വടക്കന്‍ ജില്ലകളില്‍ മഴക്ക് ഉടന്‍ ശമനമുണ്ടാകും
കേരളത്തില്‍ പലയിടത്തും പ്രളയമുണ്ടാക്കിയ തീവ്രമഴ ഉടന്‍ തന്നെ കുറയാനാണ് സാധ്യത. ഓഗസ്റ്റ് നാലു മുതലാണ് കേരളത്തില്‍ മഴ ശക്തമായത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദമാണ് അതുവരെ ദുര്‍ബലമായിരുന്ന കാലവര്‍ഷത്തെ സജീവമാക്കിയത്. തുടര്‍ന്ന് ന്യൂനമര്‍ദം ശക്തിപ്രാപിച്ച് മധ്യ ഇന്ത്യയിലൂടെ പടിഞ്ഞാറോട്ട് നീങ്ങിയോടെ കേരളം അതിതീവ്രമഴക്ക് സാക്ഷിയായി. ഇപ്പോള്‍ ഗുജറാത്ത് പിന്നിട്ട് ന്യൂനമര്‍ദം ദുര്‍ബലമായി. ഇതാണ് മഴ കുറയാന്‍ ഒരു സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ശക്തമായി വീശുന്ന പടിഞ്ഞാറന്‍ കാറ്റാണ് മഴക്ക് പ്രധാനകാരണം. പശ്ചിമഘട്ട മലനിരകള്‍ക്ക് നേരെ ലംബമായിട്ടാണ് അത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഇതേ ഒരു സ്ഥിതിവിശേഷമായിരുന്നു. അന്നത്തെ വിന്‍ഡ് പാറ്റേണും ഇപ്പോഴത്തെ വിന്‍ഡ് പാറ്റേണും ഏതാണ്ട് ഒരുപോലെയായിരുന്നു.
ന്യൂനമര്‍ദം പടിഞ്ഞാറോട്ട് നിങ്ങുന്നതിനാല്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി തെക്കുനിന്ന് വടക്കോട്ടാവും. ഇപ്പോള്‍ കേരളത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന മഴക്ക് അതുകൊണ്ട് തന്നെ ശമനം ഉണ്ടാകുമെന്ന് കണക്കാക്കാം. ഒരുപക്ഷേ ഇന്ന് കൂടി ഈ മഴ തുടരും. ഇനിയുള്ള ദിവസങ്ങളില്‍ തീവ്രമഴയോ അതിതീവ്രമഴയോ പ്രതീക്ഷിക്കുന്നില്ല. എറണാകുളത്തിന് തെക്കോട്ടുള്ള ഭാഗത്ത് മഴ കുറയും.
വടക്കന്‍ കേരളത്തിലും ഇനി തീവ്രമഴ പ്രതീക്ഷിക്കുന്നില്ല. എങ്കിലും വടക്കന്‍ കേരളത്തില്‍ മഴയുടെ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് എന്നീ ജില്ലകളിലാണ് സാധ്യത. എന്നാല്‍ അവിടേയും ഇന്ന് വൈകിട്ടോടെ മഴ കുറയുന്ന സാഹചര്യമാണ് കാണുന്നത്.
കേരളത്തില്‍ ഇന്നലെ രണ്ട് ദിവസമായി നിലനിന്നിരുന്ന മേഘങ്ങളുടെ സാന്നിധ്യവും കുറഞ്ഞിട്ടുണ്ട്. മേഘങ്ങളുടെ കട്ടി കൂടുമ്പോള്‍ അതില്‍ കൊള്ളുന്ന വെള്ളത്തിന്റെ അളവും കൂടും. അത്തരം മേഘങ്ങള്‍ മഴ പെയ്യിക്കുമ്പോള്‍ ഒരു മണിക്കൂറില്‍ 10 സെന്റിമീറ്റര്‍ മഴ വരെ ലഭിക്കും. കട്ടി കുറഞ്ഞ മേഘങ്ങള്‍ ആണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് രണ്ടോ മൂന്നോ സെന്റിമീറ്റര്‍ മഴയേ ലഭിക്കുകയുള്ളൂ.
ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്റര്‍ മഴ പെയ്യുന്നതും ഒരു ദിവസം പത്ത് സെന്റിമീറ്റര്‍ മഴ ലഭിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു മണിക്കൂറില്‍ പെയ്യുന്ന വലിയ മഴയാണ് ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നത്. ഉരുള്‍പൊട്ടലിന്റെ ഭാഗമായി നദികളിലേക്ക് വന്ന വെള്ളവും ചേര്‍ന്നാണ് ഒരു പ്രളയ സാഹചര്യം അവിടെ ഉണ്ടാക്കിയത്. ഇനിയങ്ങോട്ടുള്ള ദിവസം മഴയുടെ തീവ്രത കുറയുന്ന രീതിയിലേക്കാണ് പോകുന്നത്.
വയനാട്ടിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഗുരുതര സാഹചര്യം. തീവ്രവും അതിതീവ്രവുമായ മഴ രേഖപ്പെടുത്തി. വടക്കന്‍ കേരളത്തില്‍ കിട്ടിയ മഴയുടെ തോത് കൂടുതലും അതി തീവ്രമായിരുന്നു. ഓഗസ്റ്റ് 14 നും 15 നുമാണ് കഴിഞ്ഞ വര്‍ഷം തീവ്രമായ മഴയുണ്ടായത്. ഇത്തവണ അത്തരം മഴക്ക് സാധ്യത കുറവാണ്. 12 ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ന്യൂനമര്‍ദം തെക്കന്‍ കേരളത്തില്‍ കനത്തമഴക്ക് ഇടയാക്കുമെങ്കിലും വടക്കന്‍ ജില്ലകളില്‍ ലഭിച്ചതുപോലെ അതിതീവ്രമഴയൊന്നും പ്രതീക്ഷിക്കുന്നില്ല.
പരിസ്ഥിതി ദുര്‍ബലമേഖലകളില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ അതീവകരുതലോടെ കാത്തുസൂക്ഷിക്കണം. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരുമൊക്കെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് കൂടുതലും കാണുന്നത്. കഴിഞ്ഞ വര്‍ഷം ഉണ്ടായതുപോലെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ തന്നെയാണ് ഇത്തവണയും ഇതുണ്ടായത്. നമ്മുടെ ഭൂപ്രദേശത്തിന് താങ്ങാനാവുന്നതിലും വലിയ മഴയാണ് പെയ്യുന്നത്. നമ്മുടെ മണ്ണിന് അത് താങ്ങാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് മണ്ണൊലിപ്പായും ഉരുള്‍പൊട്ടലായും അത് മാറുന്നത്. മഴയുടെ തീവ്രത കുറയുന്നതോടെ ആ പ്രശ്‌നങ്ങള്‍ കുറയും. യഥാര്‍ഥത്തില്‍ ഇത് മണ്‍സൂണിന്റെ പൊതു സാഹചര്യമാണ്. കഴിഞ്ഞവര്‍ഷത്തെ പ്രളയസാഹചര്യം ഇത്തവണ ഉണ്ടാവില്ല. തെക്കന്‍ കേരളത്തിലും കഴിഞ്ഞവര്‍ഷത്തേതുപോലെ ഭയപ്പെടാനുള്ള സാഹചര്യമില്ല.
പൊതുവെ നോക്കിക്കഴിഞ്ഞാല്‍ ഇന്ത്യയിലെ മഴക്കുറവ് ജൂലൈ അവസാനം 35 ശതമാനം ആയിരുന്നെങ്കില്‍ മൊത്തത്തിലുള്ള ഇന്ത്യയിലെ മഴക്കുറവ് ഇപ്പോള്‍ രണ്ട് ശതമാനമായി കുറഞ്ഞു. അത്രയ്ക്ക് തീവ്രമായ മഴയാണ് ചെറിയ കാലയളവില്‍ ലഭിച്ചത്.
മഴലഭ്യതയില്‍ ദേശീയ ശരാശരിയും കേരളത്തിലേതും സമാനമാണ്. കേരളത്തില്‍ 48 ശതമാനം മഴക്കുറവുള്ളത് ഇപ്പോള്‍ 20 ശതമാനത്തില്‍ താഴെയായി. 19 ശതമാനത്തില്‍ താഴെ എത്തിയാല്‍ നമുക്ക് ഇതിനെ നോര്‍മല്‍ മണ്‍സൂണായി കണക്കാക്കാം. ഇതിലേക്ക് ഉടനെയെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."