തുനീഷ്യയിലെ 'റമദാന്‍ ഫാനൂസുകള്‍'
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്തുള്ള പൗരാണിക അറബ് രാജ്യമാണ് തുനീഷ്യ. ബി.സി ഒന്നാം സഹസ്രാബ്ദത്തില്‍ മധ്യധരണ്യാഴി അടക്കിവാണ കാര്‍ത്തേജ് നാഗരികതയുടെ ആസ്ഥാനഭൂമിക എന്ന നിലയില്‍ വിശ്രുതമാണ് തലസ്ഥാന നഗരമായ തുനിസ്. യുനെസ്‌കോയുടെ ലോകപൈതൃക പദവിയുള്ള പൗരാണിക തുനീഷ്യന്‍ നഗരങ്ങളാണ് കാര്‍ത്തേജ്, ഖൈറുവാന്‍ എന്നിവ. സമ്പൂര്‍ണ ജനാധിപത്യ വ്യവസ്ഥ നിലവിലുള്ള ഏക അറബ് രാജ്യമെന്ന ആധുനിക ബഹുമതിയും തുനീഷ്യക്കു സ്വന്തം. ഒരു കോടിയിലധികം ജനങ്ങളധിവസിക്കുന്ന രാജ്യത്ത് ജനസംഖ്യയുടെ 99 ശതമാനവും മുസ്‌ലിംകളാണ്. ഔദ്യോഗിക മതം എന്ന പരിഗണനയും ഇസ്‌ലാമിനുണ്ട്. പരമ്പരാഗതമായി മാലികി കര്‍മശാസ്ത്ര സരണി പിന്തുടരുന്നവരാണ് തുനീഷ്യന്‍ മുസ്‌ലിംകള്‍.
അമവികളുടെ ഭരണകാലത്താണ് തുനീഷ്യ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത്. അമവി സൈന്യാധിപനായ ഉഖ്ബ ബിന്‍ നാഫിഅ് 670ല്‍ രാജ്യം കീഴടക്കി. അതേവര്‍ഷം തന്നെ അദ്ദേഹം സ്ഥാപിച്ച ചരിത്ര നഗരമാണ് ഖൈറുവാന്‍. നഗരത്തില്‍ അദ്ദേഹം പണിതുയര്‍ത്തിയ മസ്ജിദ്, ഉഖ്ബ മസ്ജിദ് എന്നറിയപ്പെടുന്നു. ഉത്തരാഫ്രിക്കയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഇത്, നൂറ്റാണ്ടുകളോളം ആഫ്രിക്കയിലെ പരമോന്നത വൈജ്ഞാനിക കേന്ദ്രമായിരുന്നു. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, ബൈത്തുല്‍ മുഖദ്ദസ് പള്ളികള്‍ക്കു ശേഷം ഏറ്റവും മഹത്വമേറിയ പള്ളിയായി ഖൈറുവാന്‍ മസ്ജിദിനെയാണ് ആഫ്രിക്കന്‍ മുസ്‌ലിംകള്‍ പരിഗണിക്കുന്നത്. തുനിസ് നഗരത്തില്‍ 737ല്‍ സ്ഥാപിതമായ സൈത്തൂന യൂനിവേഴ്‌സിറ്റി ലോകത്തെ ഏറ്റവും പുരാതനമായ സര്‍വകലാശാലയായി ഗണിക്കപ്പെടുന്നു.
സവിശേഷമായ ഒട്ടേറെ ആചാരങ്ങളും നാട്ടുനടപ്പുകളും ഉള്‍ച്ചേര്‍ന്നതാണ് തുനീഷ്യയിലെ റമദാന്‍ മാസം. നോമ്പുകാലം കടന്നുവരുന്നതോടെ വീടുകളും കടകമ്പോളങ്ങളുമെല്ലാം പ്രത്യേകതരം വര്‍ണവിളക്കുകള്‍ കൊണ്ട് അലങ്കരിക്കും. 'റമദാന്‍ ഫാനൂസുകള്‍' എന്നാണിവ അറിയപ്പെടുന്നത്. ആഫ്രിക്കയില്‍ നിന്നുത്ഭവിച്ച റമദാന്‍ ഫാനൂസുകള്‍ അറബ്- മുസ്‌ലിം രാജ്യങ്ങളിലെല്ലാം ഇന്ന് പ്രചാരം നേടിയിട്ടുണ്ട്.
റമദാന് മുന്നോടിയായി വീടുകളും പള്ളികളുമെല്ലാം പെയിന്റടിച്ച് ഭംഗിയാക്കുന്ന പതിവും തുനീഷ്യയില്‍ സാര്‍വത്രികമാണ്. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചവരെയേ റമദാനില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. നോമ്പുകാലത്ത് പൊതുസ്ഥലങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നത് ഒരു മാസം തടവു ലഭിക്കാവുന്ന കുറ്റമാണ്.
രാജ്യത്തെ ഇഫ്താര്‍ വിഭവങ്ങളുടെ മുഖ്യ ഘടകമാണ് ഈത്തപ്പഴവും പാലും. പള്ളികളിലെ ഇഫ്താര്‍ സംഗമങ്ങളില്‍ ഈത്തപ്പഴത്തിനൊപ്പം പാലും നിര്‍ബന്ധമാണ്. നോമ്പുതുറയുടെ പ്രധാന വിഭവമായി വിവിധതരം റൊട്ടികളുപയോഗിക്കുന്നു. പരമ്പരാഗത തുനീഷ്യന്‍ സൂപ്പ് ആയ 'ഹലീം', കോഴിയിറച്ചിയില്‍ ചോളം, മല്ലി, ഒലിവ് ഓയില്‍, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സവിശേഷ മിശ്രിതമായ 'ബസിസ', മുട്ട, ഇറച്ചി, മീന്‍ എന്നിവ ചേര്‍ത്ത് തയാറാക്കുന്ന വിവിധതരം ഭക്ഷ്യവിഭവങ്ങള്‍ എന്നിവ ഇഫ്താര്‍ വിരുന്നുകളെ വിഭവസമൃദ്ധമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."