152 ഡയറി പ്രമോട്ടര്‍മാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദാക്കി
മലപ്പുറം: ക്ഷീരവികസന വകുപ്പില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിതരായ 152 ഡയറി പ്രമോട്ടര്‍മാരെ സ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ തീരുമാനം റദ്ദാക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം റദ്ദാക്കിക്കൊണ്ട് വകുപ്പ് സെക്രട്ടറിക്കുവേണ്ടി അണ്ടര്‍ സെക്രട്ടറി ഐ. സുനിതയാണ് ഉത്തരവിറക്കിയത്.
കരാര്‍ അടിസ്ഥാനത്തില്‍ തുടര്‍ന്നുവന്ന എട്ടുമാസം കാലാവധി പൂര്‍ത്തിയാക്കിയ ഡയറി പ്രമോട്ടര്‍മാരെയാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ 2016 ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയാണ് സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തത്.
തീറ്റപ്പുല്‍ക്കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ബ്ലോക്ക്തലത്തില്‍ 2003 മുതല്‍ ഫോഡര്‍ പ്രമോട്ടര്‍ എന്നപേരിലും 2013 മുതല്‍ ഡയറി പ്രമോട്ടര്‍ എന്നപേരിലും നിയമിതരായവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ജീവനക്കാര്‍. ക്ഷീര വികസന ഡയരക്ടറുടെ ശുപാര്‍ശ പ്രകാരമായിരുന്നു യു.ഡി.എഫ് തീരുമാനം. പ്രൊജക്ടിന്റെ ഭാഗമായി നിയമിതരാവുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന കീഴ്‌വഴക്കം മറികടന്നാണ് നിയമനമെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
താല്‍ക്കാലികമായാണ് ഡയറി പ്രമോട്ടര്‍മാരെ നിയമിക്കാറെങ്കിലും മിക്കവരും വര്‍ഷങ്ങളായി ജോലിയില്‍ തുടര്‍ന്നുവരാറാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."