അതിരപ്പിള്ളി പദ്ധതി അടഞ്ഞ അധ്യായമായി പ്രഖ്യാപിക്കണം: വി.എം. സുധീരന്‍
തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അടഞ്ഞ അധ്യായമായി പ്രഖ്യാപിക്കാന്‍ പരിസ്ഥിതിദിനത്തിലെങ്കിലും സര്‍ക്കാര്‍ തയ്യറാകണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ഡി.സി.സി ഓഫീസില്‍ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹൃദവികസന നയമാണ് സര്‍ക്കാരുകള്‍ക്ക് ഉണ്ടാകേണ്ടത്. അതിരപ്പിള്ളി പോലെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരും പൊതുസമൂഹവും ജാഗ്രതയോടുള്ള സമീപനം കാണിക്കണം. പ്രകൃതിയോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിയാവണം പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടത്. പദ്ധതികള്‍ പ്രഖ്യാപിക്കുകയും പാരിസ്ഥിതിക പഠനങ്ങള്‍ പിന്നീട് നടക്കുകയുമാണ് നിലവിലുള്ള ശൈലി. ഇതിന് മാറ്റം വരേണ്ടതുണ്ട്. ഒരു ലക്ഷം മരങ്ങളാണ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കായി മുറിച്ചുമാറ്റേണ്ടി വരിക.
ഒരു വശത്ത് പരിസ്ഥിതി സംരക്ഷണം പ്രചരിപ്പിക്കുകയും മറുവശത്ത് സംസ്ഥാനത്തിന് ഗുണം ചെയ്യാത്ത പദ്ധതിക്കായി ലക്ഷക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ഒരുങ്ങുകയും ചെയ്യുന്ന സമീപനം ശിരയല്ല.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പരിസ്ഥിതിയുടെ പ്രധാന്യം എത്തിക്കുന്നതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും സുധീരന്‍ ഓര്‍മ്മിപ്പിച്ചു. മനുഷ്യന് വേണ്ടാത്തതെല്ലാം വലിച്ചെറിയാനുള്ള ഇടമായി ജലസ്രോതസ്സുകള്‍ മാറിയെന്നും ഈ പ്രവണത മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധി ജന്മശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വീടുകളില്‍ വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം (പ്രിയദര്‍ശിനി ഓര്‍മമരം) സുധീരനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന് ഡി.സി.സി അങ്കണത്തില്‍ മാവിന്‍തൈ നട്ട് നിര്‍വ്വഹിച്ചു.
5000 വൃക്ഷത്തൈകളാണ് ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19നു മുമ്പായി ഡി.സി.സിയുടെ നേതൃത്വത്തില്‍ നടുക. ഡി.സി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി.
മുന്‍ മന്ത്രിമാരായ സി.എന്‍ ബാലകൃഷ്ണന്‍, കെ.പി വിശ്വനാഥന്‍, മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, അനില്‍ അക്കര എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ എം.പി ഭാസ്‌കരന്‍ നായര്‍, ഒ. അബ്ദുറഹിമാന്‍കുട്ടി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി. ബലറാം, സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണന്‍, എന്‍.കെ സുധീര്‍, മുന്‍ എം.എല്‍.എമാരായ എം.കെ പോള്‍സണ്‍, എം.പി വിന്‍സെന്റ്, നേതാക്കളായ പി.കെ അബൂബക്കര്‍ ഹാജി, ടി.യു ഉദയന്‍, ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, ജോണ്‍ സിറിയക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."