ഉപഭോക്തൃ സംരക്ഷണ ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡല്‍ഹി: 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പകരമായി കൊണ്ടുവന്ന ഉപഭോക്തൃ സംരക്ഷണ ബില്‍ രാജ്യസഭയും പാസാക്കി. ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നു. ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ദേശീയതലത്തില്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കുക, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ബില്‍. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് 10 ലക്ഷം വരെ പിഴയീടാക്കാം.
ഉത്പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികള്‍ക്കും ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടാകും. 109 പുതിയ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ഓണ്‍ലൈന്‍ വിപണി, ഡയരക്ട് മാര്‍ക്കറ്റിങ് തുടങ്ങിയവയെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ദേശീയ തലത്തില്‍ രൂപീകരിക്കുന്ന കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായിരിക്കും ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുക. സമിതിക്ക് ഡയരക്ടര്‍ ജനറല്‍ അധ്യക്ഷനായ അന്വേഷണ വിഭാഗമുണ്ടാകും. അവര്‍ക്ക് ഉല്‍പന്നങ്ങള്‍ പരിശോധന നടത്താനും പിടിച്ചെടുക്കാനും അധികാരമുണ്ടായിരിക്കും.
ദോഷമുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാനും സമിതിക്ക് ഉത്തരവിടാം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കോടതിയില്‍ കേസും ഫയല്‍ ചെയ്യാം. ഒരു ഉത്പന്നത്തിന്റെ ഗുണത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദമുള്ള പരസ്യങ്ങള്‍, ഉത്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള തെറ്റായ വിവരം, വ്യാജ ഗ്യാരണ്ടി തുടങ്ങിയവയും ബില്ലിന്റെ പരിധിയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."