ജമ്മുകശ്മിരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ചു
ശ്രീനഗര്‍: പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35- എ റദ്ദാക്കിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ കശ്മിരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ചു തുടങ്ങി. 10,000 അര്‍ധസൈനികരെ സംസ്ഥാനത്തേക്ക് എത്തിച്ചതിന് പിന്നാലെ 25, 000 പേരെ കൂടി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനം സാധാരണനിലയിലേക്ക് മാറുകയാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും സംസ്ഥാനത്തിന്റെ കാര്യത്തില്‍ ശക്തമായ ഇടപെടലാണ് കേന്ദ്രം നടത്തുന്നതെന്നതിന്റെ തെളിവാണ് സുരക്ഷാസൈനികരെ വിന്യസിച്ചതിലൂടെ വ്യക്തമാകുന്നത്.
വ്യാഴാഴ്ച രാവിലെ കശ്മിരിലെത്തിയ സൈനികരെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു തുടങ്ങി. സംസ്ഥാനത്ത് എത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്ത് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. രണ്ടു ദിവസം അദ്ദേഹം കശ്മിരിലുണ്ടാകും. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നീക്കത്തിനു കാരണമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മിരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ സേനയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന കശ്മിരില്‍ ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഫറന്‍സ് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അതിനിടയില്‍ കശ്മിരിലെ ആരാധനാലയങ്ങള്‍, കോടതികള്‍ മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ഭാഗികമായി പിന്‍വലിച്ചു തുടങ്ങി. കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച സാഹചര്യത്തിലാണ് ഇത്. എന്നാല്‍ ദക്ഷിണ കശ്മിരിലാണ് കൂടുതലായും പൊലിസ് സുരക്ഷ പിന്‍വലിച്ചത്. ആര്‍ട്ടിക്കിള്‍ 35-എ റദ്ദാക്കില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. 35- എ വകുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്നാണ് വിഘടനവാദികള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."