പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികള്‍ രാപ്പകല്‍ സമരത്തില്‍; മെഡിക്കല്‍ കോളജ് ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍
അമ്പലപ്പുഴ: പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക തൊഴിലാളികളുടെ സമരം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓഫിസ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും പുതിയ നിയമനം നടന്നതോടെയാണ് ജൂലൈ 27ന് 60 താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടത്. 90 പേരില്‍ നിന്നാണ് 60 പേരെ പിരിച്ചു വിട്ടത്.
ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജോലിയില്‍ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ കോളജ് ഓഫിസിന് മുന്നില്‍ തൊഴിലാളികള്‍ സമരത്തിലാണ്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഓഫിസ് ജീവനക്കാര്‍ക്കും രോഗികള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നു. പ്രകോപനപരമായ മുദ്രവാക്യം വിളിയാണ് തൊഴില്‍ നഷ്ടമായ സ്ത്രീത്തൊഴിലാളികള്‍ മുഴക്കുന്നതെന്നാണ് പ്രധാന പരാതി. സംഭവം അറിഞ്ഞ് പൊലിസ് എത്തിയിരുന്നു. എന്നാല്‍, ജോലി നഷ്ടമായ സ്ത്രീത്തൊഴിലാളികള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പൊലിസ് പിന്‍മാറി.
മെഡിക്കല്‍ കോളജിനെ ശുചിയാക്കിയിരുന്ന ഇവരുടെ ജോലി നഷ്ടമായതോടെ ജീവിക്കാന്‍ പലരും കഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. പിരിച്ചുവിട്ടവരെ തിരിച്ചെടുത്ത് ഗ്രേഡ് 2 നേഴ്‌സിങ് അസിസ്റ്റന്റുമാരായി ജോലിയില്‍ സ്ഥിരനിയമനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ 29 മുതല്‍ കേരള സ്‌റ്റേറ്റ് ക്ലീനിങ് ഡസ്റ്റിനേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ രാപ്പകല്‍ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."