സി.കെ ജാനുവിന്റെ മടക്കം മനംമടുത്ത്
കോഴിക്കോട്: ആദിവാസി നേതാവ് സി.കെ ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ സഖ്യം വിട്ടത് മനം മടുത്ത്. മുന്നണിയില്‍ എത്തിയിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചത് അവഗണന മാത്രമാണെന്നാണ് അവര്‍ നേരത്തെ പറഞ്ഞിരുന്നത്. സാങ്കേതികമായി മാത്രമായിരുന്നു മുന്നണിയില്‍ തുടര്‍ന്നിരുന്നതും. പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, പല തവണ നേതൃത്വത്തെ പ്രശ്‌നം ധരിപ്പിച്ചിട്ടും ഒരു മാറ്റവുമുണ്ടായില്ലെന്നും ഇന്നലെ അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ബി.ജെ.പി സഖ്യ പ്രവേശനത്തോടൊപ്പം തന്നെ ജാനുവെന്ന രാഷ്ട്രീയ ബിംബത്തെ ആദിവാസി ദലിത് മണ്ഡലത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. കൂടെയുള്ളവര്‍ പോലും കൂട്ടം തെറ്റിപ്പോയി. ഒപ്പം നിന്നവര്‍ക്കും നിരാശമാത്രമായിരുന്നു. മനം മടുത്ത് മടങ്ങുകയേ ഒടുവില്‍ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
ആ തീരുമാനമാണ് ഇന്നലെ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പ്രഖ്യാപിച്ചത്. ഏതു രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ചക്കുള്ള വാതില്‍ തുറന്നിട്ടുകൊണ്ടാണ് പടിയിറക്കമെന്നതും ശ്രദ്ധേയമാണ്. ജാതിവിരുദ്ധമായ ദിശാബോധത്തില്‍നിന്ന് മതവിമര്‍ശനത്തോടൊപ്പം ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളുമായാണ് കേരളത്തിലെ ദലിത് പ്രവര്‍ത്തന മണ്ഡലം ഉയര്‍ന്നുവന്നത്. അതിന്റെ മുന്‍നിരയില്‍ പ്രതിഷ്ഠിക്കപ്പെട്ട വ്യക്തിയായിരുന്നു സി.കെ ജാനു. അവര്‍ ബി.ജെ.പി സഖ്യത്തിലേക്കു ചേക്കേറിയത് എന്തിന്റെ പേരിലായാലും അവരോടൊപ്പം സഞ്ചരിച്ചിരുന്നവര്‍ക്കുപോലും അത് ഉള്‍ക്കൊള്ളാനായിരുന്നില്ല.
കേരളത്തിലെ മിക്ക പാര്‍ട്ടികളും തങ്ങളുടെ തണലില്‍ ദലിത് സംഘടനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വോട്ടു ബാങ്കിന്റെ വിപുലീകരണം മാത്രമായിരുന്നു ഇതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം. അതിന് അറിഞ്ഞോ അറിയാതെയോ ജാനുവിനെപോലുള്ളവരും ഇരയാകുകയായിരുന്നു.
ആദിവാസികളുടെ ഭൂപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ വിവിധ സംഘടനകളെ യോജിപ്പിച്ച് സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിതകാല സമരമാണ് നില്‍പ്പ് സമരം. ആദിവാസികള്‍ക്കിടയില്‍ 2001 ല്‍ ഉണ്ടായ 32 പട്ടിണി മരണങ്ങള്‍ക്കു ശേഷമാണു ജാനുവിന്റെ നേതൃത്വത്തില്‍ കുടില്‍ കെട്ടിയുള്ള സമരം ആരംഭിച്ചത്. ഈ മരണങ്ങള്‍ വ്യാജമദ്യം കഴിച്ചതുകൊണ്ടാണെന്നും പട്ടിണി കൊണ്ടല്ലെന്നുമുള്ള ഒരു മന്ത്രിയുടെ പ്രസ്താവനയും സമരത്തിനു പ്രകോപനമായി. 48 ദിവസം നീണ്ട സമരത്തിനൊടുവില്‍ സര്‍ക്കാര്‍ ആദിവാസി ഗോത്ര മഹാസഭയുമായി ഒത്തുതീര്‍പ്പിനു വഴങ്ങി.
ആദിവാസികള്‍ക്ക് സ്വന്തമായി സ്ഥലവും സഹായവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് നടത്തിയതായിരുന്നു മുത്തങ്ങ സമരം, ഇങ്ങനെ നിരവധി പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജാനുവിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമായി മാറേണ്ടി വന്നതോടെ മുഖം തന്നെ നഷ്ടപ്പെടുകയായിരുന്നു.
ദലിത്- ആദിവാസി സമൂഹങ്ങള്‍ക്കു മാത്രമല്ല, അവയ്ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന സി.കെ ജാനു, ളാഹ ഗോപാലന്‍, കെ. അംബുജാക്ഷനെ പോലുള്ള അംബേദ്കറൈറ്റുകളും ഇത്തരം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നുവെന്ന് ദലിത് ആക്ടിവിസ്റ്റായ കെ.എ സലീം കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു. ജാനുവിന്റെ എന്‍.ഡി.എയില്‍ നിന്നുള്ള പിന്‍മാറ്റത്തെ എല്ലാവരും സ്വാഗതം ചെയ്യുകയാണ്. വൈകിവന്ന വിവേകമെന്നുമാത്രമാണ് പലരും ഈ വിഷയത്തോട് പ്രതികരിച്ചത്. എന്നാല്‍ അവരുടെ രാഷട്രീയ ഭാവി ഇനി എന്താകുമെന്ന് കാത്തിരുന്നു തന്നെ കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."