ഒന്‍പത് വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ഒന്‍പതാം തിയതി വരെ വിവിധ ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴക്കാണ് ( 24 മണിക്കൂറില്‍ 204 മി.മീറ്ററില്‍ കൂടുതല്‍) സാധ്യത.
ഇന്ന് മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും, നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലും, എട്ടിന് തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒന്‍പതിന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതോ (115 മി.മീറ്റര്‍ വരെ) അതിശക്തമായതോ (115മി.മീറ്റര്‍ മുതല്‍ 204.5 മി.മീറ്റര്‍ വരെ) ആയ മഴക്കാണ് സാധ്യത.
ഇതിനു പുറമേ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം , ഇടുക്കി, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലും എട്ടിന് ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും ഒന്‍പതിന് എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ വ്യാഴാഴ്ചവരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."