മത്സ്യങ്ങളിലെ മായം: സാംപിള്‍ പരിശോധനാഫലം: നാല് സാംപിളുകളില്‍ അമോണിയയുടെ അംശം
തിരൂര്‍: ഭക്ഷ്യമത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച് അയച്ച മത്സ്യസാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നു.
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ പരിശോധിച്ച പെരിന്തല്‍മണ്ണ പൂപ്പലം മാര്‍ക്കറ്റില്‍നിന്നുള്ള നാല് സാംപിളുകളില്‍ അമോണിയയുടെ അംശം കണ്ടെത്തി.
സാംപിളുകള്‍ കോഴിക്കോട് മലാപ്പറമ്പിലെ റീജിയനല്‍ അനലറ്റിക്കല്‍ ലാബില്‍ വിശദ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മലപ്പുറം ഓഫിസില്‍നിന്ന് വീണ്ടും അയച്ചിരിക്കുകയാണ്.
അതേസമയം പൊന്നാനി, മലപ്പുറം, കൊണ്ടോട്ടി, താനൂര്‍, കോട്ടക്കല്‍, കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ്, കൊളത്തൂര്‍ എന്നിവിടങ്ങളിലെ മത്സ്യമാര്ക്കറ്റുകളില്നിന്നായി ശേഖരിച്ച 21 സാംപിളുകളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തതായി കണ്ടെത്താനായിട്ടില്ല.
എന്നാല്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിഗണനയിലുള്ള തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ മൂന്ന് സാംപിളുകളുടെ പരിശോധനാ ഫലം ലഭ്യമായിട്ടില്ലെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ കെ. സുഗുണന് പറഞ്ഞു.
ജില്ലയിലെ 11 മത്സ്യമാര്‍ക്കറ്റുകളിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് മത്സ്യങ്ങളെത്തിക്കുന്ന ലോറികളിലും ഐസ് ഫാക്ടറികളിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കീഴിലെ ക്വിക് റെസ്പോണ്‍സ് ടീമാണ് മൂന്ന് മാസം മുന്‍പ് പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."