മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പ്; ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചത് വിദഗ്ധ സമിതിയുടെ പേരില്‍ തെറ്റിദ്ധാരണ പരത്തിയത്
കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് കോളജിലെ (എം. ഐ. ഇ. ടി) സിവില്‍, ആര്‍ക്കിടെക്ചര്‍, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചതോടെ മര്‍കസ് അധികൃതര്‍ വെട്ടില്‍. ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വളച്ചൊടിച്ചു കോഴ്സുകള്‍ക്ക് അംഗീകാരമുണ്ടെന്ന് മര്‍കസ് അധികൃതര്‍ പ്രചരിപ്പിച്ചതാണ് കലക്ടറെ പ്രകോപിപ്പിച്ചത്.
കലക്ടര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിനെക്കുറിച്ച് അദ്ദേഹം പ്രതികരിക്കുന്നതിനു മുന്‍പ് കോഴ്സുകള്‍ക്ക് അംഗീകാരമുണ്ടെന്ന രീതിയില്‍ മര്‍കസ് പ്രചാരണം നടത്തുകയും പത്രകുറിപ്പ് ഇറക്കി തെറ്റിദ്ധാരണ പരത്തുകയും ചെയ്തിരുന്നു.
കോഴ്സുകള്‍ക്ക് അംഗീകാരമില്ലെങ്കിലും അംഗീകാരം കൊടുക്കാവുന്നതാണെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന്റെ മറപിടിച്ച് കോഴ്സുകള്‍ക്ക് അംഗീകാരമുണ്ടെന്ന രീതിയില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തെറ്റിദ്ധരിപ്പിച്ചതാണ് മര്കസിനു വിനയായത്.
പ്രശ്നം പരിഹരിക്കുന്നതിനു പകരം വീണ്ടും വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുന്ന നിലപാടാണ് ഇതുവഴി മര്‍കസ് അധികൃതര്‍ സ്വീകരിച്ചത്. വിദഗ്ധ സമിതിയെ കുറിച്ചു വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതാണ് ഇതുവരെ മര്‍കസിനെ പരസ്യമായി തള്ളിപ്പറയാതിരുന്ന കലക്ടര്‍ മര്‍കസിനും അവര്‍ നല്കിയ പത്രപ്പരസ്യത്തിനും എതിരേ ശക്തമായ രീതിയില്‍ പ്രതികരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ഇതിനായി ഇന്നലെ കലക്ടറേറ്റില്‍ കലക്ടര്‍ പത്രസമ്മേളനം നടത്തുകയായിരുന്നു. ജില്ലാ ഭരണകൂടവും ഹൈക്കോടതിയും മര്‍കസിനെതിരേ രംഗത്തുവന്നതോടെ വിദ്യാര്‍ഥി സമരം വിജയം കണ്ടിരിക്കുകയാണ്. പൊലിസ് മേധാവിയുടെ അനുമതിയോടെ സമരം വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."