ഭവനം, ഗതാഗതം: കേരളത്തിന് ചൈനീസ് വാഗ്ദാനം
തിരുവനന്തപുരം: ഭവന നിര്‍മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മാണം, കൃഷി എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതിക സഹായം നല്‍കാമെന്ന് ചൈനീസ് വാഗ്ദാനം. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ചാഹൂ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് പ്രാഥമിക ധാരണയായി. വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചൈനീസ് പ്രതിനിധി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചൈനീസ് പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തും.
കേരളവുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണക്ക് അവസാനരൂപം നല്‍കുന്നതിന് ഇവിടെ നിന്ന് പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കണമെന്ന അംബാസഡറുടെ നിര്‍ദേശം മുഖ്യമന്ത്രി സ്വീകരിച്ചു. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം ചൈനയിലേക്ക് പ്രതിനിധി സംഘം പോകും.ഇപ്പോള്‍ ഡീസല്‍ ഉപയോഗിച്ച് ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇലക്ട്രിക് ബസുകളാക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി ചൈനീസ് അംബാസഡറുടെ മുമ്പില്‍ വെച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ആറായിരം ബസുകളും ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെലവ് ഗണ്യമായി കുറയ്ക്കാന്‍ അതുവഴി കഴിയും.
റബര്‍ ഉപയോഗിച്ച് തടയണകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് കേരളത്തില്‍ ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ റബര്‍ ഉല്‍പാദനത്തിന്റെ 90 ശതമാനവും കേരളത്തില്‍ നിന്നാണ്.
കേരളത്തില്‍ വീടില്ലാത്ത അഞ്ചുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് വീട് നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രീഫാബ്രിക്കേറ്റഡ് നിര്‍മാണരീതി ഉപയോഗിക്കുകയാണെങ്കില്‍ ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. ഇക്കാര്യത്തില്‍ ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."