ചാരക്കേസില്‍ വിവാദ വെളിപ്പെടുത്തലുകളുമായി മറ്റൊരു പുസ്തകം കൂടി
തിരുവനന്തപുരം: ചാരക്കേസിലെ വിവാദ വെളിപ്പെടുത്തലുകള്‍ വീണ്ടും പുസ്തകങ്ങളായി പുറത്തേക്ക്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ഡി.ജി.പി സിബി മാത്യൂസിന്റെ ആത്മകഥ വിവാദമായതിനു പിന്നാലെ കേസില്‍ കുറ്റാരോപിതനായിരുന്ന വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ആത്മകഥയാണ് പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന പുസതകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് എഴുതി തീര്‍ത്തു. തന്റെ ആത്മകഥ ചാരക്കേസുസംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമാകുമെന്ന് നമ്പി നാരായണന്‍ പറയുന്നു. 23 വര്‍ഷം മുന്‍പ് കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന്റെ 'നിര്‍ഭയം' ഒരു ഐ.പി.എസ് ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍ എന്ന പുസ്തകം പത്തിന് പ്രകാശനം ചെയ്യാനിരിക്കെയാണ് നമ്പി നാരായണന്റെ അത്മകഥയും താമസിയാതെ വരുമെന്ന വിവരം പുറത്തറിയുന്നത്. അതോടെ ചാരംമൂടി കിടന്ന ചാരക്കേസിന്റെ അണിയറ കഥകള്‍ വീണ്ടും ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍. തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കിയ ചാരക്കേസിലെ സൂത്രധാരന്മാരെക്കുറിച്ച് പുസ്‌കത്തില്‍ നമ്പിനാരായണന്‍ എഴുതിയിട്ടുണ്ടെന്നാണ് സൂചന. പുസ്തകത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.
ഇപ്പോള്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്ന സിബി മാത്യൂസിന് അന്ന് തന്നെ എല്ലാം തുറന്നു പറയാമായിരുന്നുവെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ഇന്ന് ഒരു തുറന്നു പറച്ചിലുമായി അദ്ദേഹം മുന്നോട്ടുവരുന്നത് എന്തിനാണെന്നറിയില്ല. ഒരുപക്ഷേ, പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാകാം ഇത്. ആരുടേയെങ്കിലും സമ്മര്‍ദത്തിന് വഴങ്ങി മറ്റുള്ളവരുടെ പേരില്‍ കുറ്റം ആരോപിച്ചുവെന്ന് പറയാന്‍ സിബി മാത്യൂസിനെ പോലൊരു ഉദ്യോഗസ്ഥന് നാണം തോന്നുന്നില്ലേയെന്നും നമ്പി നാരായണന്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."