ശ്രീറാമിന് മറവിരോഗം; രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ ബോര്‍ഡും ആ പ്രത്യേക സംഭവം ഓര്‍മയില്‍ ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ ബോര്‍ഡും. ശ്രീറാമിന് മറവിരോഗമെന്ന് മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍. ശ്രീറാമിന് 'റെട്രോഗ്രേഡ് അംനീഷ്യ' എന്ന മറവിരോഗമാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നിഗമനം. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെയാണ് 'റെട്രോഗ്രേഡ് അംനീഷ്യ' എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചിലപ്പോള്‍ സംഭവം എന്നെന്നേക്കുമായി ശ്രീറാം മറന്നു പോകാന്‍ ഇടയുണ്ടെന്നും അല്ലെങ്കില്‍, ആഘാതത്തില്‍ നിന്നും മുക്തനാകുമ്പോള്‍ ഈ ഓര്‍മകള്‍ ശ്രീറാമിന് തിരികെ ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രോമ ഐ.സിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യ നില മെച്ചപ്പെട്ടെന്ന് വിലയിരുത്തിയാണ് വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം. അതേസമയം, സംഭവം നടന്ന രാത്രിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാമിനെ ഡയാലിസിന് വിധേയമാക്കിയെന്നും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
എന്നാല്‍, ഹൈക്കോടതിയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതോടെ മുഖം രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊലിസ്. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും അതിന് ഉചിതമായ നീക്കങ്ങള്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യം മറികടക്കാന്‍ തീവ്ര നിലപാടുകളുമായി മുന്നോട്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസില്‍ അന്വേഷണം ആദ്യം മുതല്‍ തുടങ്ങും. സംഭവത്തില്‍ കുറ്റാരോപിതനായി സസ്‌പെന്‍ഷനില്‍ കഴിയുന്ന എസ്.ഐയെയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെയും പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പ്രധാന തെളിവുകള്‍ നഷ്ടപ്പെടുത്തിയത് എസ്.ഐ ആണെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്ന സമയത്ത് തന്നെ മ്യൂസിയം സി.ഐ സുനിലിനെ മൊബൈല്‍ ഫോണ്‍ വഴി വിവരം അറിയിച്ചെന്നും സി.ഐയുടെ നിര്‍ദേശ പ്രകാരമാണ് മുന്നോട്ട് നീങ്ങിയതെന്നുമാണ് ക്രൈം എസ്.ഐ ജയപ്രകാശ് സിറ്റി പൊലിസ് കമ്മിഷനര്‍ ജിനേന്ദ്ര കശ്യപിന് നല്‍കിയ വിശദീകരണം. അതുകൊണ്ടു തന്നെ സി.ഐ യുടെ മൊഴി കൂടി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ് എന്നിവരുടേയും മൊഴിയെടുക്കും. ശ്രീറാമിനെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സാക്ഷിയാക്കും. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ശ്രീറാമിനെ രക്ഷിക്കാന്‍ മ്യൂസിയം പൊലിസ് വഴിവിട്ട ശ്രമങ്ങള്‍ നടത്തി എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍, ഇക്കാര്യം ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."