പ്രസവത്തിനിടെ യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം
കോഴിക്കോട്: പ്രസവത്തിനിടെ യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണെന്ന് പരാതി.
ഒളവണ്ണ പഞ്ചായത്ത് കള്ളിക്കുന്ന് പുത്തലാത്ത് അബ്ദുള്‍ സലാമിന്റെ ഭാര്യ ബാസിമ(27)യാണ് പ്രസവ ചികിത്സയ്ക്കിടയില്‍ ഫറോക്ക് ചെറുവണ്ണൂരിലെ കോയാസ് ആശുപത്രിയില്‍ മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമാണെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിയാണ് രംഗത്ത് വന്നത്. ഇക്കഴിഞ്ഞ ഏഴിന് വൈകിട്ടാണ് ബാസിമയെ കോയാസ് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്. എട്ടാം തിയ്യതി രാവിലെ സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. വൈകിട്ടോടെ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ സമീപിച്ച് ബാസിമയ്ക്ക് അമിത രക്തസ്രാവം ഉണ്ടായെന്നും അടിയന്തരമായി രക്തംവേണമെന്നാവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബന്ധുകള്‍ ഉടന്‍ രക്തം എത്തിച്ച് നല്‍കി. എന്നാല്‍ നില ഗുരുതരമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും അറിയിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് എത്തിയെങ്കിലും 40 മിനിറ്റിനു ശേഷമാണ് ഇതിനു വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇവര്‍ പറയുന്നു. ആംബുലന്‍സില്‍ കയറ്റുന്ന സമയത്ത് യുവതിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. മരിച്ചതിനു ശേഷമായിരിക്കാം യുവതിയെ ആശുപത്രിയില്‍ നിന്നും മാറ്റിയതെന്നും അവര്‍ ആരോപിച്ചു. യാതൊരു വിധ അടിസ്ഥാന സൗകര്യവുമില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മുന്‍പും ഇത്തരത്തില്‍ പല കേസുകളും ആശുപത്രിയില്‍ ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. യുവതിയുടെ മരണത്തിന് കാരണക്കാരായ ആശുപത്രിക്കെതിരേയും ചികിത്സിച്ച ഡോക്ടര്‍ക്കെതിരേയും മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുസലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എം. ബാബുമോന്‍, ഒ.എം നൗഷാദ്, വി.അബൂബക്കര്‍, എന്‍.എ അസീസ്, ബാസിമയുടെ ബന്ധുക്കള്‍ നിഷാദ് പളളിക്കല്‍, എം.കെ മുസ്തഫ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."