കുടിവെള്ളത്തിനുവേണ്ടി ഹിലാല്‍ കത്തെഴുതി; നടപടിയെടുക്കാന്‍ ബാലാവകാശ കമ്മിഷന് ഉത്തരവ്
പെരുമണ്ണ: സ്കൂളിലും പരിസരത്തും കുടിവെള്ളപ്രശ്നം രൂക്ഷമായപ്പോള്‍ കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസുകാരന് ഹിലാല്‍ സിദ്ദീഖിനു പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിലാല്‍ ബാലാവകാശ കമ്മിഷനു കത്തെഴുതി.
ഹിലാലിന്റെ കത്തു ലഭിച്ച ഉടന്‍ തന്നെ കമ്മിഷന് പ്രശ്നത്തില്‍ ഇടപെടുകയും വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് അയക്കുകയും ചെയ്തു. കഴിഞ്ഞ വേനലില്‍ കുടിവെള്ളപ്രശ്നം രൂക്ഷമായപ്പോഴാണ് ഹിലാല്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയത്. ഇത് ഫയലില്‍ സ്വീകരിച്ച കമ്മിഷന് ജില്ലാ-ഗ്രാമപഞ്ചായത്തിനോടും സ്കൂള്‍ പി.ടി.എയോടും സ്കൂളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടിയെടുക്കണമെന്നു നിര്‍ദേശിക്കുകയായിരുന്നു.
വേനല്‍കാലത്തു രൂക്ഷമായ കുടിവെള്ളപ്രശ്നം നേരിടുന്ന പ്രദേശമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്ന തടപ്പറമ്പകുന്ന്. 3,000ത്തോളം കുട്ടികള്‍ പഠിക്കുന്ന ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി നടപ്പാക്കാന്‍ മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിനോട് ബാലാവകാശ കമ്മിഷന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."