ബ്യൂറോക്രാറ്റുകള്‍ക്ക് കുടിച്ച് കൂത്താടാന്‍ തലസ്ഥാനത്ത് സര്‍ക്കാര്‍ വക കെട്ടിടം: ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുക്കാതെ ഐ.എ.എസ് ലോബി
തിരുവനന്തപുരം: തലസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യസല്‍ക്കാരം നടത്താനും കുടിച്ച് കൂത്താടാനും സര്‍ക്കാര്‍ കെട്ടിടം. സംസ്ഥാന സര്‍ക്കാര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുക്കാതെ ഐ.എ.എസ് ലോബി കൈയടക്കിയിരിക്കുന്ന തിരുവനന്തപുരം കവടിയാറിലെ ഗോള്‍ഫ് ക്ലബിന് സമീപത്തുള്ള സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ മദ്യസല്‍ക്കാരം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
2015-16 കാലഘട്ടത്തില്‍ ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയുടെ വസതിയെന്ന നിലക്കായിരുന്നു കെട്ടിടം ഏറ്റെടുത്തത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചീഫ് സെക്രട്ടറിമാരായെത്തിയ പി.കെ മോഹന്തി, എസ്.എം വിജയാനന്ദ്,നളിനി നെറ്റോ, കെ.എം എബ്രഹാം, പോള്‍ ആന്റണി എന്നിവരും ഇപ്പോള്‍ ചുമതല വഹിക്കുന്ന ടോം ജോസും കെട്ടിടം ക്വാര്‍ട്ടേഴ്‌സായി ഉപയോഗിച്ചില്ല.
വി.എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായപ്പോള്‍ കെട്ടിടം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈയടുത്ത് ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോഴും ഔദ്യോഗിക വസതിയാക്കുന്നതിന് കെട്ടിടം ആവശ്യപ്പെപ്പട്ടു.
അപ്പോഴൊക്കെയും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തടസവാദങ്ങള്‍ ഉന്നയിച്ച് ആ നീക്കം തടഞ്ഞു. ഇ.പി ജയരാജന് വാടകയ്ക്ക് വീടെടുക്കുകയാണ് ചെയ്തത്. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുടെ ഓഫിസുകള്‍ക്കായും ഈ കെട്ടിടം പരിഗണിച്ചെങ്കിലും വിട്ടുനല്‍കിയില്ല. നിലവില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ മദ്യസല്‍ക്കാരത്തിനും ആഘോഷങ്ങള്‍ക്കുമായി സര്‍ക്കാര്‍ കെട്ടിടം ദുരുപയോഗം ചെയ്യുകയാണ്. നഗരത്തിലെ പ്രധാനയിടത്ത് വാടകയിനത്തില്‍പോലും ലക്ഷങ്ങള്‍ സര്‍ക്കാരിന് ലഭിക്കുകയോ ലാഭിക്കുകയോ ചെയ്യാവുന്ന സ്ഥാനത്താണ് ഈ ദുരുപയോഗം നടക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പുതിയ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമന്റെ പാര്‍ട്ടി ഈ കെട്ടിടത്തില്‍ നടത്തിയതെന്നാണ് വിവരം. മൂന്നുദിവസമായി ശ്രീറാം ഇവിടെ താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയിലെ മദ്യസല്‍ക്കാരത്തിനു ശേഷം മറ്റൊരു സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനൊപ്പം ഇവിടെ നന്നിറങ്ങിയ ശ്രീറാം കവടിയാറിലെ വിവേകാനന്ദപാര്‍ക്കിനു മുന്നില്‍ വാഹനമിറങ്ങുകയും പിന്നീട് വഫ ഫിറോസിനെ വിളിച്ചുവരുത്തുകയുമായിരുന്നു എന്നാണ് അനുമാനം. അതേസമയം അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."