പിറവിമൂലം പിന്തള്ളപ്പെട്ടവര്‍ക്ക് ഇനിയെന്തു വഴി
മുഖ്യധാരാജീവിതത്തില്‍നിന്നു പുറന്തള്ളപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്യുന്ന ഹര്‍ഷ്മാന്ദറുടെ ഏറ്റവും പുതിയ കൃതിയാണ് 'ഫാറ്റല്‍ ആക്‌സിഡന്റ് ഓഫ് ബര്‍ത്ത്.' ഗുജറാത്തിലെ വംശഹത്യക്കുശേഷം സിവില്‍സര്‍വീസില്‍നിന്നു പുറത്തുകടന്ന കലാപബാധിതര്‍ക്കും തെരുവില്‍ ജീവിക്കുന്നവര്‍ക്കും ആദിവാസികള്‍ക്കും മറ്റും വേണ്ടി സാമൂഹികസേവനങ്ങളിലേര്‍പ്പെട്ടു ജീവിക്കുന്ന ഈ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രചനകള്‍ ആഗോളശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ചില പ്രത്യേക ജീവിതസാഹചര്യങ്ങളില്‍ പിറന്നുപോയി എന്നതുകൊണ്ടു മാത്രം ദുരിതങ്ങളാല്‍ വേട്ടയാടപ്പെടുന്നവരുടെ ജീവിതചിത്രങ്ങളാണു മേല്‍സൂചിപ്പിച്ച കൃതിയില്‍ അദ്ദേഹം വരച്ചുവയ്ക്കുന്നത്. കഷ്ടപ്പാടുകളുടെയും മര്‍ദനങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ചിത്രങ്ങള്‍. ഹര്‍ഷ്മാന്ദറുടെ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്ന ആളുകള്‍ക്കെല്ലാം ദുരിതമയമായ ജീവിതത്തിലൂടെ കടന്നുപോകേണ്ടിവരുന്നത് ജന്മം അവരെ അത്തരം അവസ്ഥകളില്‍ അകപ്പെടുത്തിയതുകൊണ്ടാണ്.
അവര്‍ക്കാര്‍ക്കും വ്യത്യസ്തമായ ജീവിതം കരുപ്പിടിപ്പിക്കാനായില്ല. അല്ലെങ്കില്‍, അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍, അവര്‍ പിറന്നുവീഴുകയും വളരുകയും ചെയ്ത ജീവിതസാഹചര്യങ്ങളാല്‍ തകര്‍ക്കപ്പെട്ടു. തീര്‍ച്ചയായും ജീവിതാവസ്ഥകളാണു വില്ലന്മാര്‍.
ഇതിനോടു ചേര്‍ത്തുവച്ചു വേണം ജീവിതസാഹചര്യങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആരെയൊക്കെയാണു കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതെന്ന് ആലോചിക്കാന്‍. ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഈയിടെ ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. 2016ലെ ഇന്ത്യന്‍ എക്‌സ്‌ക്യൂഷന്‍ റിപ്പോര്‍ട്ട് എന്ന ഈ പഠനത്തില്‍ പൊതുവായ സേവനങ്ങളും സൗകര്യങ്ങളും ഉപയോഗിക്കുന്നതില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട ആളുകള്‍ ആരൊക്കെ, ഈ ഒഴിവാക്കല്‍ എത്രത്തോളം എന്നുതുടങ്ങിയ കാര്യങ്ങളാണു പ്രതിപാദിച്ചിട്ടുള്ളത്.
പ്രായമായ ആളുകള്‍ക്കുള്ള പെന്‍ഷന്‍, ഡിജിറ്റല്‍ സൗകര്യങ്ങളിലേക്കുള്ള പ്രാപ്യത, കൃഷിഭൂമിയുടെ ഉടമസ്ഥത, വിചാരണത്തടവുകാര്‍ക്കു നീതി തുടങ്ങിയ കാര്യങ്ങളില്‍ ആളുകള്‍ എത്രത്തോളം ഒഴിച്ചുനിര്‍ത്തപ്പെട്ടിട്ടുണ്ടെന്നു റിപ്പോര്‍ട്ട് പരിശോധിക്കുന്നു. ഈ പരിശോധന ഞെട്ടിപ്പിക്കുന്ന വസ്തുതകളാണു പുറത്തുകൊണ്ടുവരുന്നത്. പണ്ടേയ്ക്കുപണ്ടേ എല്ലാ ജീവിതമണ്ഡലങ്ങളില്‍നിന്നും പുറത്തുനിര്‍ത്തപ്പെട്ട ദലിതുകള്‍, ആദിവാസികള്‍, മുസ്‌ലിംകള്‍, അംഗവൈകല്യം ബാധിച്ചവര്‍, പ്രായം ചെന്നവര്‍ എന്നിവരാണ് ഇപ്പോഴും അവഗണിക്കപ്പെടുന്നത്.
ഇരകള്‍ ഒന്നുതന്നെ
ഭൂമിയുടെ ഉടമാവകാശത്തിലാണു പ്രാന്തവല്‍ക്കരണം ഏറ്റവും പ്രകടമായി അനുഭവപ്പെടുന്നത്. സാമൂഹ്യ-സാമ്പത്തിക ശ്രേണി എപ്രകാരമാണു രൂപപ്പെട്ടിട്ടുള്ളതെന്നു ഭൂമിയുടെ ഉടമാവകാശത്തെ ജാതീയവേര്‍തിരിവുമായി ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ വ്യക്തമാവും. ഭൂവുടമകള്‍ ഏറിയ കൂറും ഉയര്‍ന്നജാതിക്കാരായിരിക്കും. മധ്യവര്‍ഗജാതിക്കാരാണു കൃഷി ചെയ്യുന്നത്. കൃഷിഭൂമിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഒട്ടുമുക്കാലും ദലിതരും ആദിവാസികളുമായിരിക്കും.
ഭൂരഹിതരുടെ കണക്കു പരിശോധിക്കുമ്പോള്‍ ഈ നിഗമനം കൂടുതല്‍ കൃത്യത കൈവരിക്കുന്നു. ഏറ്റവുംകൂടുതല്‍ ഭൂരഹിതരുള്ളതു ദലിതര്‍ക്കിടയിലാണ്- 57.3 ശതമാനം. 52.6 ശതമാനം ഭൂരഹിതരായ മുസ്‌ലിംകളാണു തൊട്ടടുത്ത്. വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ 40 ശതമാനത്തോളം ആദിവാസികളാണ്. സവര്‍ണഭൂപ്രഭുക്കള്‍ക്കോ നഗരവല്‍കൃതരായി ജീവിക്കുന്ന വ്യവസായികള്‍ക്കോ കുടിയൊഴിപ്പിക്കലിനെ ഭയക്കേണ്ടതില്ല.
സ്ത്രീകളാണു പൊതുജീവിതത്തില്‍നിന്നു പുറത്താക്കപ്പെടുന്ന മറ്റൊരു വര്‍ഗം. സ്ത്രീകള്‍ ചുമതല വഹിക്കുന്ന ഒരുപാടു കുടുംബങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ 56.8 ശതമാനം കുടുംബങ്ങള്‍ക്കു ഒട്ടും ഭൂമിയില്ല. ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഭൂമിയാകട്ടെ വളരെ കുറവും. രണ്ടു ഹെക്ടറിലധികം ഭൂമിയുള്ള ദലിത്കുടുംബങ്ങള്‍ 2.08 ശതമാനമാണ്. അവരുടെ ഭൂമി മിക്കവാറും പാഴ്‌നിലങ്ങളുമാണ്. അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ 58 ശതമാനവും ജലസേചന സൗകര്യമില്ലാത്തതാണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കരണനിയമം നടപ്പില്‍വരുത്തിയിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കള്‍ ദലിത് കര്‍ഷകത്തൊഴിലാളികളാണെന്നാണു സാമാന്യധാരണ. 'നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ' എന്ന പാട്ട് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട മനോഹരസങ്കല്‍പമാണ്. കേരളത്തിലെ ഭൂപരിഷ്‌കരണം ഈ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കിയിട്ടുണ്ടെന്നാണ് കമ്മ്യൂണിസ്റ്റുകാരുടെ അവകാശവാദം. എന്നാല്‍ 'നമ്മള്‍ കൊയ്യുന്ന ഭൂമി' എത്രത്തോളം 'നമ്മുടേതായിട്ടുണ്ട് 'എന്നു പരിശോധിച്ചുനോക്കേണ്ടതാണ്. പട്ടികജാതി-വര്‍ഗക്കാര്‍ക്കു ഭൂമി ലഭിച്ചത് ഒട്ടുമുക്കാലും കടലാസില്‍ മാത്രമാണ്.
ഒരു സമൂഹത്തിന്റെ സാമ്പത്തികഭദ്രത നിര്‍ണയിക്കുന്നതിനുള്ള സൂചകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു ഭൂമിയുടെ മേലുള്ള അവകാശം. ദലിതര്‍ക്ക് ഇന്ത്യയില്‍ ഭൂമിയുടെ മേല്‍ എത്രമാത്രം ഉടമാവകാശമുണ്ട്. വന്‍കിടപദ്ധതികള്‍ വരുമ്പോള്‍ കൈവശമുള്ള ഭൂമിയില്‍നിന്നു ബലംപ്രയോഗിച്ചു കുടിയൊഴിപ്പിക്കപ്പെടുന്നതു ദലിതരും ആദിവാസികളുമാണ്. വികസനത്തിന്റെയും പുരോഗതിയുടെയും മുഖ്യധാരയ്ക്കു പുറത്താണ് ഇന്നും അവരുടെ നില്‍പ്പ് എന്നതാണു യാഥാര്‍ഥ്യം. അതിനു കാരണം അവരുടെ ജന്മം തന്നെ.
ഡിജിറ്റല്‍ ലോകത്തും അധഃസ്ഥിതര്‍
ഡിജിറ്റല്‍ വിപ്ലവത്തിന്റെ പരിധിക്കുള്ളില്‍നിന്നു ദലിതരും ആദിവാസികളും മുസ്‌ലിംകളും സ്ത്രീകളും പുറത്താണെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ചുരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റിന്റെ പരിധിക്കു പുറത്താണ്. ഇങ്ങനെ ഓഫ്‌ലൈന്‍ ആയി ജീവിക്കുന്നവരില്‍ ഭൂരിപക്ഷവും ദരിദ്രരായ ഗ്രാമവാസികളും ഗോത്രവര്‍ക്കാരും ചേരികളില്‍ കഴിയുന്നവരുമാണ്.
ദലിതര്‍ കൂടുതലും ഗ്രാമങ്ങളിലാണല്ലോ കഴിഞ്ഞുകൂടുന്നത്. ഗോത്രവര്‍ഗക്കാര്‍ ഇന്റര്‍നെറ്റിന്റെ പരിധിക്കു പുറത്തു സ്ഥിതിചെയ്യുന്ന മലമ്പ്രദേശങ്ങളിലും വനങ്ങളിലും കഴിയുന്നു. മുസ്‌ലിംകള്‍ നഗരങ്ങളിലെ ചേരികളിലും. ഗ്രാമവാസികളും ഗോത്രവര്‍ഗക്കാരും ചേരിനിവാസികളും ഇന്റര്‍നെറ്റിന്റെ പരിധിക്കു പുറത്താണെന്നു പറയുമ്പോള്‍ അതിന്റെ അര്‍ഥം ലളിതമായി പറഞ്ഞാല്‍ ഇങ്ങനെ പുറത്താവുന്നവരില്‍ മഹാഭൂരിപക്ഷവും നേരത്തേ പറഞ്ഞ ജാതിമത വിഭാഗങ്ങളില്‍പെട്ടവരാണെന്നതാണ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഗുണഫലങ്ങളും ജന്മം കൊണ്ടു ഹതഭാഗ്യരായിപ്പോയ ഈ വിഭാഗക്കാര്‍ക്കു ലഭിക്കുന്നില്ല.
ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന്റെ ഗുണഭോക്താക്കള്‍ യഥാര്‍ഥത്തില്‍ ആരാണ്. വരേണ്യവര്‍ഗം തന്നെ. അസമത്വത്തിന്റെ സാമ്പത്തികശാസ്ത്രവും ഭൂരിപക്ഷവികാരങ്ങളുടെ രാഷ്ട്രീയവും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യ അടുത്തകാലത്ത് കൂടുതല്‍ വിഭജിതവും അസമവുമായ രാജ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നു മറ്റൊരു പുസ്തകത്തില്‍ ഹര്‍ഷ്മാന്ദര്‍ നിരീക്ഷിച്ചിട്ടുണ്ട്. (ലുക്കിങ് എവേ: ഇനീക്വാലിറ്റി, പ്രജുഡിസ് ആന്റ് ഇന്‍ഡിഫ്രെന്‍സ് ഇന്‍ ഇന്ത്യ)
അതിസമ്പന്നന്മാര്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. ഉദാഹരണത്തിനു മുകേഷ് അംബാനി. ലോകത്തിലെ തന്നെ ഏറ്റവും പണച്ചെലവോടെ നിര്‍മിച്ച വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. 27 നിലകളുള്ള വീടിന്റെ നിര്‍മാണച്ചെലവ് ഒരു ബില്യണ്‍ ഡോളറാണ്. ഈ വീട്ടില്‍ ഹെലികോപ്റ്ററുകള്‍ക്കു പറന്നിറങ്ങാന്‍ മൂന്നു ഹെലിപാഡുണ്ട്. നാലുനിലകളില്‍ തൂങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളുണ്ട്. അറുനൂറു ജോലിക്കാരാണു നാലുപേര്‍ മാത്രമടങ്ങുന്ന അംബാനിയുടെ കുടുംബത്തെ പരിചരിക്കാനുള്ളത്.
രണ്ടുലക്ഷംപേര്‍ കടവരാന്തകളില്‍ ഉറങ്ങുകയും നാല്‍പ്പതു ശതമാനം പേര്‍ ചെറ്റപ്പുരകളില്‍ കഴിയുകയും ചെയ്യുന്ന മുംബൈ നഗരത്തിലാണ് ഈ വീടുള്ളതെന്ന് ഓര്‍ക്കണം. അതിസമ്പന്നര്‍ ഇന്ത്യയില്‍ വേറെയുമുണ്ട്. ഇവര്‍ വിവാഹാഘോഷങ്ങള്‍ക്കും മറ്റും ഒരുക്കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ ചെലവ് ഭൂരിപക്ഷം ഇന്ത്യക്കാരുടെയും ഒരുമാസത്തെ മൊത്തം വരുമാനത്തേക്കാള്‍ കൂടുതലാണ്.
പ്രധാനമന്ത്രി മോദിയുടെ അവകാശങ്ങള്‍ക്കും ഫോബ്‌സ് മാസികയുടെ കണക്കുകള്‍ക്കും മാളുകളുടെ വര്‍ണമനോഹാരിതകള്‍ക്കും വിസ്മയക്കാഴ്ചകള്‍ക്കുമപ്പുറത്താണു ജീവിതയാഥാര്‍ഥ്യങ്ങള്‍. സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട്, മുഖ്യധാര കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ മുഖ്യധാരക്കു പുറത്തുനില്‍ക്കുന്ന ദലിതരും ആദിവാസികളും മുസ്‌ലിംകളുമല്ലെന്നു പറഞ്ഞുറപ്പിക്കുന്നു.
അവസരസമത്വമുണ്ടോ
വിദ്യാഭ്യാസത്തിന്റെ കാര്യം നോക്കുക- കേരളീയസാഹചര്യത്തില്‍ ദലിതരും മുസ്‌ലിംകളും മറ്റും വലിയൊരളവോളം വിദ്യാസമ്പന്നരായിട്ടുണ്ടെന്നതു നേരാണ്. അതിന്റെ ഗുണഫലങ്ങള്‍ ഈ സമുദായങ്ങളുടെ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, പൊതുവിദ്യാഭ്യാസത്തിനു തകര്‍ച്ച സംഭവിക്കുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടു പോകാന്‍ എല്ലാ സാധ്യതയുമുണ്ടെന്നാണ് പ്രഫഷണല്‍ കോളജുകളിലേക്കുള്ള മത്സരപരീക്ഷകളെഴുതി ജയിക്കുന്നവര്‍ക്കിടയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്നവിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികളാണ് മെഡിസിനും എന്‍ജിനിയറിങിനും പ്രവേശനം നേടുന്നവരില്‍ കൂടുതലും. ഉയര്‍ന്ന ഫീസ് വാങ്ങി പരീക്ഷാപരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന കുട്ടികളാണു പ്രവേശനപരീക്ഷകളില്‍ ഉയര്‍ന്ന റാങ്കു വാങ്ങുന്നത്. കോട്ടയിലെ പരിശീലനകേന്ദ്രത്തില്‍ പഠിക്കാന്‍ പാങ്ങുള്ളവര്‍ക്കേ ഐ.ഐ.ടികളില്‍ പ്രവേശനം ലഭിക്കൂ. ഇത്തരം പരിശീലനകേന്ദ്രങ്ങള്‍ കേരളത്തിലുമുണ്ട്. അവിടെ പഠിക്കാന്‍ വലിയ സാമ്പത്തികച്ചെലവുണ്ട്.
പിറവിമൂലം പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഇതു താങ്ങാനാവില്ല. സിവില്‍ സര്‍വീസിന്റെ കാര്യത്തിലും ഇതുതന്നെയാണു സ്ഥിതി. അനാഥശാലയില്‍ പഠിച്ചു ഐ.എ.എസ് നേടിയതും ചെറ്റക്കുടിലിലേക്ക് ഒന്നാംറാങ്ക് എത്തിയതും വല്ലപ്പോഴും വാര്‍ത്തയുടെ തലക്കെട്ടാവാം. അതല്ല സാമാന്യനിയമം, കലാ-സാഹിത്യ രംഗങ്ങളില്‍പോലും ഇതാണല്ലോ സ്ഥിതി. സിനിമാതാരങ്ങളുടെ മക്കള്‍ക്ക് സിനിമാതാരങ്ങളാവാനും പാട്ടുകാരുടെ മക്കള്‍ക്കു പാട്ടുകാരനാവാനുമൊക്കെ എന്തുമാത്രം എളുപ്പമാണ്, അവര്‍ പരിമിതവിഭവന്മാരാണെങ്കില്‍ പോലും! പിറവി അവര്‍ക്കു നല്‍കിയ മഹാഭാഗ്യമാണത്.
ഈ ഭാഗ്യം ലഭിക്കാതെ പോയവര്‍ എക്കാലത്തും ക്യൂവില്‍ കാത്തുകഴിയേണ്ടിവരും. ഒരുപക്ഷേ, കുറ്റകൃത്യങ്ങളിലേക്ക് ആളുകള്‍ വഴുതിവീഴുന്നതുപോലും പിറവി അടിച്ചേല്‍പ്പിച്ച ദുരിതജീവിതസാഹചര്യങ്ങളാലാവാം. കഞ്ചാവുകച്ചവടക്കാരുടെയും തെരുവുപെണ്ണുങ്ങളുടെയും മറ്റും അപഥസഞ്ചാരങ്ങള്‍ക്കു പിന്നില്‍ മുഖ്യധാരയില്‍നിന്നു പുറത്താക്കപ്പെട്ടതിന്റെ പ്രത്യാഘാതങ്ങളുമുണ്ടായിരിക്കും.
രണ്ടു പ്രതീകങ്ങള്‍
ഹര്‍ഷ്മാന്ദര്‍ തന്റെ പുസ്തകത്തില്‍ അശോക്‌മോച്ചിയെക്കുറിച്ച് എഴുതുന്നുണ്ട്. മുസ്‌ലിംകളുടെ വീടുകള്‍ കൊള്ളചെയ്യുകയും സ്ത്രീകളെ ബാലത്സംഗം ചെയ്യുകയും നിസ്സഹായരെ കൊലക്കത്തിക്കിരയാക്കുകയും മറ്റും ചെയ്തുകൊണ്ടു ഹൈന്ദവ തീവ്രവാദം നടത്തിയ അതിക്രൂരമായ വംശഹത്യയായിരുന്നു 2002 ല്‍ ഗുജറാത്തില്‍ നടന്നത്. ഈ കലാപകാലത്ത് അശോക്‌മോച്ചിയുടെ പേരില്‍ ഭീകരമായ ധാരാളം കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. ചെരുപ്പുകുത്തിയായ അശോക്‌മോച്ചി അധഃസ്ഥിതനാണ്.
മറുവശത്ത് അതേ സാഹചര്യത്തില്‍ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷം. അശോക്‌മോച്ചി കാവിരാഷ്ട്രീയത്തിന്റെ ചിഹ്നങ്ങളുമായി അലറിവിളിച്ച് പ്രതീകമായി വര്‍ത്തിച്ചപ്പോള്‍, കൂപ്പുകൈയോടെ ജീവനുവേണ്ടി യാചിച്ച ഖുത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ഇരകളുടെ പ്രതീകമായിത്തീര്‍ന്നു. (റോയിറ്ററിന്റെ അര്‍ക്കോ ദത്ത എടുത്ത ഖുത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ലോകപ്രശസ്തമാണ്).
സോണേ കീ ചാള്‍ എന്ന ചേരിയിലെ താമസക്കാരനായിരുന്നു ഖുത്ബുദ്ദീന്‍ അന്‍സാരി. അഹമ്മദാബാദില്‍ ജീവിച്ച ആളാണ് അശോക്‌മോച്ചി. ഈ രണ്ടുപേരും ഒരുപോലെ അധഃസ്ഥിതര്‍. പിറവിയുടെ കാരണങ്ങളാല്‍ പുറന്തള്ളപ്പെട്ടവര്‍. ഇവരെ പരസ്പരം കത്തിയോങ്ങാന്‍ പ്രേരിപ്പിച്ചത് മുഖ്യധാര! ഹര്‍ഷ്മാന്ദര്‍ ഈ വൈരുധ്യത്തെപ്പറ്റി തന്റെ പുസ്തകത്തില്‍ വാചാലനാവുന്നു.
നേരത്തേ സൂചിപ്പിച്ച പഠനറിപ്പോര്‍ട്ടും ഹര്‍ഷ്മാന്ദറുടെ നിരീക്ഷണങ്ങളും നമുക്കു മുന്‍പിലുള്ള ജീവിതയാഥാര്‍ഥ്യങ്ങളുമെല്ലാം മുന്നോട്ടുവയ്ക്കുന്നത് അധഃസ്ഥിതരുടെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ആവശ്യകതയാണ്. ഇങ്ങനെ ശ്രമിക്കുമ്പോഴും അവരുടെ മുന്‍പില്‍ ധാരാളം തടസ്സങ്ങളുണ്ടാവുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍വന്നപ്പോഴുണ്ടായ ഹാലിളക്കം കണ്ടതാണല്ലോ.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇപ്പോഴും പിറവികൊണ്ട് പിന്നാക്കമായിപ്പോയവര്‍ ധാരാളം വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്ന രോഹിത് വെമുലയും മുത്തുകൃഷ്ണനും അതിന്റെ ഉദാഹരണങ്ങളാണ്.
പിറവികൊണ്ടു മുന്നോക്കക്കാരായവരെ കൂടുതല്‍ മുന്നോട്ടു പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണു വ്യാപകമായി നടക്കുന്നത്. അതിന്റെ ഫലം പ്രാന്തവല്‍കൃതസമൂഹങ്ങളില്‍ പിറന്നവര്‍ പുറന്തള്ളപ്പെടുന്നു എന്നത് തന്നെ. ഇതേക്കുറിച്ചുള്ള തിരിച്ചറിവും എതിര്‍പ്രവര്‍ത്തനങ്ങളുമാണ് ഇന്നിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."