ഇനിവരുന്നത് പാപമോചനത്തിന്റെ പത്ത്
''ഞങ്ങളുടെ രക്ഷിതാവേ, നിശ്ചയമായും ഞങ്ങള്‍ സത്യവിശ്വാസം അവലംബിച്ചിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കയും ചെയ്യേണമേ എന്ന് പ്രാര്‍ഥിക്കുന്നു (വി.ഖു. 3 : 16). പ്രാര്‍ഥന മനസ്സിന്റെ സ്വാത്വികഭാവ പ്രകടനമാണ് പ്രദര്‍ശിപ്പിക്കുന്നത്. വീഴ്ചകള്‍ വന്നുപോയാലുള്ള വേവലാതികളും വിമ്മിഷ്ടങ്ങളും വിശുദ്ധ മനസ്സിന്റെ അടയാളങ്ങളാണ്. റമദാന്‍ ഒന്നാമത്തെ പത്ത് അനുഗ്രഹത്തിനും രണ്ടാമത്തെ പത്ത് പാപമോചനത്തിനും മൂന്നാമത്തെ പത്ത് നരക മോചനത്തിനും കൂടിയുള്ളതാണ്. ''അല്ലാഹുവേ നീ എന്റെ ദോഷങ്ങള്‍ പൊറുത്തു തരേണമേ'' എന്ന് നിരന്തരം പ്രാര്‍ഥിക്കാന്‍ രണ്ടാമത്തെ പത്ത് വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്. പാപമോചന സാധ്യത അധികമുള്ള സവിശേഷ അവസരമാണിത്. വിശുദ്ധ ഖുര്‍ആന്‍ ഒന്നാം അധ്യായം തന്നെ പ്രാര്‍ഥനയാണ്. പ്രാര്‍ഥനയുടെ പ്രധാനലക്ഷ്യം ഹൃദയത്തെ നിയന്ത്രിക്കല്‍ തന്നെ. അതിന് കറപിടിച്ചും ക്ലാവ് പിടിച്ചും വൃത്തികേടായ ഹൃദയത്തെ ശുദ്ധിയാക്കണം. മനസ്സിന്റെ പ്രകാശം കെടുത്തി കളയുന്നത് പാപങ്ങളാണ്. ഓരോ പാപവും മനസ്സിന് ഒരു കറുത്ത പുള്ളിയായി രേഖപ്പെടും.
അങ്ങനെ നിരന്തരം പാപം ചെയ്യുന്നവന്റെ മനസ്സ് കറുത്തിരുണ്ടുപോകും. വിശുദ്ധ ഇസ്‌ലാം അത്തരക്കാരെ ''ഫാസിഖ്'' (തെമ്മാടി) പട്ടികയിലാണ് പെടുത്തിയത്. സമൂഹത്തിന് നന്മ ചെയ്യാനവര്‍ക്കാവില്ലെന്ന് മാത്രമല്ല തിന്മകള്‍ അവരില്‍ നിന്ന് അടിക്കടി ഉണ്ടാവുകയും ചെയ്യും.
എന്തു കൊണ്ടെന്നാല്‍ അവരുടെ ആത്മീയനിയന്ത്രണം പിശാചില്‍ വന്നു ചേരുന്നു. അവരിലെ സ്വാത്വിക ഭാവം നഷ്ടപ്പെട്ട് തമോഭാവത്തിന് അടിമപ്പെടും. അവരുടെ ആകര്‍ഷണീയത ചോര്‍ന്നു തീരും. ഹൃദയപൂര്‍വം പുഞ്ചിരിക്കാന്‍ പോലും പാപികള്‍ക്ക് കഴിയില്ല. അവരുടെ മുഖത്ത് കാരുണ്യത്തിന്റെയും അവരുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെയും സൗന്ദര്യം ദര്‍ശിക്കാനാവില്ല.'' വിശുദ്ധ റമദാന്‍ പത്ത് ദിനം വിശ്വാസികളോട് പാപമോചനത്തിന്നുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിക്കുന്നു.
നിസ്‌ക്കാരങ്ങള്‍ക്ക് ശേഷവും അല്ലാത്തപ്പോഴും മനമുരുകി രക്ഷിതാവിന്റെ മുന്‍പില്‍ തങ്ങളുടെ പാപക്കറ തീര്‍ക്കാനുള്ള ഉപയോഗപ്പെടുത്തലുകളാവണം റമദാന്‍ രണ്ടാമത്തെ പത്ത്. നാം അറിയാതെയും അറിഞ്ഞും ചെയുന്ന ദൈവ ഹിതമല്ലാത്ത കാര്യങ്ങള്‍, അല്ലാഹുവിന്റെ തൃപ്തിക്ക് നിരക്കാത്ത സംസാരങ്ങള്‍, പെരുമാറ്റങ്ങള്‍, നമ്മുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വന്ന കുറ്റകരകമായ വീഴ്ചകള്‍ ഇവയെല്ലാം ഇഹലോക ജീവിതത്തില്‍ സൂക്ഷ്മത ഇല്ലാത്തതിന്റെ പേരില്‍ വന്നു ചേരുന്ന പാപങ്ങളാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തിനും നിരക്കാത്തതും വിശുദ്ധ ഇസ്‌ലാമിന്റെ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധവുമായ കാര്യങ്ങള്‍ നമ്മില്‍ അറിഞ്ഞും അറിയാതെയും വന്നുചേരുന്നു. അതില്‍ ചെറുദോഷവും വന്‍ദോഷവും ഉണ്ടാവാം. അല്ലാഹു കരുണാവാരിധിയാണ്. നാം മനമുരുകി പ്രാര്‍ഥിക്കുക. പാപമോചനത്തിന് അതിന് പ്രത്യേകമായി അനുവദിക്കപ്പെട്ട സവിശേഷ സന്ദര്‍ഭങ്ങളില്‍ മുഖ്യമാണ് റമദാന്‍ രണ്ടാമത്തെ പത്ത്. അത് പരമാവധി ഉപയോഗപ്പെടുത്താന്‍ ഓരോ വിശ്വാസിക്കും സാധിക്കട്ടെ..ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."