പള്ളി തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കില്ല: ശശി തരൂര്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന് നല്ല ഹൈന്ദവവിശ്വാസി ഒരിക്കലും ആഗ്രഹിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ അടിസ്ഥാന സാമൂഹിക പശ്ചാത്തലം.
ഈ യാഥാര്‍ത്ഥ്യത്തെ അവഗണിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വരുംദിവസങ്ങളില്‍ ബി.ജെ.പി വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പായി വര്‍ഗീയ കലാപങ്ങളുണ്ടാകുമെന്ന് തനിക്കു നല്ല ഭയമുണ്ട്. രാമന്റെ ജന്‍മസ്ഥലം അയോധ്യയാണെന്ന് വലിയൊരു വിഭാഗം ഹിന്ദുക്കളും വിശ്വസിക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ചുമാറ്റിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിച്ചുകാണാന്‍ നല്ല ഹിന്ദുക്കള്‍ക്കു കഴിയില്ല- തരൂര്‍ പറഞ്ഞു. 'ദി ഹിന്ദു' ദിനപത്രത്തിന്റെ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാര്‍ പല സ്ഥാനങ്ങളിലേക്കും നടത്തിയ നിയമനങ്ങളില്‍ നിയമിക്കപ്പെട്ടവര്‍ക്കുള്ള യോഗ്യത സംഘപരിവാരിനോടുള്ള വിധേയത്വം മാത്രമാണ്. അവരില്‍ പലര്‍ക്കും അതത് സ്ഥാനങ്ങളിലിരിക്കാനുള്ള അക്കാദമിക് യോഗ്യത ഉണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. വിദ്യാര്‍ഥികള്‍ക്ക് രാജ്യസ്‌നേഹമുണ്ടാക്കാന്‍ ക്യാംപസില്‍ യുദ്ധടാങ്ക് സ്ഥാപിക്കണമെന്ന് ഡല്‍ഹിയിലെ ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ പറയുന്നതിലും കൂടുതല്‍ അമ്പരപ്പിക്കുന്ന മറ്റൊന്നില്ല.
യു.ജി.സി ശമ്പളം വാങ്ങുന്നവര്‍ സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതാന്‍ പാടില്ലെന്ന ഉത്തരവ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം കാണാന്‍. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ സമ്മതിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. അടിയന്തിരാവസ്ഥയേര്‍പ്പെടുത്തിയത് തെറ്റുകളിലൊന്നായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."