ദുബൈയില്‍ ബീച്ചുകള്‍ സുരക്ഷിതമാക്കാന്‍ ഡ്രോണുകളും
ദുബൈ: ദുബൈയിലെ പൊതു ബീച്ചുകള്‍ സുരക്ഷിതമാക്കാന്‍ ഇനി മുതല്‍ ഡ്രോണുകളും. ദുബൈ മുനിസിപ്പാലിറ്റിയാണ് ഇതിനായി ചെറു ഡ്രോണുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്കായി ഇത്തരമൊരു സംവിധാനമൊരുങ്ങുന്നത്.
കടലില്‍ മുങ്ങിത്താഴുന്ന ആളുകളെ ദൂരെനിന്നു കണ്ടെത്താന്‍ സാധിക്കുന്ന ഈ 'ഫ്‌ളയിങ് റെസ്‌ക്യൂവര്‍' ഞൊടിയിടയില്‍ അവര്‍ക്കരികിലേക്കു പറന്നെത്തും.
ഒരേസമയം എട്ടു ലൈഫ് ജാക്കറ്റുകള്‍ കൊണ്ടുപോകാന്‍ ശേഷിയുള്ള ഡ്രോണ്‍ മുങ്ങിത്താഴുന്നവര്‍ക്കു ലൈഫ് ജാക്കറ്റുകള്‍ നല്‍കും. മാത്രമല്ല, വെള്ളത്തില്‍ തൊടുമ്പോള്‍ തനിയെ തുറന്നു വലുതാകുന്ന ഒരു റാഫ്റ്റും ഡ്രോണിനൊപ്പം ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഒന്നിലധികം ആളുകള്‍ക്ക് എളുപ്പം രക്ഷപ്പെടാം.കരയിലുള്ള രക്ഷാസംഘത്തിനു മുങ്ങുന്നവരുടെ കൃത്യമായ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ഡ്രോണ്‍വഴി മനസിലാക്കാനും സാധിക്കും. ബാറ്ററി ചാര്‍ജ് ചെയ്താല്‍ അര മണിക്കൂര്‍വരെ റെസ്‌ക്യൂ ഡ്രോണ്‍ പറക്കും. ദുബൈയിലെ കടല്‍ത്തീരങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്താണ് സുരക്ഷയ്ക്കായി നൂതന രീതികള്‍ സ്വീകരിക്കുന്നതെന്നു പാരിസ്ഥിതിക സുരക്ഷാവിഭാഗം സി.ഇ.ഒ ഖാലിദ് ഷെരീഫ് അല്‍ അവാദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."