കേന്ദ്ര സര്‍വകലാശാല തുറക്കണമെന്ന് കലക്ടറുടെ നിര്‍ദേശം
ഇന്നലെ ചേര്‍ന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ടവരുടെയും യോഗത്തിനുശേഷമാണ് കലക്ടര്‍ സര്‍വകലാശാല തുറക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്
കാസര്‍കോട്: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചിട്ട പെരിയ കേന്ദ്ര സര്‍വകലാശാല ഉടന്‍ തുറക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ടവരുടെയും യോഗത്തിനുശേഷമാണ് കലക്ടര്‍ സര്‍വകലാശാല തുറക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയത്. സര്‍വകലാശാലയില്‍നിന്ന് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ഥി അഖില്‍ തായത്തിനെ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പ്രൊ. വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍വകലാശാലയ്‌ക്കെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി അഖില്‍ തായത്തിനെ കോളജില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കാംപസിലെത്തിയ അഖില്‍ തായത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
തുടര്‍ന്നാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചത്. എസ്.എഫ്.ഐയടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രോ വൈസ് ചാന്‍സലര്‍ അടക്കമുള്ളവരെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കാംപസില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഉടലെടുത്തതിനെ തുടര്‍ന്നും തുടര്‍സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുമാണ് സര്‍വകലാശാല അടച്ചിട്ടത്.
ഇന്നലെ രാവിലെ കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബുവിന്റെ അധ്യക്ഷതയിലാണ് പ്രശ്‌നം പരിഹരിക്കാനുള്ള യോഗം നടന്നത്. എത്രയും പെട്ടെന്ന് സര്‍വകലാശാലയില്‍ അധ്യയനം ആരംഭിക്കണമെന്നും അഖില്‍ തായത്തിനെ തിരിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫേസ്ബുക്കില്‍ സര്‍വകലാശാലയ്‌ക്കെതിരേ പോസ്റ്റിട്ട അഖില്‍ തായത്തിനെ മാപ്പെഴുതി വാങ്ങി തിരിച്ചെടുക്കണമെന്നാണ് നിര്‍ദേശിച്ചത്. ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനിവാസ്, സര്‍വകലാശാല രജിസ്ട്രാര്‍, പ്രൊ. വൈസ് ചാന്‍സലര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."