മേല്‍ക്കൂരയില്ലാതെ മേല്‍നടപ്പാലം
നീലേശ്വരം: ഏറെക്കാലത്തെ മുറവിളികള്‍ക്കു ശേഷം നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ മേല്‍നടപ്പാലമൊരുങ്ങിയെങ്കിലും അതിനു മേല്‍ക്കൂരയില്ലാത്തത് യാത്രക്കാര്‍ക്കു ദുരിതമാകുന്നു. മഴക്കാലമായതോടെ കുട പിടിച്ചാണു യാത്രക്കാര്‍ മേല്‍നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നത്.
ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചാണു മേല്‍നടപ്പാലം നിര്‍മിച്ചത്. പി കരുണാകരന്‍ എം.പിയുടെ ഇടപെടലിന്റെ ഭാഗമായാണു ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
മേല്‍ക്കൂരയുടെ നിര്‍മാണത്തിനും രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും മേല്‍നടപ്പാലം കിഴക്കുവശത്തേക്കു നീട്ടുന്നതിനുമായി എം.പിയുടെ വികസന നിധിയില്‍ നിന്നും തുക അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെയായും പ്രവൃത്തി ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എഫ്.സി.ഐയിലേക്ക് ചരക്കുമായി വരുന്ന വാഗണുകള്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടാല്‍ മലയോരത്തു നിന്നും വരുന്ന യാത്രക്കാര്‍ ഏറെ വലഞ്ഞാണു ട്രെയിന്‍ കയറാനെത്തുന്നത്. വരുമാനത്തിന്റെ കാര്യത്തിലും യാത്രക്കാരുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആദര്‍ശ് സ്റ്റേഷനെ അവഗണിക്കുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."