'അമ്മ'യില്‍ ചേരിപ്പോര്
കൊച്ചി: താരസംഘടനാ ഭാരവാഹികള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ അംഗങ്ങള്‍ ആശയക്കുഴപ്പത്തില്‍. സംഘടനയുടെ ഔദ്യോഗിക വക്താവ് ആരെന്ന കാര്യത്തില്‍ പോലും 'അമ്മ' അംഗങ്ങള്‍ക്ക് വ്യക്തതയില്ലാത്ത അവസ്ഥയാണ്. അതിനിടെ നടിമാര്‍ക്ക് പുറമെ എതിര്‍ശബ്ദങ്ങളുമായി കൂടുതല്‍ നടന്മാരും രംഗത്ത് എത്തിയതോടെ നേതൃത്വം കൂടുതല്‍ സമ്മര്‍ദത്തിലായി.
പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവച്ചാല്‍പോലും അത്ഭുതപ്പെടാനില്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരും അനുകൂലിക്കുന്നവരും പരസ്യപ്രസ്താവനകളുമായി കൊമ്പുകോര്‍ത്തതോടെയാണ് പൊട്ടിത്തെറി രൂക്ഷമായത്. നടന്‍ സിദ്ദിഖ് ദിലീപിനെ പിന്തുണയ്ക്കുന്ന രീതിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജഗദീഷും ബാബുരാജും തമ്മിലടി തുറന്നുകാട്ടുന്ന രീതിയില്‍ രംഗത്തുവന്നത്. ഇവരുടെ ഓഡിയോ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ പരസ്യമായിതന്നെ എതിര്‍ക്കുമെന്നാണ് ബാബുരാജിന്റെ മുന്നറിയിപ്പ്. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും അതിനപ്പുറം ആരും ഒന്നുംപറയേണ്ടെന്നും ജഗദീഷും തുറന്നടിച്ചു. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും ഗുണ്ടായിസവും ഭീഷണിയും വച്ചുപൊറുപ്പിക്കില്ലെന്നും ജഗദീഷ് പറഞ്ഞു.
ശനിയാഴ്ച ഡബ്ല്യു.സി.സി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തോട് ആദ്യ രണ്ടുദിവസം 'അമ്മ' ഭാരവാഹികള്‍ പ്രതികരിച്ചിരുന്നില്ല. ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതോടെ തിങ്കളാഴ്ചയാണ് ഭാരവാഹികള്‍ ചിലര്‍ പ്രതികരിക്കാനിറങ്ങിയത്. ഇതാണ് ഡബ്ല്യു.സി.സി ഉയര്‍ത്തിവിട്ട ആരോപണങ്ങളേക്കാള്‍ കൂടുതല്‍ 'അമ്മ'യെ വെട്ടിലാക്കിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സിദ്ദിഖ് മുന്‍പ് കൊടുത്ത മൊഴി ഇപ്പോള്‍ പുറത്തുവന്നതിന് പിന്നിലും അണിയറ നീക്കങ്ങള്‍ നടന്നതായി സംശയിക്കുന്നുണ്ട്. സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന അഭിപ്രായവും വ്യാപകമാണ്. നടന്‍ ജോയ് മാത്യു അടക്കമുള്ളവരാണ് ലളിതക്കെതിരേ രംഗത്തുവന്നത്.
അമ്മ ആരുടെയും തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ലെന്ന സിദ്ദിഖിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്ത് നടന്‍ ഷമ്മി തിലകനും രംഗത്തെത്തി. തന്റെയും പിതാവിന്റെയും അവസരങ്ങള്‍ ഇല്ലാതാക്കിയതില്‍ പ്രമുഖ നടന്മാര്‍ക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലാണ് ഷമ്മി നടത്തിയത്. വിവാദം ആളിപ്പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച അടിയന്തര എക്‌സിക്യൂട്ടിവ് യോഗംചേരുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."