മുഖ്യമന്ത്രിയുടെ ഉത്തരവ് നടപ്പാക്കിയില്ല, പൊതുഭരണ വകുപ്പ് സെക്രട്ടറി തെറിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉത്തരവ് നടപ്പിലാക്കാത്ത പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തെറിച്ചു. സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കൃത്യമായ സേവനം ഉറപ്പാക്കാന്‍ ബയോമെട്രിക് പഞ്ചിങ് കര്‍ശനമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അട്ടിമറിച്ചതിനാണ് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ മാറ്റിയത്. അദ്ദേഹത്തെ അപ്രധാനമായ പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ഇന്നലെ മന്ത്രിസഭാ യോഗം മാറ്റി നിയമിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് പൊതുഭരണ വകുപ്പിന്റെ അധിക ചുമതല നല്‍കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മേയ് 19ന് ആണ് സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് കര്‍ശനമാക്കാന്‍ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബര്‍ 31നുള്ളിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, സര്‍ക്കാരിന്റെ ധനസഹായം വാങ്ങുന്ന ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 31നുള്ളിലും പഞ്ചിങ് മെഷിന്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി മെഷിന്‍ ബന്ധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. പഞ്ചിങ് മെഷിനുവേണ്ടി സംസ്ഥാനത്തെ പകുതിയോളം ഓഫിസുകളില്‍ നിന്നായി ഒന്‍പതു കോടിയുടെ ഓര്‍ഡര്‍ കെല്‍ട്രോണിനു ലഭിക്കുകയും ചെയ്തു.
നടപടികളുമായി കെല്‍ട്രോണ്‍ മുന്നോട്ടുപോകവേ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനം ബിശ്വനാഥ് സിന്‍ഹ മരവിപ്പിക്കുകയും പഞ്ചിങ് മെഷിനുകള്‍ സ്ഥാപിക്കുന്ന ജോലി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭരണാനുകൂല സര്‍വിസ് സംഘടനകളുടെ ഇടപെടലാണ് പഞ്ചിങ് മരവിപ്പിക്കാന്‍ കാരണമെന്നാണ് സൂചന. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."