ചിറക്കല്‍, ചെറുപുഴ ശുദ്ധജല പദ്ധതി പാതി വഴിയില്‍ നിലച്ചു; പ്രതിഷേധം ശക്തം
കയ്പമംഗലം: ചിറക്കല്‍, ചെറുപുഴ ശുദ്ധജല പദ്ധതി പാതി വഴിയില്‍ നിലച്ചതോടെ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ യു.ഡി.എഫ്‌സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതി എം.എല്‍.എയുടേയും കരാറുകാരന്റേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ മൂലമാണ് പാതി വഴിയില്‍ ഉപേക്ഷിക്കുന്നതിലേക്ക് എത്തിയതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. നിര്‍മാണത്തിലെ അനിശ്ചിതത്വം മൂലം പ്രദേശമാകെ വെള്ളക്കെട്ടിലായിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച് കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം നടത്തി നിര്‍മാണം ആരംഭിച്ച പദ്ധതിയില്‍ ചെറുപുഴ തോട് കനോലി കനാലുമായി ബന്ധപ്പെടുന്ന മൂന്നിടങ്ങളില്‍ സ്‌ളയിസുകളും രണ്ട് പാലങ്ങളുമാണ് ഇതുവരെ നിര്‍മിച്ചിട്ടുള്ളത്.
സംരക്ഷണ ഭിത്തിയുടേയും വെള്ളം സംഭരിക്കുന്ന കിണറിന്റേയും നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിന് വേണ്ടി താഴ്ചയില്‍ മണ്ണ് വാരിയത് മൂലം കനോലി കനാലിന്റെ ഇരുവശവും മണ്ണ് ഇടിയുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. കിണര്‍ നിര്‍മിക്കുന്ന സ്ഥലത്തെ മണ്ണ് പദ്ധതി പ്രദേശത്തിന് അനുയോജ്യമല്ല എന്നും മണ്ണ് പരിശോധന നടത്തി ഇവിടെ കിണര്‍ നിര്‍മിക്കാന്‍ പറ്റില്ല എന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനും കരാറുകാരനും തര്‍ക്കം ഉണ്ടാവുകയും പദ്ധതി നിര്‍ത്തി വെക്കുകയുമായിരുന്നു.
അഡ്വ: വി.എസ് സുനില്‍കുമാര്‍ കയ്പമംഗലം എം.എല്‍.എ ആയിരിക്കുമ്പോള്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്.
ഇപ്പോഴത്തെ എം.എല്‍.എ ടൈസണ്‍ മാസ്റ്ററും കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാറും തമ്മിലുള്ള പടലപ്പിണക്കമാണ് പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ഇടയാക്കിയതെന്നും ജനങ്ങള്‍ അടക്കം പറയുന്നുണ്ട്.
കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മൂലം സര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപയാണ് വെള്ളത്തിലായിരിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങളുടെ സ്വപ്നവും പ്രതീക്ഷയുമായിരുന്ന പദ്ധതി ജനപ്രതിധികളൂടേയും കരാറുകാരന്റേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ അവസാനിപ്പിച്ച് അടിയന്തിരമായി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പദ്ധതി പ്രദേശത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ നസീര്‍ അധ്യക്ഷനായി. പി.എസ് ഷാഹിര്‍, വി.എസ് ജിനേഷ്, പി.എ ഗഫൂര്‍, ഇര്‍ഷാദ് വലിയകത്ത്, കെ.കെ അന്‍വര്‍, വി.എ ആശിഫ്, ശ്യാം കൃഷ്ണന്‍, കെ.കെ ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."