HOME
DETAILS

ദേശീയ വിദ്യാഭ്യാസനയ കരട് രേഖ ആപല്‍ക്കരം

  
backup
August 02, 2019 | 7:38 PM

editorial-08-03-2019


ദേശീയ വിദ്യാഭ്യാസ കരട് നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പാര്‍ലമെന്റ് ഹാളിലെ ലൈബ്രറിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എം.പിമാരുടെ യോഗം ചേരുകയുണ്ടായി. കരട് രേഖയില്‍ അടങ്ങിയ അത്യന്തം ആപല്‍ക്കരമായ വ്യവസ്ഥകളെക്കുറിച്ച് ഇതിനകംതന്നെ വിവിധ തലങ്ങളില്‍നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2014ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതേപോലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കാന്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. മുന്‍ കാബിനറ്റ് സെക്രട്ടറിയായിരുന്ന ടി.എസ്.ആര്‍ സുബ്രഹ്മണ്യം അധ്യക്ഷനായ സമിതിയെയായിരുന്നു അന്ന് നിയോഗിച്ചിരുന്നത്.
2016ല്‍ സുബ്രഹ്മണ്യം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരേ വ്യാപകമായ പ്രതിഷേധങ്ങളായിരുന്നു ഉയര്‍ന്നത്. സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് സുബ്രഹ്മണ്യം റിപ്പോര്‍ട്ട് എന്ന് അന്ന് പരക്കെ ആക്ഷേപം ഉയരുകയുണ്ടായി. ഇതേത്തുടര്‍ന്ന് പ്രസ്തുത റിപ്പോര്‍ട്ട് ഒഴിവാക്കുകയും 2017ല്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്ന കസ്തൂരിരംഗന്‍ അധ്യക്ഷനായ മറ്റൊരു സമിതിയെ നിയോഗിക്കുകയും ചെയ്തു. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് 2019 ജൂണില്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖറിയാല്‍ നിഷാങ്കിന് കൈമാറുകയും ചെയ്തു.
കരട് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഉള്ളടക്കത്തെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ മുഖമുദ്രയായ നാനാത്വത്തിലെ ഏകത്വഭാവത്തെ ഇല്ലാതാക്കുന്നതാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ രാജ്യത്ത് നടക്കുന്ന ചര്‍ച്ചകളെല്ലാം ഉത്കണ്ഠ രേഖപ്പെടുത്തുകയാണ്. ഇന്നലെ പാര്‍ലമെന്റ് ഹാളിലെ ലൈബ്രറിയില്‍ നടന്ന ചര്‍ച്ചയിലും ഭൂരിപക്ഷംപേരും കരട് രേഖയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഭരണഘടനാ മൂല്യങ്ങളെയും മതേതരത്വത്തെയും നിരാകരിക്കുന്നതാണ് കരട് രേഖ. ദേശീയ ഐക്യത്തെ തകര്‍ക്കുന്ന ഈ രേഖ അംഗീകരിക്കുകയാണെങ്കില്‍ ഭാവിയില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ കെട്ടുറപ്പിനെതന്നെ അത് ബാധിക്കുമെന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിദ്യാഭ്യാസത്തെ അപ്പാടെ കേന്ദ്രീകൃത നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന വ്യവസ്ഥകള്‍ ഫാസിസ്റ്റ് നയം നടപ്പിലാക്കാനുള്ള എളുപ്പവഴി കൂടിയാണ്. പ്രാചീന കാലത്ത് ഇന്ത്യയില്‍ പ്രചരിച്ചിരുന്ന കെട്ടുകഥകളെ ആസ്പദമാക്കി വിദ്യാഭ്യാസനയം രൂപീകരിക്കുക എന്നത് എന്ത് മാത്രം വിഡ്ഢിത്തമാണ്.
യുക്തി ഭദ്രമല്ലാത്ത ഐതീഹ്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിലൂടെ ഇന്ത്യയുടെ ശാസ്ത്രീയ മുന്നേറ്റങ്ങളെയാണ് പരിഹസിക്കുന്നത്. രാജ്യത്തിന്റെ കെട്ടുറപ്പും വികസനവും ദേശീയോദ്ഗ്രഥനവും മതേതരത്വവും അപകടകരമായ തോതില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസമാണ് പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം. മുന്‍കാല വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കിയതിലൂടെയാണ് ജനതയും രാഷ്ട്രവും വികസനത്തിന്റെ പാതയില്‍ മുന്നേറിയത്. എന്നാല്‍ അതില്‍നിന്നെല്ലാം വിഭിന്നമായി സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് രേഖ രാജ്യത്തെയും ജനതയെയും പിന്നോട്ടടിപ്പിക്കും. തലമുറകളെ വഴിതെറ്റിക്കാന്‍ മാത്രമേ ഇത്തരം ജല്‍പന്നങ്ങള്‍ ഉപകരിക്കൂ. ഒരു രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളെ നിര്‍ണ്ണയിക്കുന്നതില്‍ രാജ്യത്തെ വിദ്യാഭ്യാസ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന വിദ്യാഭ്യാസ നയരേഖകള്‍ക്ക് സുപ്രധാനമായ പങ്കാണുള്ളത്.
എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് കസ്തൂരിരംഗന്റെ കരട് രേഖ പോലെ ഒന്ന് സമര്‍പ്പിക്കപ്പെടുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളാണ് രേഖയില്‍ അത്യന്തം മുഴച്ച് നില്‍ക്കുന്നത്. രേഖയില്‍ പ്രതിപാദിക്കുന്ന മുസ്‌ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയതായിരുന്നു സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യയിലെ പട്ടികജാതി വിഭാഗങ്ങളെക്കാള്‍ പിന്നാക്കമാണ് മുസ്‌ലിംകളുടെ വിദ്യാഭ്യാസ നിലവാരമെന്ന് അന്ന് സച്ചാര്‍ കമ്മിഷന്‍ ചൂണ്ടിക്കാണിച്ചതുമാണ്. സച്ചാര്‍ കമ്മിഷന്‍ പുറത്തുവന്നതിന് ശേഷം സമര്‍പ്പിക്കപ്പെടുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യത്തെ വിദ്യാഭ്യാസ നയരേഖയുടെ കരട് രൂപമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇതില്‍ മുസ്‌ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതിന് പരിഹാരം നിര്‍ദേശിക്കുന്ന ഒരുവരിപോലും കരട് രേഖയില്‍ ഇല്ല.
എല്ലാ ഭാഷകള്‍ക്കും പ്രാധാന്യം നല്‍കുന്നതിന് പകരം സംസ്‌കൃതത്തിന് അമിത പ്രാധാന്യം നല്‍കിക്കൊണ്ട് അത് നിര്‍ബന്ധ പാഠ്യവിഷയമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഉര്‍ദു ഭാഷയെ അവഗണിക്കുകയും ചെയ്തിരിക്കുന്നു. പ്രൈമറി തലങ്ങളിലൊന്നും ഉര്‍ദു പാഠ്യവിഷയമല്ല. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളില്‍ ഇതുണ്ട്. താഴെ ക്ലാസില്‍ പഠിപ്പിക്കാതെ എങ്ങിനെയാണ് ഉര്‍ദു ഡിഗ്രി തലത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനാവുക.
ഉര്‍ദു ഭാഷയെ നശിപ്പിക്കുക എന്നത് തന്നെയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തലപ്പത്ത് പ്രധാനമന്ത്രിയെ നിയോഗിക്കുക എന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യമായിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ അജണ്ട വിദ്യാഭ്യാസ നയത്തില്‍ ഒളിച്ചുകടക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ കരട് രേഖയില്‍ പ്രധാനമന്ത്രിയെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തലപ്പത്ത് നിയോഗിക്കണമെന്ന നിര്‍ദേശവുമുണ്ട്.
ആധുനിക ഇന്ത്യക്ക് ഊടുംപാവും നല്‍കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അപ്പാടെ തമസ്‌ക്കരിക്കുകയാണ് കരട് രേഖ. സ്വാതന്ത്ര്യ സമരത്തില്‍ സംഘ്പരിവാറിന്റെ പൂര്‍വകാല നേതാക്കള്‍ക്ക് ക്രിയാത്മകമായ പങ്ക് ഇല്ലാതെ പോയതാണ് ഇതിന്റെ കാരണം. അതിനാല്‍ ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രത്തെ തമസ്‌ക്കരിക്കേണ്ടത് ആര്‍.എസ്.എസിന്റെ ആവശ്യവുമാണ്. പകരം പുരാണങ്ങളെ ചരിത്രമായി രേഖപ്പെടുത്തുകയും ചെയ്യുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ കമ്മിഷന്‍ റിപ്പോര്‍ട്ട് മുതല്‍ ഇന്നുവരെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകളിലെല്ലാം മതേതരത്വത്തെയും സാമൂഹിക സാമുദായിക ബന്ധങ്ങളെയും ഊഷ്മളമാക്കുന്ന പാഠ്യപദ്ധതികളുണ്ടായിരുന്നു. എന്നാല്‍ കസ്തൂരിരംഗന്‍ കരട് റിപ്പോര്‍ട്ടില്‍ ഒരിടത്ത്‌പോലും മതേതരത്വം എന്ന വാക്ക് ചേര്‍ത്തിട്ടില്ല. ഏത് പദ്ധതിയും വിജയിക്കണമെങ്കില്‍ നയരേഖ വേണം എന്നത് പരമാര്‍ഥമാണ്. അതിനാല്‍ ഈ കരട് രേഖയെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും അനിവാര്യമാണ്.
കരട് രേഖയില്‍ നിര്‍ദേശിച്ച വ്യത്യസ്ത അവകാശ നിയമങ്ങള്‍, മാര്‍ഗനിര്‍ദേശക രേഖകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയവ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നതാണ്. പുരോഗമനപരവും ക്രിയാത്മകവുമായിരുന്നു 1968 മുതല്‍ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ രേഖകളെല്ലാം. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ 'ദേശീയ വിദ്യാഭ്യാസനയം 2019' എന്ന ലേബലില്‍ പുറത്തിറക്കിയ കരട് രേഖ പ്രതിലോമപരവും രാജ്യത്തെ ഛിന്നഭിന്നമാക്കുന്നതുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അത്ഭുത നേട്ടം; എംഎൽഎസിൽ ചരിത്രം കുറിച്ച് മെസി

Football
  •  13 minutes ago
No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം | UAE Market on October 19

uae
  •  25 minutes ago
No Image

കഴക്കൂട്ടത്തെ ​ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

Kerala
  •  an hour ago
No Image

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്‌ലി

Cricket
  •  an hour ago
No Image

അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്

uae
  •  an hour ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്നത് ഏഴടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

Kerala
  •  an hour ago
No Image

'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു

Kerala
  •  an hour ago
No Image

പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം

Kerala
  •  2 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 hours ago