എച്ച്.എസ്.എ മലയാളം ലിസ്റ്റ് പ്രഹസനം; തസ്തികമാറ്റത്തിന് ഒഴിവുകള്‍ മാറ്റിവെക്കുന്നു
കല്‍പ്പറ്റ: എച്ച്.എസ്.എ മലയാളം ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഇതുവരെ നടക്കാത്ത തസ്തിക മാറ്റ പരീക്ഷക്കായി ഒഴിവുകള്‍ മാറ്റിവെയ്ക്കുന്നതായി ഉദ്യോഗാര്‍ഥികളുടെ പരാതി. കാലഹരണപ്പെട്ട നിയമം മൂലം ജോലി ലഭിക്കാതെ അവസരം നഷ്ടപ്പെടുന്നത് നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ്.
തസ്തികമാറ്റ പരീക്ഷക്ക് വിജ്ഞാപനം അടുത്ത കാലത്താണ് വിളിച്ചത്. ഇതിനായി ഒഴിവുകള്‍ പിടിച്ചുവെക്കുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. സര്‍വിസിലുള്ളവര്‍ക്കു വേണ്ടി വകുപ്പുകള്‍ ചേര്‍ന്നു നടത്തുന്ന ഒത്തുകളിയാണിതെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ഒഴിവുകള്‍ മാറ്റിവെക്കുന്നതിന് പുറമെ സര്‍വിസിലുള്ളവരെ തിരുകിക്കയറ്റാന്‍ കെടെറ്റ് നിര്‍ബന്ധമല്ലെന്ന ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. പി.എസ്.സി പോലും കെടെറ്റ് നിര്‍ബന്ധമാക്കി.
എന്നാല്‍ സര്‍വിസിലുള്ളവര്‍ക്ക് പ്രത്യേക ഇളവു നല്‍കുന്നതാണ് ഉത്തരവ്. സര്‍വിസ് സംഘടനകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തു നില്‍ക്കുമ്പോള്‍ അവരുടെ അവസരം നിഷേധിക്കുന്നതിനാണ് ഇത്തരം ചെപ്പടിവിദ്യകള്‍ കാണിക്കുന്നത്.തസ്തികമാറ്റത്തിനായി എച്ച്.എസ്.എ മലയാളത്തിന്റെ മൂന്ന് ഒഴിവുകള്‍ പി.എസ്.സി ജില്ലാ ഓഫിസില്‍ മാറ്റിവെച്ചിട്ടുണ്ട്.
തസ്തികമാറ്റ പരീക്ഷയും തുടര്‍നടപടികളും പൂര്‍ത്തിയാകാന്‍ കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും വേണം.
വകുപ്പിനുള്ളില്‍ തന്നെ ശതമാനകണക്കിന് തസ്തികമാറ്റ നിയമനം നടത്തിയതിന് ശേഷമാണ് പി.എസ്.സിയില്‍ നിന്ന് തസ്തികമാറ്റത്തിന് അയക്കുന്നത്. സാധാരണ തസ്തിക മാറ്റ ഒഴിവുകള്‍ക്ക് തനത് ലിസ്റ്റ് ഇല്ലെങ്കിലും നിലവിലുള്ള ജനറല്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്താറാണ് പതിവ്. എന്നാല്‍ ജില്ലയില്‍ പരീക്ഷ പോലും നടത്താത്ത സാഹചര്യത്തിലാണ് ഒഴിവുകള്‍ മാറ്റിവച്ചിരിക്കുന്നത്. മറ്റുവകുപ്പുകളില്‍ തസ്തികമാറ്റത്തിന് 30 ശതമാനം മാത്രമാണ് നീക്കിവെച്ചതെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ അത് 70 ശതമാനമാണ്.
ഭാഷാവിഷയങ്ങള്‍ക്ക് പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നത് വെറും 30 ശതമാനം മാത്രമാണ്. മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ മാറ്റിവെച്ച തസ്തികമാറ്റ ഒഴിവുകള്‍ നിലവിലുള്ള ജനറല്‍ ലിസ്റ്റില്‍ നിന്നും നികത്തണമെന്ന് എച്ച്.എസ്.എ മലയാളം റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എച്ച്.എസ്.എ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2017 ഏപ്രില്‍ 11നാണ്. ഇതിനുശേഷം വയനാട് വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഒന്‍പത് ഒഴിവുകള്‍ ഉണ്ടെന്ന് വിദ്യഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
അതില്‍ മൂന്നെണ്ണം മാത്രമാണ് പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് കിട്ടിയത്. അതില്‍തന്നെ രണ്ടു ഒഴിവുകളില്‍ മാത്രമാണ് നിയമനശുപാര്‍ശ അയച്ചത്. തസ്തികമാറ്റത്തിന് ഒഴിവ് മാറ്റിവച്ചതുപോലെ സംവരണ ലിസ്റ്റില്‍ നിലവിലില്ലാത്തവര്‍ക്കു പകരം ജനറല്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്താനും അധികൃതര്‍ തയ്യാറാകുന്നില്ല. പുതിയ മലയാളം എച്ച്.എസ്.എ ലിസ്റ്റില്‍ ഭിന്നശേഷിക്കാരായ ആരും ഇല്ല. എന്നാല്‍ ഈ തസ്തികയില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്.
ഇനി വരുന്ന രണ്ടു ലിസ്റ്റുകളില്‍ കൂടി ഭിന്നശേഷിക്കാര്‍ ഇല്ലെങ്കില്‍ മാത്രമേ ഈ ഒഴിവില്‍ ജനറല്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുകയുള്ളൂ. ഇതിന് പത്തുവര്‍ഷമെങ്കിലും കഴിയുകയും വേണം. ഈ സ്ഥിതിക്കു മാറ്റമുണ്ടാകണമെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."