ശക്തമായ കാറ്റും തിരമാലയും തീരദേശവാസികള്‍ ആശങ്കയില്‍
ചേര്‍ത്തല:കാലവര്‍ഷത്തില്‍ കടല്‍തിരമാലകള്‍ തീരം കവരാന്‍ തുടങ്ങിയതോടെ തീരവാസികള്‍ ആശങ്കയില്‍. അര്‍ത്തുങ്കല്‍, തൈക്കല്‍ മേഖലയിലാണ് തിരമാലകള്‍ ആഞടിക്കുന്നത്. തിരമാലകള്‍ അടിച്ചു കയറി മീറ്ററുകള്‍ ദൂരത്തില്‍ കരയെടുത്തിട്ടുണ്ട്.
വര്‍ഷങ്ങള്‍ പഴക്കമുള്ള തെങ്ങുകള്‍ ഭീഷണിയിലാണ്. കടലാക്രമണം രൂക്ഷമായാല്‍ സമീപത്തെ വീടുകള്‍ക്കും ഭീഷണിയാവും. തൈക്കല്‍ മേഖലയില്‍ കടല്‍ഭിത്തി ഇല്ലാത്തതും മറ്റ് ഭാഗങ്ങളില്‍ കടല്‍ഭിത്തി താഴ്ന്ന് പോയതുമാണ് കടലാക്രമണത്തിന് കാരണം.
അര്‍ത്തുങ്കലില്‍ പുലിമുട്ട് സ്ഥാപിച്ചതോടെയാണ് തൈക്കല്‍ മേഖലയില്‍ കടലാക്രമണം രൂക്ഷമായതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
തിങ്കളാഴ്ച കടക്കരപ്പള്ളി പഞ്ചായത്ത് വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തില്‍ തൈക്കല്‍ മേഖലയില്‍ കാന നിര്‍മിക്കുന്നതിന് പൊതുമരാമത്ത്, ഇറിഗേഷന്‍ വിഭാഗം എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റവന്യു, ആരോഗ്യം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
തൈക്കല്‍ മേഖലയില്‍ നിരവധി വീടുകള്‍ വെള്ളക്കെട്ടിലാണെന്നും പ്രശ്‌നപരിഹാരത്തിന് കാന നിര്‍മാണം കൂടിയേ തീരുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്‍ യോഗത്തില്‍ പറഞ്ഞു. മഴകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുവാനും സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് മുന്‍കരുതല്‍ എടുക്കുവാന്‍ ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അര്‍ത്തുങ്കല്‍ തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി തിങ്കളാഴ്ച പൊഴി മുറിച്ചു. അര്‍ത്തുങ്കല്‍ വില്ലേജ് ഓഫിസിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി ഉപയോഗിച്ചാണ് പൊഴി മുറിച്ചത്. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ട് ദുരിതത്തിന് ആശ്വാസമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."