സംസ്‌കാരത്തിന് പണമില്ല; മകളുടെ മൃതദേഹം പിതാവ് അഴുക്കുചാലിലൊഴുക്കി
ഹൈദരാബാദ്: ശവസംസ്‌കാരത്തിന് പണമില്ലാത്തതിനാല്‍ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദ് മയിലാര്‍ദേവ്പള്ളി സ്വദേശി പെന്റയ്യയാണ് കടുത്ത ദാരിദ്ര്യംമൂലം 16കാരിയായ മകള്‍ ഭവാനിയുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി വിട്ടത്.
ശരീരഭാഗങ്ങള്‍ അഴുകി ദ്രവിച്ച് ഒഴുകിനടക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. മെയ് ആറിനാണ് പെന്റയ്യയുടെ മകള്‍ ഭവാനി ആത്മഹത്യ ചെയ്തത്. അയല്‍വാസിയുടെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് ഭവാനിയെ പിടികൂടിയിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ജോലിസ്ഥലത്ത് നിന്ന് തിരിച്ചെത്തിയ പെന്റയ്യ സംഭവം പുറത്തുപറയാതെ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നു.
പലരില്‍ നിന്നും വാങ്ങിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പെന്റയ്യ. രണ്ടു വര്‍ഷം മുന്‍പ് പെന്റയ്യയുടെ മകന്‍ സീതാറാം ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ സംസ്‌കാരചടങ്ങുകള്‍ക്കായിരുന്നു വായ്പ വാങ്ങിയത്.
മെയ് 31നാണ് ഭവാനിയുടെ ശരീരഭാഗങ്ങള്‍ അഴുക്കുചാലില്‍ ഒഴുകിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പൊലിസില്‍ അറിയിച്ചു. പൊലിസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കിയെന്ന് സമ്മതിക്കുകയായിരുന്നു. ആത്മഹത്യ ചെയ്തത് അറിയിക്കാത്തതിന് പെന്റയ്യക്കെതിരേ കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."