കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാടകീയ നീക്കവുമായി സി.പി.എം
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാടകീയ നീക്കവുമായി വീണ്ടും സി.പി.എം. വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനു പിന്നാലെ പ്രസിഡന്റിനെതിരേയും അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി. പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസിനെതിരേ സി.പി.എമ്മിലെ ആറ് അംഗങ്ങളാണ് കഴിഞ്ഞ ദിവസം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസപ്രമേയത്തിനുള്ള നോട്ടിസ് നല്‍കിയത്. നാലുദിവസം മുന്‍പ് പഞ്ചായത്ത് വൈസ് പ്രസിഡഡന്റ് ബി.ജെ.പിയിലെ ദാമോദരന്‍ തൊടുപ്പത്തിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസം സി.പി.ഐയുടെയും ഒരു സ്വതന്ത്രന്റെയും വിമത വിഭാഗം കോണ്‍ഗ്രസിലെ ഒരംഗത്തിന്റെയും പിന്തുണയോടെ പാസാവുകയായിരുന്നു.
16 അംഗങ്ങളുള്ള പഞ്ചായത്തില്‍ സി.പി.എം ആറ്, സി.പി.ഐ ഒന്ന്, കോണ്‍ഗ്രസ് വിമതര്‍ നാല്, ആര്.എസ്.പി ഒന്ന്, ബി.ജെ.പി മൂന്ന്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒന്പതംഗങ്ങളുടെ പിന്തുണയുണ്ടങ്കിലെ അവിശ്വാസം പാസാവുകയുള്ളു. സി.പി.ഐയുടെ അംഗം ഇത്തവണയും അവിശ്വാസ നോട്ടിസില്‍ ഒപ്പുവച്ചിട്ടില്ല. സി.പി.എമ്മുമായി പ്രദേശിക വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന സി.പി.ഐ നേരത്തെ ബി.ജെ.പി അംഗത്തിനെതിരേയുള്ള അവിശ്വാസമായതിനാലാണ് സി.പി.എമ്മിനു പിന്തുണ നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയത്തെ സി.പി.ഐയും സ്വതന്ത്രനും പിന്തുണക്കില്ലെന്നാണ് സൂചന. അതിനിടെ നാടകീയ നീക്കങ്ങളിലൂടെ അവിശ്വാസ പ്രമേയം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."