ഗതാഗതം നിയന്ത്രിക്കാന്‍ റോബോട്ട് വരുന്നു
കൊച്ചി: തിരക്കുള്ള ജങ്ഷനില്‍ പൊരിവെയിലും കനത്തമഴയും പൊടിയും വകവയ്ക്കാതെ ഗതാഗതം നിയന്ത്രിക്കുന്ന പൊലിസുകാര്‍ നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയാണ്. മിക്കവാറും ഒരുതുള്ളി വെള്ളംപോലും കുടിക്കാന്‍ സാധിക്കാതെയാണ് ഇവര്‍ നില്‍ക്കുന്നത്. ഇത്തരക്കാര്‍ക്ക് ആശ്വസമേകുന്ന പദ്ധതിക്ക് തുടക്കംകുറിക്കാന്‍ പൊലിസ് വകുപ്പ് ഒരുങ്ങുന്നു.
ട്രാഫിക് സിഗ്നലുകള്‍ നിയന്ത്രിക്കാന്‍ റോബോട്ടുകളെ കൊണ്ടുവരാനാണ് തീരുമാനം. അടുത്തുതന്നെ ട്രാഫിക് നിയന്ത്രിക്കാന്‍ പൊലിസുകാര്‍ക്ക് പകരം റോബോട്ടുകള്‍ എത്തും. ഈ പദ്ധതി വിജയിച്ചാല്‍ വെയിലും മഴയും കൊണ്ട് പൊലിസുകാര്‍ ബുദ്ധിമുട്ടേണ്ടി വരില്ല.
സംസ്ഥാനത്തെ തിരക്കുള്ള ജങ്ഷനുകളില്‍ പ്രത്യേക പരിശീലനം നല്കിയ റോബോട്ട് ട്രാഫിക് പൊലിസിനെ കൊണ്ടുവരാനാണ് പൊലിസ് വകുപ്പിന്റെ തീരുമാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭ ഘട്ട ചര്‍ച്ചയിലാണ്.
റോബോട്ടിന് രൂപംനല്‍കാനായി ആറ് ഐ.ടി കമ്പനികളുമായും മൂന്ന് യൂനിവേഴ്സിറ്റികളുമായും ചര്‍ച്ച ആരംഭിച്ചതെന്നും സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ ഐ.ജി മനോജ് അബ്രഹാം പറഞ്ഞു.
ചുട്ടുപൊള്ളുന്ന ചൂട് സഹിച്ച് ഗതാഗതം നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രാഫിക് പൊലിസുകാരുടെ എണ്ണം കുറവാണെന്നും ഈ ഒഴിവുകള്‍ നികത്തുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് റോബോട്ടിനെ ഉപയോഗിക്കാം എന്ന ആശയം വരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. റോബോട്ട് നിര്‍മിക്കുന്നതിനുള്ള ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം റോബോര്‍ട്ടിന് പരിശീലനം നല്‍കും. ഇതിനായി തിരഞ്ഞെടുത്ത ജങ്ഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഐ.ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."