ഉന്നാവോ: അധികാരം ഇരയെ ഇല്ലാതാക്കുന്ന വിധം
ഉന്നാവോ പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എ മുഖ്യപ്രതിയായ നാല് കേസുകളും ഉത്തര്‍ പ്രദേശില്‍നിന്ന് ഡല്‍ഹി കോടതിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇത് സ്വാഗതം ചെയ്യേണ്ട നടപടിയാണെന്നതിനൊപ്പം യോഗി ആദിത്യനാഥ് സര്‍ക്കാരിനുള്ള ശക്തമായ പ്രഹരം കൂടിയാണ്. ഉന്നാവോയിലെ പെണ്‍കുട്ടി ലഖ്‌നൗവിലെ ആശുപത്രിയില്‍ ഇന്ന് ജീവനായി പോരാടുകയാണ്. ക്രൂരമായ ഈ പീഡനത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് അവള്‍ മടങ്ങിവരുകയെന്നുള്ളത് ഇന്ത്യയിലെ എണ്ണമറ്റ ജനങ്ങളുടെ ആഗ്രഹമാണ്.
നിര്‍ഭയ മരിച്ചപ്പോള്‍ അവര്‍ നേരിട്ട ക്രൂരതയോര്‍ത്ത്, കാണിച്ച ധൈര്യത്തെയോര്‍ത്ത് നമ്മള്‍ കരഞ്ഞു. യുതിയായ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള ഭയാനകമായ കടന്നു കയറ്റമാണ് അവിടെ സംഭവിച്ചത്. ആ സമയത്ത് ഇന്ത്യയെ പിടിച്ചു കുലുക്കിയ പ്രക്ഷോഭത്തിനിറങ്ങിയ എല്ലാ സ്ത്രീകള്‍ക്കുമുണ്ടായിരുന്നത് അത് താനാവാമെന്ന ചിന്തയായിരുന്നു .
അധികാരത്തിന്റെ ദുഷിപ്പുകളില്‍ മറ്റൊരുവശംകൂടെ ചേര്‍ക്കുകയാണ് ഉന്നാവോ സംഭവം. അധികാരത്തിലിരിക്കുന്ന പുരുഷന് തനിക്ക് സംരക്ഷണം ലഭിക്കുമെന്ന അറിവോടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കുന്നു. ഇത്തരം തിന്മയുടെ മുഖത്ത് ഒരു പരിഷ്‌കൃത സമൂഹത്തിനും നിശബ്ദരായി തുടരാനാവില്ല.
പെണ്‍കുട്ടിക്കും അവരുടെ അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റ, രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെട്ട സംഭവം പെട്ടെന്നുണ്ടായ ഒരു അപകടത്തിലാണെന്ന് ഇന്ന് കുറച്ചാളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് നീതി നടപ്പാക്കുന്ന പ്രക്രിയയെ ഭരണകക്ഷിയും അവരുടെ സര്‍ക്കാരും ഭരണനേതൃത്വവും നഗ്‌നമായി അട്ടിമറിക്കുന്നതിനാലാണ്. തുടക്കം മുതല്‍ അവര്‍ രാഷ്ട്രീയവും ഭരണപരവും നിയമപരവുമായ സംരക്ഷണം നല്‍കിയത് ബലാത്സംഗത്തെ അതിജീവിച്ചയാള്‍ക്കല്ല, പ്രതികള്‍ക്കാണ്.
ജൂണ്‍ 2017ല്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ വെറും 17 വയസ് മാത്രമായിരുന്നു പെണ്‍കുട്ടിക്ക്. അവര്‍ തിരിച്ചറിഞ്ഞ കുറ്റവാളി കുല്‍ദീപ് സിങ് സെന്‍ഗാര്‍ എം.എല്‍.എയുടെ പേര് എഫ്.ഐ.ആറിലുള്‍പ്പെടുത്താന്‍ പൊലിസ് വിസമ്മതിച്ചിരുന്നു. പീഡകന്റെ പേര് എഫ്.ഐ.ആറിലുള്‍പ്പെടുത്താനും അയാളെ അറസ്റ്റ് ചെയ്യാനും ഒരു വര്‍ഷത്തോളമാണ് കൗമാരക്കാരി പോരാട്ടം നടത്തിയത്. എന്നാല്‍ അയാള്‍ക്ക് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയുമുണ്ടായിരുന്നു. നടപടിയെടുക്കാന്‍ പൊലിസ് വിസമ്മതിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ പേരില്‍ എം.എല്‍.എയ്‌ക്കെതിരേ എഫ്.ഐ.ആറിനായി അവരുടെ കുടുംബം ഉന്നാവോ സി.ജെ.എം കോടതിയില്‍ 2018 ഫെബ്രുവരിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു.
വാദം കേള്‍ക്കല്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരനും ഗുണ്ടാസംഘവും തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പൊലിസ് ആയുധ നിയമപ്രകാരം കള്ളക്കുറ്റം ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്തു. നിരാശയില്‍ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വീട്ടിനുമുമ്പില്‍ തീക്കൊളുത്തി മരിക്കാന്‍ ശ്രമിച്ചു. അടുത്ത ദിവസം അവരുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു.
ആ സമയത്ത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘം ഉന്നാവോയിലെത്തുകയും ദുരിതത്തില്‍ കഴിയുന്ന കുടുംബത്തെ കാണുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആ ഭീകര ദിവസത്തെ വിവരിച്ചത് സംഘാംഗങ്ങളിലൊരാളായ മധു മാര്‍ഗ് ഓര്‍ത്തെടുത്തിരുന്നു. പിതാവിനെ എം.എല്‍.എയുടെ സഹോദരനും അനുയായികളും മരത്തില്‍ കെട്ടിയിട്ട് ലാത്തികൊണ്ട് തുടര്‍ച്ചയായി മര്‍ദിച്ചപ്പോള്‍ തന്റെ മാതാവ് കരഞ്ഞുകൊണ്ട് നിര്‍ത്താനായി അവരോട് യാചിച്ചിരുന്നു. 'കോടതിയില്‍നിന്ന് കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് പിതാവിനോട് എം.എല്‍.എയുടെ സഹോദരനും സംഘവും പറഞ്ഞിരുന്നു... ഇപ്പോള്‍ അവര്‍ അദ്ദേഹത്തെ കൊന്നു, അവര്‍ ഞങ്ങളെല്ലാവരെയും കൊല്ലും.
പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിന് ശേഷമാണ് കേസ് മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നതും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മേല്‍ സമ്മര്‍ദമുണ്ടാവുന്നതും. കേസ് സി.ബി.ഐയുടെ പരിഗണനയിലെത്തി. എന്നാല്‍ ആ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പേടിസ്വപ്നങ്ങള്‍ അവസാനിച്ചില്ല. സി.ബി.ഐ മൂന്ന് കേസ് ഫയല്‍ ചെയ്‌തെങ്കിലും ഒന്നില്‍പോലും വിചാരണ ആരംഭിച്ചില്ല. എല്ലാ കേസുകളും 45 ദിവസത്തിനുള്ളില്‍ ഉറപ്പായും പൂര്‍ത്തീകരിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുകയാണ്. എന്താണ് ഇത് അര്‍ഥമാക്കുന്നത്. കഴിഞ്ഞ വര്‍ഷം യു.പി സര്‍ക്കാര്‍ കേസുകള്‍ മനഃപൂര്‍വം അട്ടിമറിക്കുകയുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ പോക്‌സോ നിയമം അനുസരിച്ച് രണ്ടു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. എന്നാല്‍ യു.പി സര്‍ക്കാര്‍ കൃത്യമായും ആ നിയമം ലംഘിച്ചു. അങ്ങനെ പ്രതിക്ക് നിയമ സംരക്ഷണവും പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അവരുടെ കുടുംബത്തെയും ദ്രോഹിക്കാനും ഭീഷണിപ്പെടുത്താനും സമയവും യു.പി സര്‍ക്കാര്‍ നല്‍കി.
കഴിഞ്ഞ ഒരു വര്‍ഷം ആ കുടുംബം ഭീഷണികള്‍ക്കിടയില്‍ കഴിഞ്ഞു. ഒരിടത്തിന്നുനിന്ന് മറ്റൊരിടത്തേക്ക് നിരന്തരം മാറിത്താമസിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അമ്മാവനൊപ്പം നില്‍ക്കാന്‍ ഡല്‍ഹിയിലേക്ക് അവര്‍ മാറി. അവരുടെ നീതിക്കായുള്ള പോരാട്ടത്തെ പിന്തുണയ്ക്കാന്‍ അമ്മാവന്‍ ഒരു പിതാവിന്റെ ചുമതലയേറ്റെടുത്തു. എന്നാല്‍ അദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലായി, 20 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍. അതിജീവിച്ച യുവതിക്ക് ഒരു പിന്തുണയുമില്ലാതെയായി. അദ്ദേഹത്തെ ജയിലില്‍ കാണാനാണ് പെണ്‍കുട്ടിയും അവരുടെ ബന്ധുക്കളും ആ കാര്‍യാത്രയില്‍ പോയിരുന്നത്.
അവര്‍ക്ക് സുരക്ഷ നല്‍കിയിരുന്നു, പക്ഷേ സുരക്ഷാ ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ ലഭ്യമാക്കിയിരുന്നില്ല. സുരക്ഷാ ജീവനക്കാരെ ഒപ്പം കൂട്ടാത്തതിന് ഭരണാധികാരികള്‍ പെണ്‍കുട്ടിയെയാണ് പഴി ചാരുന്നത്. കുറഞ്ഞ സൗകര്യങ്ങളില്‍ കഴിയുന്ന പെണ്‍കുട്ടി സുരക്ഷാ ജീവനക്കാര്‍ക്കുള്ള ചെലവുംകൂടി അതില്‍നിന്ന് കണ്ടെത്തണമെന്ന് പറയുന്നു അവര്‍.
ഇത്തരം കേസുകളില്‍ വേണ്ട ചുരുങ്ങിയ ഭരണപരമായ സംവേദനക്ഷമതപോലുമില്ലാത്ത തികച്ചും അപഹസിക്കുന്ന നടപടികളല്ലേ ഇതെല്ലാം? വി.ഐ.പികള്‍ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഒരു പൂര്‍ണ വാഹനവ്യൂഹം തന്നെയുണ്ടാവും. എന്നാല്‍ അധികാരത്തിലിരിക്കുന്നവരാലുള്ള ഭീഷണി നേരിടുന്ന, ബലാത്സംഗത്തെ അതിജീവിച്ച ഒരാള്‍ക്ക് അതൊന്നുമില്ല. സര്‍ക്കാരിനും ഉദ്യോഗസ്ഥ തലത്തിലേക്കും ജില്ലാ മജിസ്‌ട്രേറ്റിനുമെല്ലാം കുടുംബം കത്തയച്ചിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും ഒരു പ്രതികരണവും ലഭിച്ചില്ല. പ്രതിക്ക് ലഭിച്ച ഭരണനേതൃത്വത്തിന്റെ പിന്തുണയുടെ ഒരു തോതാണിത്.
സെന്‍ഗാറിനെ ബി.ജെ.പി പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തി. അത് വളരെ ചെറിയതും വൈകിയതും പാര്‍ട്ടിയുടെയും അതിന്റെ നേതാക്കളുടയും സര്‍ക്കാരിന്റെയും ഇതിലെ പങ്കിനെതിരേ ഉയരേണ്ട പൊതു രോഷത്തെ വഴിതിരിച്ചുവിടാന്‍ ലക്ഷ്യമിട്ടുള്ളതുമായ നടപടിയാണ്. എം.എല്‍.എ എന്നതിന്റെ അധികാരവും മുകളില്‍ നിന്നുള്ള സംരക്ഷണവുമാണ് ഇരയെയും കുടുംബത്തെയും നശിപ്പിക്കാനും ഭീഷണിപ്പെടുത്താനും ഭീതിയിലാക്കാനുമായി ജയില്‍ മതിലുകള്‍ മറികടന്ന് നീണ്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിറകേ ബി.ജെ.പി എം.പിയായ സാക്ഷി മഹാരാജ് പ്രതിയെ ജയിലില്‍ ചെന്ന് കണ്ട് തെരഞ്ഞെടുപ്പ് കാലത്തെ പിന്തുണയ്ക്ക് സെന്‍ഗാറിന് നന്ദിയറിയിക്കുകയും അവനെ ഏറ്റവും ജനകീയനായ ജനപ്രതിനിധിയെന്ന് വിളിക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധി ബലാത്സംഗക്കേസ് പ്രതിയെ മഹത്വവല്‍ക്കരിക്കുന്നത് ഇന്ത്യയില്‍ പരിചിതമില്ലാത്തതാണ്. പക്ഷേ ബി.ജെ.പിയുടെ നയങ്ങളാല്‍ ഇത് കൃത്യമായും മാറാന്‍ പോവുകയാണ്. എന്തുകൊണ്ട് എം.എല്‍.എ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുന്നില്ല? എന്തു കൊണ്ട് രാജിവയ്പിക്കുന്നില്ല? എന്തുകൊണ്ട് പുറത്താക്കപ്പെടാതെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെടുക മാത്രം ചെയ്തു. ഇതായിരുന്നു എം.എല്‍.എക്ക് കിട്ടിക്കൊണ്ടിരുന്ന രാഷ്ട്രീയ സംരക്ഷണം.
ധീരയായ യുവതിയെ അവരുടെ കുടുംബത്തില എല്ലാ അംഗങ്ങളും പിന്തുണച്ചു, അവരുടെ പിതാവ്, അമ്മാവന്‍, അമ്മായിമാര്‍ എന്നിവര്‍ അധികാരത്തിന്റെ ഭീകരമായ ഇടപെടലുകള്‍ക്ക് ഇരകളായി. സുപ്രിംകോടതി സമീപനം കുറച്ച് ആശ്വാസം നല്‍കി. യുവതിക്ക് പിന്തുണ നല്‍കി അവരോട് ഐക്യപ്പെടുകയെന്നതും അധികാരം നീതിയെ നിശബ്ദമാക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതും തീര്‍ച്ചയായും നമ്മുടെയോരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
(കടപ്പാട്: എന്‍.ഡി.ടി.വി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."