മന്ത്രിസഭ അംഗീകരിച്ചു; അലഹബാദ് ഇനി പ്രയാഗ്‌രാജ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധമായ അലഹബാദ് ഇനി പ്രയാഗ് രാജ് എന്ന പേരില്‍ അറിയപ്പെടും. ജില്ലയുടെ പേരുമാറ്റുന്നതിനുള്ള നടപടികള്‍ക്ക് ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പ്രതിപക്ഷ പാര്‍ട്ടികളുടെയും വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകരുടെയും എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പേരു മാറ്റുകയല്ല, 500 വര്‍ഷം പഴക്കമുള്ള പഴയ പേര് പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
പേര് മാറ്റാനുള്ള ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ രാംനായിക്ക് അനുമതി നല്‍കിയതായി അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സന്യാസിമാരുടെ സംഘടനയായ അഖില ഭാരതീയ അക്കാറാ പരിഷത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പേര് മാറ്റിയത്.
ജനുവരിയില്‍ നടക്കുന്ന കുംഭമേളയ്ക്ക് മുന്നോടിയായി പേര് മാറ്റണമെന്നായിരുന്നു പരിഷത്തിന്റെ ആവശ്യം. അലഹബാദ് സര്‍വകലാശാല, അലഹബാദ് ഹൈക്കോടതി, അലഹബാദ് റയില്‍വേ സ്‌റ്റേഷന്‍ എന്നിവയുടെ പേരും വൈകാതെ മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."