മുനീബയുടെ ചോദ്യത്തിന് ആര് ഉത്തരം നല്‍കും
'ഈ രാജ്യത്ത് എന്താണു നടക്കുന്നത് ' എന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ മനസ്സില്‍ തറയ്ക്കുന്ന ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഈ കുറിപ്പു തുടങ്ങണമെന്നാണ് ഉദ്ദേശിച്ചിരുന്നത്. അതിനായി, മനസിലേക്ക് ഓടിയെത്തിയ മറ്റെല്ലാ വിഷയങ്ങളും വകഞ്ഞു മാറ്റുകയും ചെയ്തു. പക്ഷേ മുനീബയുടെ ചോദ്യം മാത്രം മാറാതെ മനസില്‍ തങ്ങിനിന്നു.
ഇന്ത്യയിലെ പരമോന്നത ന്യായാധിപനില്‍ നിന്നുണ്ടായ ചോദ്യം തീര്‍ച്ചയായും മനസിനെ നൊമ്പരപ്പെടുത്തുന്നതാണ്. എങ്കിലും, ചങ്കില്‍ത്തട്ടുന്ന മുനീബയുടെ ചോദ്യമുണ്ടല്ലോ, അതുപോലൊന്ന് കണ്ടില്ലെന്ന് നടിക്കുന്നത് ഈ രാജ്യത്തെ 'അശരണ'രായ കോടിക്കണക്കിനു പെണ്‍കിടാങ്ങളോടു ചെയ്യുന്ന അപരാധമായിരിക്കും.
ഉത്തര്‍പ്രദേശിലെ ബാരാബങ്കി സ്വദേശിനിയാണ് മുനീബ കിദ്വായി. ബാരാബങ്കിയിലെ ആനന്ദ്ഭവന്‍ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി. അവളാണ് താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്കു മുന്നിലെത്തിയ ക്രമസമാധാനപാലകരോടു ചോദിക്കുന്നത്, 'എനിക്കെന്തെങ്കിലും സംഭവിക്കില്ലെന്ന് എന്താണുറപ്പ്. എങ്ങനെയാണ് എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ സുരക്ഷ നിങ്ങള്‍ ഉറപ്പുവരുത്തുക'.
'ഈ രാജ്യത്ത് എന്താണ് നടക്കുന്നത് 'എന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചോദ്യത്തിനു നിമിത്തമായ ഉന്നാവോ പെണ്‍കുട്ടിയുടെ ദാരുണമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയായിരുന്നു മുനീബയുടെയും ചോദ്യം.
ഉന്നാവോ സംഭവശേഷം, സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ സുരക്ഷാബോധവല്‍ക്കരണ പരിപാടിയുമായി ചെന്നതായിരുന്നു യു.പി പൊലിസ്. ഏതു പ്രശ്‌നത്തിനു മുന്നിലും പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തണമെന്ന് ഉപദേശീ പൊലിസുകാര്‍ മുനീബയോടും സഹപാഠികളോടും നിര്‍ദേശിച്ചു. അതുകേട്ടപ്പോഴാണ് പൊലിസ് ഉപദേശികളെ ഉത്തരം മുട്ടിച്ച ചോദ്യങ്ങള്‍ മുനീബ ഉന്നയിച്ചത്.
'ഒരു വര്‍ഷം മുന്‍പ് ഒരു ബി.ജെ.പി നേതാവ് ഞങ്ങളുടെ പ്രായത്തിലുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കാര്യം ഞങ്ങള്‍ക്കറിയാം. അതുകഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം അയാളുടെ നേതൃത്വത്തില്‍ത്തന്നെ ഒരു കൂട്ടം നരാധമന്മാര്‍ അതേ പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയതും ഞങ്ങള്‍ക്കറിയാം. ഇക്കഴിഞ്ഞ ദിവസം ആ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ ദുരന്തം വെറും അപകടമല്ലെന്നും ബോധപൂര്‍വം നടത്തിയതാണെന്നും ഞങ്ങള്‍ക്കറിയാം.' ഇത്രയും പറഞ്ഞശേഷമാണ് അവള്‍ ക്രമസമാധാനപാലകര്‍ക്ക് നേരേ ആഞ്ഞുതറയ്ക്കുന്ന ആ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
'എനിക്കെന്തെങ്കിലും സംഭവിക്കില്ലെന്ന് എന്താണുറപ്പ്. എങ്ങനെയാണ് എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ സുരക്ഷ നിങ്ങള്‍ ഉറപ്പുവരുത്തുക.' മുനീബയുടെ ചോദ്യത്തിനു മുന്നില്‍ പകച്ചുപോയ പൊലിസുകാരെ കുറ്റം പറയുന്നില്ല, കാരണം മുകളില്‍ നിന്നുള്ള നിര്‍ദേശത്തിനൊത്ത് ആടാന്‍ വിധിക്കപ്പെട്ടവരാണവര്‍.
പക്ഷേ, അനിഷ്ടമുള്ള ഒരു ചോദ്യവും കേട്ടില്ലെന്നു നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുനീബയുടെ ചോദ്യങ്ങള്‍ക്കു എന്തുത്തരമാണു നല്‍കാനുള്ളത്. അവരോ അനുയായികളോ പ്രതികരിക്കില്ലെന്നറിയാം. വേട്ടക്കാരനൊപ്പം ഓടുന്നവര്‍ ഇരകളെ രക്ഷിക്കില്ലല്ലോ.
ഇത് മുനീബ കിദ്വായി എന്ന ബാരാബങ്കിയിലെ പതിനൊന്നാം ക്ലാസുകാരിയുടെ കണ്ഠത്തില്‍ നിന്നുമാത്രം ഉതിര്‍ന്ന ചോദ്യമല്ലെങ്കിലും അവരൊക്കെ മനസിലാക്കട്ടെ. ഏതുനേരവും എവിടെയും വച്ചു തങ്ങളുടെ മാനം പിച്ചിച്ചീന്തപ്പെടാമെന്ന ഭീതിയില്‍ കഴിയുന്ന ഈ രാജ്യത്തെ മുഴുവന്‍ സഹോദരിമാരുടെയും മനസില്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന ചോദ്യമാണത്.
ഈ പശ്ചാത്തലത്തില്‍തന്നെയാണ്, ബഹുമാനപ്പെട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ് വേദനയോടെ ഉന്നയിച്ച ആ ചോദ്യത്തെയും കാണേണ്ടത്. ഏതു കേസിന്റെയും വാദം നടക്കുമ്പോള്‍ ന്യായാധിപന്മാര്‍ സാധാരണ ഉന്നയിക്കാറുള്ള സംശയനിവാരണച്ചോദ്യമായിരുന്നില്ല അത്. ഉന്നാവോയിലെ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ച പീഡനങ്ങളുടെയും തിക്താനുഭവങ്ങളുടെയും ദയനീയചിത്രം അമിക്കസ് ക്യൂറി ഹൃദയസ്പൃക്കായി അവതരിപ്പിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സ്വയമറിയാതെ, ഉള്ളിലെ വേദന നിയന്ത്രിക്കാനാവാതെ ചോദിച്ചുപോയതാണത്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ നേതാവ് കൂടിയായ കശ്മലന്റെ നേതൃത്വത്തിലാണ്, അമിക്കസ്‌ക്യൂറിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ 'ജീവിതത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത തുടര്‍ക്രൂരതകള്‍' അരങ്ങേറിയത്. എന്നിട്ടും, ആ നിഷ്ഠൂരനെതിരേ മനസുതുറന്നൊന്നു പ്രതികരിക്കാന്‍ പോലും ഈ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കോ അനുചരന്മാര്‍ക്കോ കഴിഞ്ഞില്ല.
അമിക്കസ്‌ക്യൂറി പരമോന്നത നീതിപീഠത്തിനു മുന്നില്‍ അവതരിപ്പിച്ച ആ കൊടുംക്രൂരതയുടെ കഥ ഇവിടെ ചുരുക്കി പറയട്ടെ.
ജനപ്രതിനിധിയാണല്ലോ എന്നു കരുതിയാണ് ഉന്നാവോയിലെ ഈ ഹതഭാഗ്യയായ പെണ്‍കുട്ടി ജോലി ലഭിക്കാന്‍ എം.എല്‍.എയുടെ ശുപാര്‍ശ തേടി 2017 ജൂണ്‍ 17ന് ബന്ധുവിനൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നത്. താന്‍ ജനപ്രതിനിധിയാണെന്നോ മാന്യമായി പെരുമാറേണ്ടയാളാണെന്നോ തന്റെ മുന്നില്‍ നില്‍ക്കുന്നത് മകളുടെ പ്രായം മാത്രമുള്ളവളാണെന്നോ ചിന്തിക്കാതെ അവളെ കടിച്ചുകീറുകയായിരുന്നു ആ മനുഷ്യമൃഗം.
അവിടെയും തീര്‍ന്നില്ല ക്രൂരത. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരത ആഘോഷിച്ചു. അതിന് ആ നരാധമനൊപ്പം അയാളുടെ സഹോദരനും ബി.ജെ.പിയിലെ മറ്റു ചില അനുചരന്മാരും ചേര്‍ന്നു. അവിടെയും അടങ്ങിയില്ല നരാധമന്മാര്‍. പെണ്‍കുട്ടിയുടെ അമ്മയും കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ടു. ഇത്രയും ക്രൂരമായ സംഭവങ്ങള്‍ക്കെതിരേ പൊലിസില്‍ പരാതിപ്പെട്ട പിതാവിനെ കള്ളക്കേസില്‍ കുടുക്കി ലോക്കപ്പിലിട്ടു ഭീകരമായി തല്ലിച്ചതച്ചു, ആ പീഡനം താങ്ങാനാവാതെ ആ പാവം മനുഷ്യന്‍ ലോക്കപ്പില്‍ കിടന്നുമരിച്ചു.
ഇപ്പോഴിതാ കോടതി ഈ കേസുകള്‍ വിചാരണയ്‌ക്കെടുക്കാന്‍ പോകുന്ന ഘട്ടത്തില്‍ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ചു ദുരന്തം വിതച്ചിരിക്കുന്നു. കേസിലെ മുഖ്യസാക്ഷിയുള്‍പ്പെടെ പെണ്‍കുട്ടിയുടെ രണ്ട് ഉറ്റബന്ധുക്കള്‍ ആ അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയിപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററിലാണ്.
അഭിഭാഷകനും ഗുരുതരാവസ്ഥയിലാണ്. ഇത്രയും കേട്ടപ്പോഴായിരുന്നു കോടതിയുടെ ഞെട്ടലോടെയുള്ള ആ ചോദ്യം. ആരുത്തരം പറയും നീതിപീഠത്തിന്റെ ഈ ചോദ്യത്തിന്.
ഉന്നാവോ പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായ ഈ ദുരന്തങ്ങള്‍ വളരെ ഗൗരവത്തോടെയാണ് ഉന്നതനീതിപീഠം കൈകാര്യം ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചികിത്സയ്ക്കും സുരക്ഷയ്ക്കും പ്രത്യേക സംവിധാനമേര്‍പ്പെടുത്തി. കേസ് ഏത് കോടതി പരിഗണിക്കണമെന്നതും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ഉന്നതനീതിപീഠത്തിന്റെ സശ്രദ്ധമായ നിരീക്ഷണത്തിന്‍ കീഴില്‍ ഉന്നാവോ പെണ്‍കുട്ടിയെയും കുടുംബത്തിനും നേരേ കൊടുംക്രൂരത കാണിച്ച നരാധമന്മാര്‍ക്കു തക്ക ശിക്ഷ കിട്ടുമെന്നു പ്രതീക്ഷിക്കാം.
പക്ഷേ, മുനീബ ഉയര്‍ത്തിയ ചോദ്യം അപ്പോഴും ഉത്തരം കിട്ടാതെ നമ്മുടെ മനഃസാക്ഷിയുടെ വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയിലും കത്‌വയിലും പെരുമ്പാവൂരിലും ഷൊര്‍ണൂരിലും ഏറ്റവുമൊടുവില്‍ ഉന്നാവോയിലും തങ്ങളുടെ സമപ്രായക്കാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പിച്ചിച്ചീന്തപ്പെടുന്നതു കണ്ടു ഭയന്ന ഇന്ത്യയിലെ മുഴുവന്‍ സഹോദരിമാരുടെയും കണ്ഠങ്ങളില്‍ നിന്ന് ഈ ആര്‍ത്തനാദമുയരുന്നുണ്ട്. 'ഞങ്ങള്‍ക്ക് ആര് സംരക്ഷണം തരും.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."