വൈദഗ്ധ്യം നേടിയവരും പ്രഗത്ഭരായ മെഡിക്കല്‍ വിദഗ്ധരും ഉള്‍ക്കൊള്ളുന്നതാകേണ്ടിയിരുന്നു മെഡിക്കല്‍ കമ്മിഷന്‍. എന്നാല്‍ മോദി സര്‍ക്കാര്‍ രൂപംകൊടുത്ത മെഡിക്കല്‍ കമ്മിഷനില്‍ ഭൂരിപക്ഷം പേരും കേന്ദ്രസര്‍ക്കാര്‍ നോമിനികളായിരിക്കും. സംസ്ഥാനങ്ങളില്‍നിന്നുള്ള മെംബര്‍മാരെയും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും. ഇതുവഴി ഫെഡറല്‍ സംവിധാനത്തെയാണ് മോദി സര്‍ക്കാര്‍ ഇതിലൂടെ തുരങ്കംവയ്ക്കുന്നത്. സമിതിയില്‍ പേരിന് മാത്രമേ ഡോക്ടര്‍മാര്‍ ഉണ്ടാവുകയുള്ളൂ. നേരത്തെയുണ്ടായിരുന്ന മെഡിക്കല്‍ കൗണ്‍സിലില്‍ സംസ്ഥാനങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാരായിരുന്നു മെംബര്‍മാരായിരുന്നത്.
എം.ബി.ബി.എസ് പരീക്ഷ പാസാകുന്ന വിദ്യാര്‍ഥികള്‍ ചികിത്സിക്കാന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന 'നെക്‌സ്റ്റ്' പാസാകണമെന്ന് വരുമ്പോള്‍ ഇതില്‍ കൃത്രിമം നടത്താനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ നിലവിലെ സമ്പ്രദായം ഉത്തമരായ ചികിത്സകരെ വാര്‍ത്തെടുക്കുന്നതായിരുന്നു. തിയറി, ക്ലിനിക്കല്‍, വാചാ പരീക്ഷ പാസായാല്‍ മാത്രമേ ചികിത്സിക്കാന്‍ നിയമം ഉണ്ടായിരുന്നുള്ളൂ. പി.ജി പഠനത്തിനാകട്ടെ നീറ്റ് പരീക്ഷ എന്ന കടമ്പയും കടക്കേണ്ടതുണ്ട്. ഇത് ഇല്ലാതാകുന്നതോടെ ചികിത്സാരംഗവും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയും കുത്തഴിയുമെന്നതിന് സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."