കരിപ്പൂരിന്റെ 1001 പകലുകള്‍
ആയിരത്തൊന്നു രാത്രികള്‍ എഴുതപ്പെട്ടത്, ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട പ്രദേശം ഭരിച്ചിരുന്ന ഷഹരിയാര്‍ എന്ന രാജാവ് സ്വന്തം രാജ്ഞിയുടെ വിശ്വാസവഞ്ചനയ്ക്കു ദൃക്‌സാക്ഷിയായപ്പോഴാണ്. രാജ്ഞിയെ കൊന്നിട്ടും കലി തീരാത്ത രാജാവ് ദിനംപ്രതി ഓരോ കന്യകയെ വിവാഹം കഴിച്ചു. ആദ്യരാത്രിയിലെ ഭോഗസുഖത്തിനു ശേഷം കൂടെ കിടന്നവളെ കൊല്ലുകയായിരുന്നു പതിവ്. ഒടുവില്‍ ആ നാട്ടില്‍ കന്യകയായ മന്ത്രിപുത്രി മാത്രം അവശേഷിച്ചു.
ഷഹരസാദ് എന്ന മന്ത്രിപുത്രി സുന്ദരി മാത്രമായിരുന്നില്ല, ബുദ്ധിശാലി കൂടിയായിരുന്നു. നാട്ടിലെ പെണ്‍കുട്ടികളുടെ രക്ഷയ്ക്കായി അവള്‍ രാജപത്‌നിയായി. ഓരോ രാത്രിയും ഷഹരസാദ് ഓരോ കഥ പറഞ്ഞു രാജാവിന്റെ ഉറക്കം കെടുത്തി. കഥയുടെ ബാക്കി നാളെയിലേക്കു കൊണ്ടുപോയി. ഓരോ ദിവസവും പുതിയ കഥകള്‍ മെനഞ്ഞെടുത്തുകൊണ്ട് ആയിരംരാവുകള്‍ കടന്നുപോയതു രാജാവറിഞ്ഞില്ല. രാജാവിന്റെ മനസ്സില്‍ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും വിത്തുകള്‍ പാകിയ ആ കഥകള്‍ ക്രോഡീകരിച്ചെഴുതിയതാണ് ആയിരത്തൊന്നു രാത്രികള്‍.
അതുപോലെ, കരിപ്പൂര്‍ വിമാനത്താവളത്തിനും ഒരായിരം കഥകള്‍ പറയാനുണ്ട്, നമുക്കതിനെ ആയിരത്തൊന്നു പകല്‍ക്കഥകളാക്കി എഴുതാം. യഥാര്‍ഥത്തില്‍ ആയിരത്തി ഇരുനൂറ്റമ്പതോളം രാപ്പകലുകളുടെ സംഭവബഹുലമായ കഥകള്‍ കരിപ്പൂരിന് എഴുതാനുണ്ട്. ഇവിടെയും വിശ്വാസവഞ്ചനയുടെ ചരിത്രമാണു പറയാനുള്ളത്. വിമാനത്താവളം ഭാഗികമായി അടച്ചിട്ട നാള്‍മുതല്‍ ഓരോ പകലിന്റെ അവസാനത്തിലും അധികൃതര്‍ ഓരോ അസത്യകഥകളുണ്ടാക്കി മലബാറുകാരെ പറ്റിച്ചു. നേരം പുലരുമ്പോള്‍ പറഞ്ഞുവച്ച കഥകളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്നു മലബാറുകാര്‍ക്കു ബോധ്യപ്പെടാന്‍ ആയിരത്തിലേറെ രാവുകള്‍ വേണ്ടിവന്നു.
പോയ നാളുകളിലെ ആയിരത്തോളം കഥകള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ല. മലബാറുകാരുടെ നല്ല മനസ്സുകൊണ്ട്, നിരന്തരമായ അവരുടെ പോരാട്ടംകൊണ്ട്, 1278 നീണ്ട ദിനരാത്രങ്ങളിലെ തപസ്യയുടെ അവസാനം മലബാറുകാരുടെ കരിപ്പൂരാകാശത്തില്‍ വലിയ വിമാനങ്ങള്‍ വട്ടമിട്ടു കറങ്ങാന്‍ തുടങ്ങുന്നു. ഷഹരസാദ് പറഞ്ഞ ആയിരത്തൊന്നു രാത്രികളുടെ കഥകള്‍ ക്രോഡീകരിച്ചപോലെ കരിപ്പൂരിന്റെ 1250 രാപ്പകലുകളുടെ കഥകളും ഇവിടെ എഴുതണം.
മലബാറുകാരെ പറഞ്ഞു പറ്റിച്ച ആ കഥകള്‍ മെനഞ്ഞെടുത്തത് ആരായിരുന്നു. ആരുടെ താല്‍പ്പര്യം പരിരക്ഷിക്കാനായിരുന്നു കള്ളം പറഞ്ഞു കരിപ്പൂരില്‍ വിലക്കേര്‍പ്പെടുത്തിയത്. മലബാറിലെ രാഷ്ട്രീയക്കാര്‍ക്ക് അതിലുള്ള പങ്ക് എത്രത്തോളം. എന്തുകൊണ്ട് അവര്‍ ആയിരത്തിലേറെ പകലുകള്‍ നിശ്ശബ്ദതയില്‍ കഴിഞ്ഞു. ചുരുളഴിക്കാന്‍ തുടങ്ങിയാല്‍ അവസാനിക്കുന്നതല്ല ആ നിഗൂഢരഹസ്യങ്ങള്‍.
ലോകത്തില്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്തത്രയും ദൈര്‍ഘ്യമേറിയതായിരുന്നു കരിപ്പൂരിന്റെ റണ്‍വേ നവീകരണം. ആയിരത്തിലേറെ രാപ്പകലുകള്‍! കരിപ്പൂരിന്റെ തെക്കും വടക്കും ഇരുനൂറില്‍ത്താഴെ കിലോമീറ്റര്‍ അകലത്തില്‍ നിലകൊള്ളുന്ന സ്വകാര്യവിമാനത്താവളങ്ങളെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ആരൊക്കെയായിരുന്നു. എല്ലാ രാഷ്ട്രീയക്കാരും ഈ കളവുപറച്ചിലിനു ശക്തിപകര്‍ന്നവരാണ്. ചില ഉദ്യോഗസ്ഥര്‍ അവരുടെ ശിങ്കിടികളായി മാറിയ കഥകളും മലബാറുകാര്‍ മറക്കുന്നില്ല.
ദീര്‍ഘകാലം ലോകോത്തര വിമാനക്കമ്പനിയുടെ ഉദ്യോഗസ്ഥനായി ജോലിചെയ്ത പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ രാഷ്ട്രീയക്കാരുമായും ഒരിക്കല്‍ മുഖ്യമന്ത്രിയുമായും കരിപ്പൂരില്‍ വലിയവിമാനങ്ങള്‍ ഇറങ്ങുന്നതിലെ വിലക്ക് സംശയലേശമെന്യേ ശരിയല്ലെന്നും ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിബന്ധനകള്‍ പാലിച്ചു നിലവിലെ റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കുമെന്നും ധരിപ്പിച്ചിരുന്നു. കോഴിക്കോട്ടെ വലുതും ചെറുതുമായ എല്ലാ സംഘടനകളും നിവേദനങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്കു കൊടുത്തിരുന്നു. വിമാനക്കമ്പനികള്‍ അവരവരുടെ സാങ്കേതിക പഠനറിപ്പോര്‍ട്ടുകള്‍ വേണ്ടസമയത്തു സമര്‍പ്പിച്ചിരുന്നു.
മലബാര്‍ ഡെവലപ്‌മെന്റ് ഫോറം രാപ്പകല്‍ സമരങ്ങള്‍ സംഘടിപ്പിച്ചു. ആ സമരപ്പന്തലില്‍ എല്ലാ നേതാക്കന്മാരും വന്നു വാതോരാതെ പ്രസംഗിച്ചു. ഡല്‍ഹിയില്‍ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ മലബാറിലെ എല്ലാ എം.പിമാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമെന്നു സമരപ്പന്തല്‍ സാക്ഷിനിര്‍ത്തി അവര്‍ ഉറപ്പുതന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഒന്നും നടന്നില്ല. പ്രധാനമന്ത്രി പോയിട്ടു വകുപ്പുമന്ത്രിയെപ്പോലും കാണാന്‍ അവര്‍ മിനക്കെട്ടില്ല. രാഷ്ട്രീയപ്രസംഗത്തിലെ ചില വാഗ്ദാനങ്ങള്‍ ഇതൊക്കെയാണ്. ഇച്ഛാശക്തി എന്താണെന്ന് അവര്‍ക്കറിയില്ല. എല്ലാം താല്‍ക്കാലികം മാത്രം.
ഇതിനിടയില്‍ മൂന്നുവര്‍ഷത്തെ ഹജ്ജ് യാത്രകള്‍ കൊച്ചിയിലേക്കു നിര്‍ബന്ധപൂര്‍വം മാറ്റപ്പെട്ടു. 2016ലെ ഹജ്ജ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉറപ്പുതന്നു. മനഃപൂര്‍വമെന്നോണം കരിപ്പൂരിലെ റണ്‍വേ അറ്റകുറ്റപ്പണികള്‍ ഇഴഞ്ഞു നീങ്ങി. അതിനിടെ എമിറേറ്റ്‌സ്, സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നിവ കരിപ്പൂരില്‍നിന്നു സര്‍വിസ് പാടെ നിര്‍ത്തലാക്കി.
കാര്‍ഗോ കയറ്റുമതി ഇല്ലാതായി. പച്ചക്കറികള്‍ കയറ്റി അയയ്ക്കാതായി. പലരുടെയും ജോലികള്‍ നഷ്ടപ്പെട്ടു. ടാക്‌സികള്‍, ചായക്കടകള്‍, പലചരക്കു കടകള്‍, എല്ലാം ഒന്നിനു പുറകെ പൂട്ടിത്തുടങ്ങി. ഒരു വിമാനത്താവളത്തിന്റെ അരികുപറ്റി ജീവിതായോധനം നടത്തിയവര്‍ക്കു പട്ടിണിയും പരിഭവങ്ങളും ബാക്കിയായി. കരിപ്പൂരിന്റെ പ്രാന്തപ്രദേശങ്ങള്‍ വിജനവും നിശ്ശബ്ദവുമായി മാറി.
പകല്‍ നിയന്ത്രണത്തില്‍ ചെറിയവിമാനങ്ങള്‍ അപ്പോഴും വന്നിരുന്നു. പണികള്‍ തീരാത്തതിനാല്‍ 2016ലെ ഹജ്ജും കൊച്ചിക്കാര്‍ കൊണ്ടുപോയി. 2016ല്‍ കോഴിക്കോട് വന്ന ഹജ്ജ് കാര്യാലയ മന്ത്രി മുക്താര്‍ അബ്ബാസ് അലി നഖ്‌വി മലബാറുകാര്‍ക്ക് ഉറപ്പുതന്നു 'അടുത്തവര്‍ഷം ഈ മന്ത്രിസഭയില്‍ ഞാന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും 2017ലെ ഹജ്ജ് കരിപ്പൂരില്‍ നിന്നായിരിക്കും.'
അതു വെറുമൊരു പാഴ്‌വാക്കല്ലെന്നു മലബാറുകാര്‍ വിശ്വസിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹജ്ജ് ഹൗസ് നിശ്ശബ്ദവും വിജനവുമായി. പിന്നീട് ചിലരുടെ ഒത്താശയോടെ ഹജ്ജ്ഹൗസ് ഒരു കല്യാണമന്ദിരമായി മാറിയതും മലപ്പുറത്തുകാര്‍ക്കു മറക്കാനാവാത്ത അനുഭവമായിരുന്നു. പവിത്രവും പാവനവുമായി പരിപാലിക്കേണ്ട സ്ഥാപനത്തെ താല്‍ക്കാലികമായെങ്കിലും ഒരു വാടകക്കെട്ടിടമാക്കിയതില്‍ സമൂഹത്തില്‍നിന്നു പ്രതിഷേധം ഉരുള്‍പൊട്ടി.
അതിനിടയില്‍ റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ ഇഴഞ്ഞുനീങ്ങി, റണ്‍വേയുടെ ഘനം 52 ല്‍ നിന്നും 71 (പി.സി.എന്‍) ആക്കി മാറ്റി. നീളം 2830 ആയി. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 150ല്‍ നിന്ന് 240ല്‍ എത്തി. 2017ലെ ഹജ്ജ് അടുത്തപ്പോഴേയ്ക്കും എയര്‍പോര്‍ട്ട് പൂര്‍ണമായും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സജ്ജമായിരുന്നു. പക്ഷേ, മന്ത്രി വാക്കു പാലിച്ചില്ല. നെടുമ്പാശ്ശേരിയിലെ മുതലാളിമാരുടെ ഉറ്റചങ്ങാതിയായ മന്ത്രി വീണ്ടും ഹജ്ജ് കൊച്ചിയില്‍നിന്ന് തന്നെ വേണമെന്നു വാശിപിടിച്ചു, ചില്ലറ സാങ്കേതിക കാരണങ്ങള്‍ നിരത്തി ഡി.ജി.സി.എയെക്കൊണ്ട് അനുമതി വൈകിപ്പിച്ചു.
രൂഢമൂലമായ ഏതോ അജ്ഞാതകരങ്ങള്‍ കരിപ്പൂരിനെതിരായി സദാ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെന്നു പാവം മലബാറുകാര്‍ അറിയാതെപോയി.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."