കോട്ടയത്തിനും കുട്ടനാടിനും കാവലാകാന്‍ മീനച്ചിലാറില്‍ അണക്കെട്ടു വേണം
പി.എം ശെരീഫ്
ഈരാറ്റുപേട്ട: ഉരുള്‍പ്പൊട്ടലും പെരുമഴയും വന്നാല്‍ പ്രളയദുരിതംപേറിയും വേനലില്‍ വരണ്ടും ഒഴുകുന്ന മീനച്ചിലാറിന്റെ സംരക്ഷണത്തിന് ഈരാറ്റുപേട്ടയില്‍ അണക്കെട്ടു നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെയും കുട്ടനാട്ടിലെയും ജനങ്ങള്‍ അനുഭവിച്ച വെള്ളപ്പൊക്കദുരിതം വലിയ തോതില്‍ ലഘൂകരിക്കാന്‍ അണക്കെട്ടു നിര്‍മിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
മീനച്ചിലാറിലെ അനിയന്ത്രിതമായ നീരൊഴുക്കു മൂലം പടിഞ്ഞാറന്‍ മേഖലയിലുള്‍പ്പെടെ കോടികളുടെ കൃഷിനാശവും നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകരുന്നതും നിത്യസംഭവമാണ്.
കോട്ടയം ജില്ലയിലെയും കുട്ടനാട്ടിലെയും ശുദ്ധജലക്ഷാമം പരിഹരിക്കുവാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് 35 വര്‍ഷം മുമ്പ് മീനച്ചിലാറ്റില്‍ അണക്കെട്ടു നിര്‍മിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നു.
മീനച്ചില്‍ റിവര്‍ വാലി പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും ധനമന്ത്രി കെ.എം മാണിയും ജലസേചന മന്ത്രി എം.പി.ഗംഗാധരനും ചേര്‍ന്ന് ഈരാറ്റുപേട്ടയ്ക്കു സമീപം അടുക്കത്ത് തറക്കല്ലിട്ടിരുന്നു. ഇതിനായി അടുക്കത്ത് ഓഫിസും ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്‌സും നിര്‍മിക്കുകയും ചെയ്തിരുന്നു. വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറില്‍ ജലസമൃദ്ധി നിലനിര്‍ത്തുവാനും കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും കുട്ടനാട്ടും വര്‍ഷക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
പിന്നീടു വന്ന നയനാര്‍ സര്‍ക്കാര്‍ ഈ പദ്ധതി ഒഴിവാക്കി പകരമായി മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക്ഡാമുകള്‍ നിര്‍മിക്കുകയായിരുന്നു.
എന്നാല്‍ ഈ ചെക്ക്ഡാമുകള്‍ മീനച്ചിലാറിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തി. വേനല്‍ക്കാലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും കൊണ്ട് നദി മലിനമായി ശുദ്ധജല ക്ഷാമം രൂക്ഷമായി.
പല ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കു വംശനാശം സംഭവിക്കുകയും നദിയിലെ മണല്‍പരപ്പുകള്‍ ഇല്ലാതാകുകയും ചെയ്തു. അതോടെ ജലം സംഭരിക്കുവാനുള്ള ശേഷി മീനച്ചിലാറിന് നഷ്ടപ്പെട്ടു. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് പല നദീതട പദ്ധതികള്‍ക്കും തുടക്കം കുറിച്ചിരുന്നു. മീനച്ചില്‍ റിവര്‍ വാലി പദ്ധതിയൊഴിച്ച് ബാക്കിയെല്ലാം കമ്മിഷന്‍ ചെയ്യുകയും ചെയ്തിരുന്നു. പാലായില്‍ മീനച്ചില്‍ റിവര്‍ വാലി പദ്ധതിയുടെ ഓഫിസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."