ഇരുകരകള്‍ക്ക് വിട; കരിങ്കയം സ്‌കൂള്‍ ഒന്നായി
ആലക്കോട്: ഇരുകരകളിലായി നടന്നിരുന്ന പഠനം പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ഒരുമിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കരിങ്കയം എ.എല്‍.പി സ്‌കൂള്‍ അധികൃതരും നാട്ടുകാരും. 2006ലെ കനത്ത മഴയില്‍ കരിങ്കയം എരുവാട്ടി മേഖലകളെ ബന്ധിപ്പിച്ചിരുന്ന നടപ്പാലം ഒഴുകിപോയതോടെയാണ് പഠനം ഇരുകരകളിലായത്. മഴക്കാലമായാല്‍ നിറഞ്ഞൊഴുകുന്ന കരിങ്കയം പുഴ കടക്കണമെങ്കില്‍ പാലമില്ലാതെ നിര്‍വാഹമില്ല. പാലം പുനസ്ഥാപിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാതെ വന്നതോടെ എരുവാട്ടി കമ്മ്യൂണിറ്റി ഹാളില്‍ താല്‍ക്കാലിക ക്ലാസ് മുറി ഒരുക്കുകയായിരുന്നു. സ്‌കൂള്‍ ഒന്നാണെങ്കിലും ഇരുകരകളില്‍ ചെന്ന് പഠിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു അധ്യാപകര്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മണിക്കല്‍ പാലം യാഥാര്‍ഥ്യമായതോടെയാണ് ക്ലാസ് മുറികള്‍ ഒരുമിക്കുന്നതിനു വഴിയൊരുങ്ങിയത്. മാനേജ്‌മെന്റിനൊപ്പം നാട്ടുകാരും രംഗത്ത് വന്നതോടെ സ്‌കൂള്‍ കെട്ടിടം നവീകരണം വേഗത്തിലിയത്. തറയോടുകള്‍ സ്ഥാപിക്കുകയും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കുകയും ചെയ്തു. മറുകരയിലുള്ള വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് എത്തിക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ വാഹന സര്‍വിസും ആരംഭിച്ചതോടെ ഇരുപത്തിയഞ്ചോളം കുരുന്നുകളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ എത്തിയത്. എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളും ആരംഭിച്ചതോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഈ വിദ്യാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."