രണ്ടു ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ചു; ഐ.എ.എസില്‍ 44-ാം റാങ്കുകാരനായി
റോഹ്തക്: 22 ലക്ഷം രൂപ തുടക്കശമ്പളമുള്ള ജോലി വേണോ, ജനസേവകനാകണോ..? മുന്നില്‍ തെളിഞ്ഞ രണ്ട് അവസരങ്ങളില്‍ രണ്ടാമത്തേതാണ് ഹരിയാനയിലെ ജിന്ദ് സ്വദേശിയായ ഹിമാന്‍ഷു ജെയ്ന്‍ തിരഞ്ഞെടുത്തത്. എന്നാല്‍, ഹിമാന്‍ഷുവിന്റെ തിരഞ്ഞെടുപ്പ് പാളിയില്ല. ഇത്തവണ സിവില്‍ സര്‍വിസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 44-ാം റാങ്കുകാരനായിരുന്നു ഈ 24കാരന്‍.
ഹൈദരാബാദിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐ.ഐ.ഐ.ടി)യില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ഹിമാന്‍ഷുവിന് ആമസോണ്‍, ഗൂഗ്ള്‍ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍ ജനസേവനമായിരുന്നു ഈ യുവാവിന്റെ മനസിലുണ്ടായിരുന്നത്. ആമസോണില്‍ മൂന്നു മാസം ഇന്റേണ്‍ഷിപ്പ് ചെയ്ത ഹിമാന്‍ഷുവിന് 22 ലക്ഷം രൂപ തുടക്കശമ്പളമുള്ള ജോലി കമ്പനി അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അതല്ല തന്റെ ഉത്തരവാദിത്തമെന്ന് മനസിലാക്കി അവന്‍ വേണ്ടെന്നു വച്ചു. തന്റെ ലക്ഷ്യം മനസിലാക്കി ഹിമാന്‍ഷു രണ്ടു പ്രാവശ്യം സിവില്‍ സര്‍വിസ് പരീക്ഷയ്ക്കിരുന്നു. രണ്ടു തവണയും പ്രിലിമിനറിയില്‍ വിജയിച്ചെങ്കിലും മെയിന്‍ കടമ്പ കടക്കാനായില്ല. പ്രബന്ധമായിരുന്നു പ്രധാന വില്ലന്‍. അതില്‍ കൂടുതല്‍ പരിശീലനം നേടി മൂന്നാം തവണയും പരീക്ഷയ്ക്കിരുന്നു. എന്നാല്‍, ഫലം അനുകൂലമായെന്നു മാത്രമല്ല ദേശീയതലത്തില്‍ ഉന്നത റാങ്കും നേടാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."