നെഹ്‌റു ട്രോഫി: തുഴയെറിയാന്‍ ഒരുങ്ങി കളിവള്ളങ്ങള്‍
ആലപ്പുഴ: പ്രളയത്തെ അതിജീവിച്ചും കുട്ടനാടിന്റെ ഒളിംപിക്‌സായ നെഹ്‌റുട്രോഫി വള്ളംകളിയില്‍ തങ്ങള്‍ തുഴയെറിയുമെന്ന് വിളംബരം ചെയ്ത് ക്യാപ്റ്റന്‍സ് മീറ്റ് ചേര്‍ന്നു. കളിവള്ളങ്ങളുടെ ക്യാപ്റ്റന്‍മാരുടെ നിറഞ്ഞ സാന്നിധ്യത്തിലാണ് കളിയുടെ നിയമാവലികള്‍ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍മാര്‍ക്ക് പരിചയപ്പെടുത്തിയത്. കേരളത്തെയും പ്രത്യേകിച്ച് കുട്ടനാടിനെ പൂര്‍ണമായും ഗ്രസിച്ച മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്‌റുട്രോഫി വള്ളംകളി നവംബര്‍ പത്തിനാണ് പുന്നമടയുടെ അങ്കത്തട്ടില്‍ അരങ്ങേറുക.
66-ാമത് നെഹ്‌റുട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളിലെ ടീം അംഗങ്ങള്‍ പാലിക്കേണ്ട നിബന്ധനകളും അച്ചടക്ക സമിതിയുടെ അധികാരങ്ങളും യോഗത്തില്‍ വിശദീകരിച്ചു. യോഗം എന്‍.ടി.ബി.ആര്‍ സൊസൈറ്റി സെക്രട്ടറി സബ്കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ സി.കെ.സദാശിവന്‍ അധ്യക്ഷനായ ചടങ്ങില്‍ മുന്‍ എം.എല്‍.എ കെ.കെ.ഷാജു, റേസ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വള്ളങ്ങളുടെ ക്യാപ്റ്റന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
78 കളിവള്ളങ്ങളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുന്ന അഞ്ചും മത്സരത്തിലുള്ള 20 വള്ളങ്ങളും ഉള്‍പ്പടെ 25 ചുണ്ടന്‍ വള്ളങ്ങളാണ് പങ്കെടുക്കുന്നത്. ഇത്തവണ മത്സരത്തിലുള്ള വള്ളങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സാധിക്കും.
ഇതിന് എന്‍.ടി.ബി.ആര്‍ സൊസൈറ്റിക്ക് നല്‍കി വന്നിരുന്ന വിഹിതം ഒഴിവാക്കാന്‍ തീരുമാനിച്ചതായി യോഗത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറും ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ കെ.പി.ഹരന്‍ ബാബു അറിയിച്ചു.
കഴിഞ്ഞ തവണ നടത്തിയ ക്യാപ്റ്റന്‍സ് മീറ്റിലെ നിയമാവലികളില്‍ കാര്യമായ മാറ്റങ്ങളില്ലെന്നും ഈ വര്‍ഷത്തെ ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ നടത്തിപ്പ് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം ആയിട്ടില്ലെന്നും യോഗത്തില്‍ വിശദമാക്കി.
പൊലിസും, വള്ളംകളി ഒഫീഷ്യല്‍സും തരുന്ന നിര്‍ദ്ദേശങ്ങള്‍ യാഥാവസരം അനുസരിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ചുണ്ടന്‍ വള്ളങ്ങളെ പുതുതായി രൂപീകരിക്കുന്ന ബോട്ട് ലീഗില്‍ പങ്കെടുപ്പിക്കുകയില്ല. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം അവരുടെ പ്രവൃത്തി അച്ചടക്ക ലംഘനമായി കണക്കാക്കി അവരെ ചാംപ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുപ്പിക്കാതിരിക്കുവാനുള്ള അധികാരം ഡിസിപ്ലിനറി കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. വിലക്ക് അടുത്ത രണ്ടുവര്‍ഷകാലത്തേക്ക് കൂടി നിലനില്‍ക്കുന്നതുമാണ്.
ഇത് കൂടാതെ കഴിഞ്ഞ ക്യാപ്റ്റന്‍സ് മീറ്റില്‍ പറഞ്ഞിട്ടുള്ള മറ്റ് നിര്‍ദ്ദേശങ്ങളും മാറ്റമില്ലാതെ പാലിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."