അഴിമുഖത്തേക്ക് വീണ്ടും കടലാക്രമണം മത്സ്യ ബന്ധനം നിര്‍ത്തിവച്ചു
കഠിനംകുളം: പെരുമാതുറ മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖ നിര്‍മാണത്തിലെ അശാസ്ത്രീയത വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. അഴിമുഖത്ത് വീണ്ടും കടലാക്രമണം ശക്തമായതിനെ തുടര്‍ന്നാണിത്. തുറമുഖം വഴിയുള്ള മത്സ്യബന്ധനം നിര്‍ത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഹാര്‍ബറിലേക്കുള്ള തിരയടിയില്‍പ്പെട്ട് നിരവധി മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അഴിമുഖത്ത് നിന്നും കടലിലേക്ക് കടക്കാന്‍ പറ്റാത്ത വിധത്തില്‍ തിരയടി ശക്തമായി. നൂറ് കണക്കിന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് തിരയടിയുടെ ശമനവും പ്രതീക്ഷിച്ചിരിക്കുന്നത്.
ഇന്നും ഇന്നലെയുമല്ല..!
മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മാണം തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തോളമാകുന്നു. ഇതിനിടെ നിരവധി തവണ അശാസ്ത്രീയമെന്ന് കണ്ട് നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. ഓരോ തവണ നിര്‍മാണം നിര്‍ത്തിവെച്ച് , വീണ്ടും തുടങ്ങുമ്പോള്‍ കോടികളായിരുന്നു നഷ്ടടമായിക്കൊണ്ടിരുന്നത്.
നിര്‍മാണം തുടങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ പൊഴി മൂടുന്ന പ്രവണത ആവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ നീണ്ട പുനര്‍ പഠനത്തിന് ശേഷം കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും പുതിയ തറക്കല്ലിട്ട് തുടക്കം കുറിച്ചത്. രണ്ട് വര്‍ഷത്തിനകം ഹാര്‍ബര്‍ കമ്മിഷന്‍ ചെയ്യുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തു.
വീണ്ടും നിര്‍മാണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടതോടെ പൊഴി മൂടുന്ന പ്രവണ ഇല്ലാതായി. പകരം അഴിമുഖത്തേക്കുള്ള കടലാക്രമണം ശക്തമായി. രണ്ട് പുലിമുട്ടിന്റെയും നല്ലൊരു ഭാഗം വിഴുങ്ങിയ ശേഷമാണ് കടല്‍ പിന്‍മാറിയത്.
തുടര്‍ന്ന് വീണ്ടും പുനര്‍പഠനവും ചര്‍ച്ചകളും നടന്നു. പുലിമുട്ട് നിര്‍മാണം ആരംഭിക്കുകയും ചെയ്യ്തു. ടണ്‍കണക്കിന് ഭാരമുള്ള പതിനായിരകണക്കിന് മൂന്ന് മുക്ക് കല്ലുകള്‍ ഇതിനു വേണ്ടി നിര്‍മിച്ചു.
ഇവ രണ്ട് പുലിമുട്ടുകളുടെയും അവസാന ഭാഗത്ത് നിരത്തി. തിരയെ അതിജീവിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഇപ്പോള്‍ കടലാക്രമണം ഉണ്ടായിരിക്കുന്നത്. എത്ര കടല്‍ക്ഷോഭം വന്നാലും ഹാര്‍ബറിലേക്ക് ഇനി തിരയടി ഉണ്ടാകില്ലെന്ന് പറഞ്ഞ ഹാര്‍ബര്‍ അതോറിറ്റിക്കും കരാര്‍ എടുത്ത കമ്പനിക്കും മിണ്ടാട്ടമില്ല.
രണ്ടാഴ്ച മുന്‍പ് ഹാര്‍ബറിനുള്ളിലെ മണല്‍ ഒരു കോടി രൂപ മുടക്കി നീക്കം ചെയ്ത് തുടങ്ങിയെങ്കിലും എന്തൊക്കെയോ സാങ്കേതിക പറഞ്ഞ് അതും നിര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."