എം.എ ഖാസിം മുസ്‌ലിയാര്‍: തലയെടുപ്പുള്ള പണ്ഡിതന്‍
വടക്കന്‍ കേരളത്തിലും ദക്ഷിണ കന്നടയിലും ദീനീ പ്രചരണത്തിന് ജീവിതത്തിന്റെ മുഖ്യഭാഗവും ചെലവഴിച്ച എം.എ ഖാസിം മുസ്‌ലിയാര്‍ 1952 ഓഗസ്റ്റിലാണ് ജനിച്ചത്. പിതാവും മാതാവും അദ്ദേഹത്തിന്റെ പ്രഥമ ഗുരുനാഥന്മാരായിരുന്നു. മാതാവ് ഫാത്തിമയില്‍ നിന്നാണ് എഴുത്തും ഖുര്‍ആനും അഭ്യസിച്ചു തുടങ്ങിയത്. പഠന മികവ് തെളിയിച്ച പ്രതിഭാശാലിയായ ഈ വിദ്യാര്‍ഥി പ്രമുഖ പണ്ഡിതരായ കുമ്പോല്‍ ഉസ്താദ്, പുഞ്ചക്കട മുഹമ്മദ് ഹാജി, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉള്ളാല്‍ പി.വി അലി തങ്ങള്‍ തുടങ്ങിയവരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കി. ഇന്ത്യയിലെ ആധികാരിക മത വിജ്ഞാന സ്ഥാപനങ്ങളായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത്, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. 1978ല്‍ മംഗളൂരുവിലെ പട്ടേരിയില്‍ ദര്‍സ് ആരംഭിച്ചു. നാലു പതിറ്റാണ്ടിലധികം കാലം ഈ മഹാ പണ്ഡിതന്‍ വൈജ്ഞാനിക വ്യാപനരംഗത്ത് വിശ്രമമില്ലാതെ സേവനം ചെയ്തു. ഇത്രയധികം ശിഷ്യസമ്പത്തുള്ള പണ്ഡിതര്‍ അധികമില്ല.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ തലയെടുപ്പുള്ള പണ്ഡിതരില്‍ ഒരാളായിരുന്നു ഖാസിം മുസ്‌ലിയാര്‍. ഒന്നര പതിറ്റാണ്ടിലധികമായി അദ്ദേഹം മുശാവറ അംഗമാണ്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിമാരില്‍ ഒരാളുകൂടിയാണ്. സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി, മുടികരെ സംയുക്ത ജമാഅത്ത് ഖാസി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചു. കുമ്പള ഇമാം ശാഫി അക്കാദമി ഖാസിം മുസ്‌ലിയാരുടെ സംഭാവനയാണ്. കൃത്യത വരുത്തിയ വസ്തുനിഷ്ഠമായ അഭിപ്രായപ്രകടനം ഖാസിം മുസ്‌ലിയാരുടെ സവിശേഷതയാണ്. അദ്ദേഹം അവതരിപ്പിക്കുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലായിരുന്നു. അടിമുടി വിഷയം പഠിച്ച് ആധികാരികത വരുത്തി മാത്രമേ അദ്ദേഹം ഏതു വിഷയവും പറയാറുള്ളൂ. മുഖം നിറയെ തെളിഞ്ഞ ചിരിയും അകം നിറയെ ആഴത്തിലുള്ള അറിവും എപ്പോഴും സജീവമായ പ്രവര്‍ത്തന സന്നദ്ധതയും അതായിരുന്നു ബഹുമാന്യനായ ഖാസിം മുസ്‌ലിയാര്‍.
ഓഗസ്റ്റ് മാസം ആറാം തിയതി മുക്കം ഉമര്‍ ഫൈസി, ഡോ. എം.എം അബ്ദുല്‍ ഖാദര്‍, മാന്നാര്‍ പി. ഇസ്മായില്‍ കുഞ്ഞി ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസക്കോയ ഹാജി എന്നിവര്‍ക്കൊപ്പം ഖാസിം മുസ്‌ലിയാരും ഈ കുറിപ്പുകാരനും കാസര്‍കോട് ജില്ലയിലെ ഉള്‍പ്രദേശത്ത് സംഘടന ആവശ്യാര്‍ഥം സഞ്ചരിച്ചിരുന്നു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമായിരുന്നു യാത്ര. രാവിലെ പത്തിന് ഞങ്ങള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നിറ ചിരിയുമായി ഖാസിം മുസ്‌ലിയാര്‍ കാത്തുനിന്നിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്രാ പ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും ഖാസിം മുസ്‌ലിയാര്‍ അത്യുത്സാഹ പൂര്‍വ്വം സംബന്ധിക്കുകയും ചര്‍ച്ചകളില്‍ വ്യാപൃതരാവുകയും മാര്‍ഗ നിര്‍ദേങ്ങള്‍ നല്‍കുകയും ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കായി സമ്പൂര്‍ണ സമര്‍പ്പിതമായിരുന്നു ആ ജീവിതം. കാസര്‍കോട് ജില്ലയിലും ദക്ഷിണ കന്നഡയിലും കൊടക് ജില്ലയിലും മൈസൂരു ഭാഗങ്ങളിലും ഹാസന്‍, ഉടുപ്പി, ചിക്മഗളൂര്‍ തുടങ്ങിയ കര്‍ണാടകയുടെ പ്രദേശങ്ങളെല്ലാം അദ്ദേഹത്തിന് സുപരിചിതമായിരുന്നു. മൊഗ്രാല്‍ സ്വദേശിയായ ഖാസിം മുസ്‌ലിയാര്‍ കുമ്പള ദര്‍സ് നടത്തിയതോടെ കുമ്പള ഖാസിം മുസ്‌ലിയാര്‍ എന്ന പേരില്‍ അറിയപ്പെട്ടു.
മികച്ച സംഘാടകനായിരുന്നു ഖാസിം മുസ്‌ലിയാര്‍. മഹല്ലുകളിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് യോജിപ്പിലെത്തിക്കാന്‍ അസാമാന്യ പാടവം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ ബോര്‍ഡിലെത്തുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധികവും ചുമതലപ്പെടുത്താറുള്ളത് അദ്ദേഹത്തെയാണ്. വിട്ടുവീഴ്ചയില്ലാത്ത ചുമതലാബോധം, നാളേക്ക് ഒന്നും മാറ്റിവയ്ക്കാതെ ഉടന്‍ ചെയ്തുതീര്‍ക്കുന്ന സംഘടനാ പ്രതിബദ്ധത തുടങ്ങിയവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായിരുന്നു.
1979 -89 സമസ്തയുടെ ചരിത്രത്തില്‍ പ്രശ്‌നസങ്കീര്‍ണമായ കാലഘട്ടമാണ്. അകത്തളങ്ങളില്‍ നിന്ന് തന്നെ അപശബ്ദങ്ങള്‍ വരുകയും ഒരു ആത്മീയ പ്രസ്ഥാനത്തിന് ചേരാത്ത വിധം അധാര്‍മിക ചിന്തകളും പ്രവര്‍ത്തികളും ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്ത കാലഘട്ടം. ദക്ഷിണ കന്നഡ ഭാഗങ്ങളില്‍ ഈ വലിയ വിപത്ത് നേരിടാന്‍ മഹാനായ ശംസുല്‍ ഉലമ രംഗത്തിറക്കിയ സമസ്തയുടെ പോരാളികളില്‍ പ്രധാനി കൂടിയായിരുന്നു ഖാസിം മുസ്‌ലിയാര്‍. കന്നഡ, നക്ക്‌നിക്ക് (ലിപിയില്ലാത്ത വാചിക ഭാഷ), തുളു തുടങ്ങിയ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഉത്തരകേരളത്തിലും കര്‍ണാടകയിലും ഖാസിം മുസ്‌ലിയാര്‍ പ്രസിദ്ധനായ പ്രഭാഷകന്‍ കൂടിയായിരുന്നു. നിരവധി മത സ്ഥാപനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണം, സംഘടന ആശയപ്രചാരണം, പ്രത്യയശാസ്ത്ര വിരോധികള്‍ക്കുള്ള പ്രതിരോധം ഇതിനൊക്കെയുണ്ടായിരുന്ന അവസാനവാക്ക് കൂടിയായിരുന്നു ഖാസിം മുസ്‌ലിയാര്‍. ദര്‍സ് മുടങ്ങാതെ ആശയ പ്രചരണത്തിനും സംഘടനാ പ്രവര്‍ത്തനത്തിനും അദ്ദേഹം ഓടി നടന്നു പ്രവര്‍ത്തിച്ചു.
തികച്ചും ആകസ്മികമായിരുന്നു ഖാസിം മുസ്‌ലിയാരുടെ വിയോഗം. സമുദായ സേവന പോരാട്ടത്തിനിടയില്‍ സുകൃതങ്ങളേറെചെയ്തു ഒരു നിമിഷം പോലും പാഴാക്കാതെ അനുവദിച്ച ആയുസ് മുഴുവനും പഠനത്തിനും പഠിപ്പിക്കാനും സേവനത്തിനും നീക്കിവച്ച കര്‍മ്മയോഗിയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."