രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിയായെങ്കിലും തീരദേശത്ത് ക്രിമിനലുകളുടെ വിളയാട്ടം
തിരൂര്‍: ജനജീവിതത്തിന് ഭീഷണിയുയര്‍ത്തി തീരദേശത്ത് ക്രിമിനലുകളുടെ വിളയാട്ടം. നേതാക്കള്‍ തമ്മിലുള്ള പരസ്പര സമാധാന ധാരണയെ തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതായെങ്കിലും ക്രിമിനല്‍ സ്വഭാവമുള്ളവര്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പറവണ്ണയിലെ കൊലപാതകം. ട്രിപ്പ് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഡ്രൈവര്‍ മുഹമ്മദ് യാസീനെ (40) രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പ്രതിയായ പറവണ്ണ പള്ളത്ത് ആദം നിര്‍ദാക്ഷിണ്യം കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു കൊലപാതകം. കത്തിക്കുത്തിന് ശേഷം യാസീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ പോലും പ്രതി ഓട്ടോ തല്ലിതകര്‍ത്താണ് സ്ഥലം വിട്ടതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. തീരദേശത്ത് പതിവായി പൊലിസ് സാന്നിധ്യമുള്ളപ്പോഴും കൈവശം ആയുധങ്ങള്‍ കൊണ്ടുനടക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്ന ക്രിമിനല്‍ സ്വഭാവമുള്ളയാളാണ് പ്രതിയെന്നാണ് വിവരം.
അക്രമസംഭവങ്ങളില്‍ പങ്കാളികളാകുന്നവരെ സംരക്ഷിക്കില്ലെന്ന് സി.പി.എം- മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പരസ്യമായി പ്രഖ്യാപിച്ചതിനാല്‍ തീരദേശത്ത് പാര്‍ട്ടി സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ക്രിമിനലുകള്‍ ഒതുങ്ങിക്കഴിയുന്നതിനിടയിലാണ് പറവണ്ണയില്‍ കൊലപാതകമുണ്ടായത്. പല ക്വട്ടേഷന്‍ സംഘങ്ങളിലും തീരദേശത്തുള്ള ഇത്തരക്കാര്‍ പങ്കാളികളാണെന്ന് പൊലിസിന് വ്യക്തമായ വിവരമുണ്ട്. എന്നാല്‍ പാര്‍ട്ടി പിന്തുണയുള്ളതിനാല്‍ ഇവരെ പൊലിസ് തൊടാറില്ല. ഇതാണ് തീരദേശം കേന്ദ്രീകരിച്ച് ക്രിമിനല്‍ സംഘങ്ങള്‍ വളരാനിടയാക്കിയതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."