പഠനം മുടക്കി ഹൈസ്‌കൂളുകളില്‍ 'മലയാളത്തിളക്കം'
കാസര്‍കോട്: ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എട്ട് പ്രവൃത്തിദിനങ്ങളില്‍ മലയാളത്തിളക്കം പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരേ പരാതിയുയരുന്നു. മലയാളത്തിളക്കം പരിശീലനം സ്‌കൂള്‍ പഠന സമയത്തായതിനാല്‍ ആ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ നഷ്ടമാകും എന്നുള്ളതാണ് നിലവിലെ സ്ഥിതി. എസ്.എസ്.എല്‍.സി ക്ലാസുകളിലെ കുട്ടികളുടെ പഠനത്തെ ഇത് സാരമായി ബാധിക്കും.
മാതൃഭാഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്രശിക്ഷാ അഭിയാന്റെ മലയാളത്തിളക്കം ഹൈസ്‌കൂള്‍ ക്ലാസുകളിലും വ്യാപിപ്പിക്കുന്നത്. മലയാളത്തില്‍ എഴുത്ത്, വായന എന്നീ മേഖലകളില്‍ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനാണ് നിര്‍ദേശം.
പതിവ് പഠനസമയം നഷ്ടപ്പെടുത്താതെ രാവിലെയും വൈകിട്ടും അവധിദിവസങ്ങളിലും അധിക സമയം കണ്ടെത്തിയാണ് എല്‍.പി, യു.പി തലങ്ങളില്‍ മലയാളത്തിളക്കം നടപ്പിലാക്കിയത്. എന്നാല്‍ ഹൈസ്‌കൂളുകളില്‍ പഠനസമയത്ത് തന്നെ കുട്ടികളെ മാറ്റിയിരുത്തി പരിശീലനം നല്‍കാനാണ് നിര്‍ദേശം. മുഴുവന്‍ കുട്ടികളും ഇല്ലാതെ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന ആവശ്യവുമായി രക്ഷിതാക്കളും രംഗത്തെത്തിട്ടുണ്ട്.
തുടര്‍ച്ചയായ അവധിദിവസങ്ങള്‍ക്ക് പിന്നാലെ, മേളകള്‍ കൂടി എത്തുന്നതോടെ പാഠങ്ങള്‍ എങ്ങനെ തീര്‍ക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. അതിനിടയിലാണ് എട്ടു ദിവസങ്ങളിലെ പഠനം അവതാളത്തിലാക്കുംവിധം മലയാളത്തിളക്കം എത്തുന്നത്. മാതൃഭാഷയില്‍ നൈപുണി ആര്‍ജിച്ചാല്‍ മാത്രമേ കുട്ടിക്ക് മറ്റു വിഷയങ്ങളില്‍ പഠനമുന്നേറ്റം സാധ്യമാകൂ എന്ന കണ്ടെത്തലാണ് ഈ വ്യാപനത്തിന്റെ അടിസ്ഥാനം. ജില്ലയില്‍ ബേക്കല്‍ ബി.ആര്‍.സിക്ക് കീഴിലെ ഹൈസ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിലുള്ള ക്ലാസുകള്‍ക്ക് ശേഷം സ്‌കൂളിലെ മലയാളം അധ്യാപകനും, ബി.ആര്‍.സി പരിശീലകനും ചേര്‍ന്നാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യേണ്ടത്. അതേസമയം പഠനം പ്രതിസന്ധിയിലാക്കുന്ന ഈ വിഷയത്തില്‍ അധ്യാപക സംഘടനകള്‍ മൗനം പാലിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."