കുന്നുംകൈ ടൗണില്‍ വീണ്ടും മണ്ണിടിച്ചില്‍; ഒഴിവായത് വന്‍ ദുരന്തം
കുന്നുംകൈ: മലയോരത്ത് തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കുന്നുംകൈ ടൗണില്‍ വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഏറെ ഭീഷണിയായിനിന്ന മുപ്പതുമീറ്ററോളം പൊക്കമുള്ള മണ്‍കൂന റോഡിലേക്കു വീണത്.
ടൗണിലെ റോഡ് വീതി കൂട്ടി അരികിലെ വലിയ മണ്‍കൂന എടുത്തുമാറ്റിയ സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് സമീപത്തെ മിനി മാസ്റ്റ് ലൈറ്റ് പാടെ തകര്‍ന്നു. ഇതുകാരണം രണ്ടു മണിക്കൂറുകളോളം ഗതാഗതം സതംഭിച്ചു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഭാഗികമായി മണ്ണുമാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൂന്നുമാസം മുമ്പ് മണ്ണിടിഞ്ഞ ഭാഗത്തുതന്നെയാണ് വീണ്ടും മണ്ണിടിഞ്ഞത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്‌കൂള്‍ കുട്ടികള്‍ വരുന്നതിനു മുമ്പ് അപകടം നടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആറുമാസം മുമ്പാണ് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടിയോളം ചെലവഴിച്ചു കുന്നുംകൈ ടൗണില്‍ നവീകരണം പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തി നടക്കുമ്പോള്‍ തന്നെ അപകട സാധ്യത അധികൃതരെ അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പ് മണ്ണിടിഞ്ഞ സമയത്ത് ഭൂരിഭാഗം മണ്ണും കല്ലും മാറ്റാത്തതാണ് ഇപ്പോള്‍ അപകട സാധ്യത വര്‍ധിക്കാന്‍ കാരണമായതെന്ന് ആരോപണമുണ്ട്. ഇപ്പോഴും കല്ലും മണ്ണും മഴയില്‍ ഏതുസമയവും റോഡിലേക്കുപതിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിസരത്തുള്ളവര്‍ ഭയാശങ്കയിലാണ്.
ടൗണിലെ പലയിടത്തും ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിര്‍മാണ സമയത്ത് ഏകദേശം നൂറടി ഉയരത്തിലുള്ള മണ്‍തിട്ട മാറ്റുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ കരുതലോ മറ്റോ എടുക്കാത്തതാണ് അപകടം വരുത്തിവച്ചതെന്ന് ആക്ഷേപമുണ്ട്. റോഡ് നവീകരണ പ്രക്രിയ നടക്കുന്നതിനു മുമ്പ് റോഡിന്റെ മധ്യഭാഗത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. റോഡിന്റെ ഘടനയെ തന്നെ മാറ്റി മറിച്ചു നിര്‍മാണം നടത്തിയതാണ് മണ്ണിടിച്ചിലിനു കാരണമായതെന്ന ആരോപണവുമുണ്ട്. നിര്‍മാണ സമയത്ത് വലിയ പാറക്കല്ലുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചതും മണ്ണിടിച്ചിലിനു കാരണമായതായി നാട്ടുകാര്‍ ആരോപിക്കുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് മണ്ണുമാറ്റി ഇരുനൂറു മീറ്റര്‍ നീളത്തിലും പത്തുമീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി സ്ഥാപിക്കാന്‍ രണ്ടരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമായില്ല. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജന്‍, വൈസ് പ്രസിഡന്റ് ടി.കെ സുകുമാരന്‍, ചിറ്റാരിക്കല്‍ എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ എന്‍. കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി മുരളി, വില്ലേജ് ഓഫിസര്‍ മധുസൂദനന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."