ട്രാഫിക്ക് പരിഷ്‌ക്കരണം: റോഡില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ ഭീഷണിയാവുന്നു
കുന്നംകുളം: ട്രാഫിക്ക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നഗരസഭക്കു സമാന്തരമായുള്ള റോഡില്‍ സ്ഥാപിച്ച കോണ്‍ഗ്രീറ്റ് തൂണുകള്‍ വാഹനയാത്രക്കാര്‍ക്കു ഭീഷണിയാവുന്നു.
ഇതു വഴി കടന്നു പോകുന്ന പല വാഹങ്ങളുടേയും ബംബര്‍ തകരുന്നതു മാത്രമല്ല വണ്‍വേ റോഡില്‍ നിന്നു തുടങ്ങുന്ന ഗതാഗതകുരുക്ക് ബസ്റ്റാന്‍ഡ് വരെ നീളുന്നു എന്നതുമാണു ദുരിതത്തിനു കാരണമാകുന്നത്. ജവഹര്‍ സ്‌ക്വയര്‍ വഴി പോകുന്ന ചെറുവാഹനങ്ങള്‍ക്കെല്ലാം നഗരസഭ സമാന്തര റോഡിലൂടെ ഗുരുവായൂര്‍ റോഡിലേക്കു പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ റോഡില്‍ കുഴിച്ചിട്ട രണ്ടു കോണ്‍ഗ്രീറ്റ് തൂണുകള്‍ക്കിടയിലൂടെ അല്‍പം സാഹസികമായി വേണം വാഹനം കടത്തി കൊണ്ടുപോകാന്‍. പൂര്‍ണമായും വളഞ്ഞെത്തുന്ന റോഡിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെയുള്ള തൂണുകള്‍ക്കായി യാതൊരു തരത്തിലുള്ള മുന്നറിയിപ്പു ബോര്‍ഡുകളുമില്ല. നിരവധി വാഹനങ്ങള്‍ക്കു കേടുപാടുണ്ടായതോടെ പ്രതിഷേധവും വ്യാപകമായി. എന്നാല്‍ റോഡില്‍ വാഹനമോടിക്കാന്‍ കൃത്യമായി പരിശീലനം ലഭിച്ചവര്‍ക്കു ഇതുവഴി കടന്നുപോകാന്‍ പ്രയാസമുണ്ടാകില്ലെന്നാണു നഗരസഭയുടെ വാദം.
പൊതു റോഡില്‍ ഇത്തരത്തില്‍ തൂണു സ്ഥാപിക്കാന്‍ ഏതു നിയമം ആണ് അനുശാസിക്കുന്നതെന്നു നിയമജ്ഞര്‍ക്കു പോലും അറിയല്ലെന്നതാണു വസ്തുത. ചെറുവാഹനങ്ങള്‍ മാത്രമല്ല ആംബുലന്‍സുകള്‍ക്കും ഇതു തന്നെയാണ് വിധി. വലിയ വാഹനങ്ങള്‍ ഇതു വഴി കടന്നുപോകാതിരിക്കാനുള്ള മുന്‍ കരുതലായാണു തൂണുകള്‍ എന്നാണു നഗരസഭയുടെ വാദം. എന്നാല്‍ ഇത്തരത്തില്‍ തൂണുകള്‍ സ്ഥാപിക്കുന്നതിനു മുന്‍പ് റോഡില്‍ ഹംബിട്ടോ മുന്നറിയിപ്പു ബോര്‍ഡു സ്ഥാപിച്ചോ വാഹനങ്ങളുടെ വേഗത കുറക്കാനും അറിയിപ്പു നല്‍കാനുമുള്ള ഉത്തരവാദിത്തം സ്ഥാപിച്ചവര്‍ക്കുണ്ടെന്നത് ഇവരാരും സമ്മതിക്കുന്നതു പോലുമില്ല.
നഗരസഭക്കു സമാന റോഡിലൂടെയുള്ള ഹെവി വാഹനങ്ങളുടെ യാത്ര അപകടമാണെന്ന വസ്തുത നിലനില്‍ക്കേ തന്നെ റോഡില്‍ ബാരിക്കേഡോ ഡിവൈഡറോ വെച്ച് നിയന്ത്രിക്കേണ്ടതിനു പകരം ഇത്തരത്തിലുള്ള കോണ്‍ഗ്രീറ്റ് കാലുകള്‍ സ്ഥാപിച്ചതിനെതിരേയാണു പ്രതിഷേധം ഉയരുന്നത്. തൂണില്‍ റിഫ്‌ളക്ടറിനു സമാനമായ നിറം വരച്ചു പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് രാത്രി കാലങ്ങളില്‍ തിരിച്ചറിയാനാകാത്തതാണ് രാത്രി അപകടങ്ങള്‍ക്കുള്ള മറ്റൊരു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."