മൗനം അവലംബിക്കലാണ് രക്ഷാമാര്‍ഗം
സ്രഷ്ടാവ് മനുഷ്യന് കനിഞ്ഞേകിയ അപാരമായ അനുഗ്രഹങ്ങളില്‍പെട്ടതാണ് നമ്മുടെ നാവ്. അസ്ഥിയില്ലാത്ത ഈ ചെറിയ അവയവം സൃഷ്ടിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. മനുഷ്യന്റെ വിശ്വാസവും അവിശ്വാസവും സ്ഥിരപ്പെടുന്നതുതന്നെ നാവുകൊണ്ട് സാക്ഷ്യ വചനങ്ങള്‍ ഉരുവിടുന്നതോടെയാണല്ലോ. മനസിന് നാവുമായി അഭേദ്യമായ ബന്ധമാണുള്ളത്. മനസിന്റെ തീരുമാനം പ്രഖ്യാപിക്കുന്ന സ്പീക്കറായിട്ടാണ് പ്രകൃത്യാതന്നെ നാവിനെ അല്ലാഹു സംവിധാനിച്ചിട്ടുള്ളത്.
മൗനം അവലംബിക്കലാണത്രെ രക്ഷാമാര്‍ഗം. നബി(സ) അരുളി: മൗനം അവലംബിച്ചവന്‍ രക്ഷപ്പെട്ടു (തിര്‍മുദി). മറ്റൊരിക്കല്‍ പുണ്യ റസൂല്‍(സ) പറഞ്ഞു: രണ്ടു താടിയെല്ലുകള്‍ക്കിടയിലും രണ്ടു കാലുകള്‍ക്കിടയിലുമുള്ള രണ്ടവയവങ്ങളെ സംബന്ധിച്ച് അരുതായ്മ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പ് നല്‍കിയാല്‍ അവന് സ്വര്‍ഗം നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു(ബുഖാരി). ഒരിക്കല്‍ ഉഖ്ബത്തുബ്‌നു ആമിര്‍(റ) നബി (സ) യോട് ചോദിച്ചു:''ദൈവ ദൂതരേ എങ്ങനെയാണ് രക്ഷ ലഭിക്കുക. തിരുനബി(സ)പ്രതിവചിച്ചു:''നിന്റെ നാവിനെ പിടിച്ചു നിര്‍ത്തുക. വീടുമായി കഴിഞ്ഞുകൂടുക. കുറ്റകൃത്യങ്ങളില്‍ മനസുടച്ച് കണ്ണീര്‍ പൊഴിക്കുക(തിര്‍മുദി)
സൂക്ഷ്മത പാലിച്ച,് ആവശ്യാനുസരണം മാത്രം സംസാരിച്ച്, അനാവശ്യ സംസാരങ്ങളില്‍ നിന്ന് മാറിനില്‍ക്കല്‍ സത്യവിശ്വാസിയുടെ അടയാളമാണ്.
ആയുധംകൊണ്ട് മുറിവേല്‍പിച്ചാല്‍ പോലും ചികിത്സിച്ചു ഭേദമാക്കാം. പക്ഷെ, നാവെന്ന ആയുധം മുറിപ്പെടുത്തിയത് സുഖപ്പെടുത്താന്‍ പ്രയാസമാണ്. മുഹമ്മദുബ്‌നു വാസിഅ്(റ) മാലിക്കുബ്‌നു ദീനാറിനോട് ഉദ്‌ഘോഷിച്ചു:''അബൂ യഹ്‌യാ... ജനങ്ങള്‍ക്ക് അവരുടെ ജിഹ്വകളെ സൂക്ഷിക്കല്‍ സ്വര്‍ണവും വെള്ളിയും സൂക്ഷിക്കുന്നതിനെക്കാള്‍ കടുപ്പമേറിയതാണ്''. ഇമാം ഗസ്സാലി (റ) തന്റെ ഇഹ്‌യാ ഉലൂമുദ്ദീനില്‍ വിവരിക്കുന്നു.''നാവിന്റെ ആപത്തുകള്‍ നിരവധിയാണ്. അതീവ ഗുരുതരമായവ ഇങ്ങനെ വിവരിക്കാം. ആവശ്യമില്ലാത്ത സംസാരം, കളവു പറയുക, പൊടിപ്പും തൊങ്ങലും കൂട്ടിയ വാചാലത, വൃത്തികെട്ട വിഷയങ്ങള്‍ സംസാരിക്കുക, ചീത്ത പറുക, വിഡ്ഢിത്തം പറയുക, അനാവശ്യ തമാശ പറയുക, പരിഹസിച്ചു സംസാരിക്കുക, മറ്റൊരാളെ താഴ്ത്തി സംസാരിക്കുക, മറ്റൊരാളുടെ രഹസ്യം പരസ്യമാക്കുക, സ്വയം പുകഴ്ത്തുക, വേണ്ടാത്ത തര്‍ക്കങ്ങളില്‍ വ്യാപൃതനാവുക, പരദൂഷണം പറയുക''.
നന്മകളുടെ വിശുദ്ധ റമദാനിലാണല്ലോ നാം നിലകൊള്ളുന്നത്. വ്രതത്തിന്റെ പരിപൂര്‍ണതക്ക് നാവിനെ സൂക്ഷിക്കല്‍ അനിവാര്യമാണ്. കണ്ണ്, കാത്, നാവ്, കൈ, കാല്‍ തുടങ്ങിയ അവയവങ്ങളെ സര്‍വദുര്‍വൃത്തികളില്‍ നിന്നും അകറ്റി നിര്‍ത്തല്‍ നോമ്പിന്റെ പൂര്‍ണതക്ക് അനിവാര്യമാണെന്ന് മദ്ഹബിന്റെ പണ്ഡിതന്മാര്‍ സ്പഷ്ടമാക്കിയിട്ടുണ്ട്.
(എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."