പൊതുസ്ഥലത്തെ അറവ്; എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറവുകാരനും അറസ്റ്റില്‍
കണ്ണൂര്‍: കന്നുകുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണംചെയ്ത സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് കെ.പി ഷറഫുദ്ദീന്‍, സുദീപ് ജെയിംസ്, എം.കെ വരുണ്‍, പി.എ ഹരി, വി.കെ ഷമേജ്, ജസ്റ്റിസന്‍ ചാണ്ടിക്കൊല്ലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്ടാമ്പള്ളിയില്‍നിന്നെത്തിയ അറവുകാരന്‍ മുത്തലിബും അറസ്റ്റിലായിട്ടുണ്ട്. ഇയാളാണ് കന്നുകുട്ടിയെ പരസ്യമായി അറുത്ത് ഇറച്ചി വിതരണം ചെയ്തത്.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി രതീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പൊലിസാണ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കണ്ണൂര്‍ പ്രഭാത് ജങ്ഷനില്‍ വച്ച് സിറ്റി സി.ഐ കെ.വി പ്രമോദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിലെത്തിച്ച പ്രതികളെ പിന്നീട് രണ്ടാള്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ സിറ്റിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാംസം വിതരണം ചെയ്തത്. കന്നുകുട്ടിയെ എത്തിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യന്‍ പൊലിസ് ആക്ട് 124 (എ) പ്രകാരമാണ് കേസ്. ഒരുവര്‍ഷം വരെ തടവും അയ്യായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇതുകൂടാതെ 143,147, 149 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊതുസ്ഥലത്ത് നിയമവിരുദ്ധമായി സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകളാണിവ. സംഭവം വിവാദമായതിനെ തുടര്‍ന്ന് റിജില്‍ മാക്കുറ്റിയടക്കം എട്ടുപേരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."