പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാറിലെ ടൂറിസത്തിന് ഉണര്‍വേകും: മുഖ്യമന്ത്രി
നീലേശ്വരം: പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നത് മലബാറിലെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും ഇതുവരെ പദ്ധതി പ്രാവര്‍ത്തികമായില്ല. വികസന പ്രര്‍ത്തനങ്ങള്‍ക്ക് ഒരു തടസവും പാടില്ലെന്ന സര്‍ക്കാര്‍ നിലപാടു കാരണമാണ് പദ്ധതി ഇപ്പോള്‍ യാതാര്ഥ്യമാവുന്നത്. യാത്രാദുരിതത്തിനും കുടിവെള്ള പ്രശ്നത്തിനും റഗുലേറ്റര്‍ കം ബ്രിഡ്ജ് പരിഹാരമാവും. തേജസ്വിനി പുഴയുടെ മനോഹാരിത ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കാരണമാവും. പാലം യാതാര്‍ഥ്യമാക്കാന്‍ ശ്രമിച്ച മുന്‍ ജനപ്രതിനിധികളെയും ഇപ്പോഴത്തെ ജനപ്രതിനിധികളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷനായി. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്, പി. കരുണാകരന് എം.പി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം. രാജഗോപാല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."